വിവേകമുള്ള ഒരുത്തനും നിങ്ങളുടെ കൂട്ടത്തിലില്ലേ?
പി.എന്‍. അബ്ദുല്ലത്വീഫ് മദനി
2018 ദുല്‍ക്വഅദ 15 1439 ജൂലായ് 28
ഇന്ത്യയുടെ പരമോന്നത കോടതിയില്‍ ഇപ്പോള്‍ നടന്നുവരുന്ന സംവാദം സ്വവര്‍ഗ വിവാഹവും അതിലേര്‍പെടുന്നവരുടെ ഭരണഘടനാപരമായ മൗലികാവകാശവും സംബന്ധിച്ചാണ്! ഇന്ത്യാരാജ്യത്തിന്റെ സാംസ്‌കാരികവും ധാര്‍മികവുമായ പാരമ്പര്യത്തിന്നൊരു പൊളിച്ചെഴുത്ത് സാധ്യമാകുമോ എന്നാണ് നീതിപീഠം പരിശോധിക്കുന്നത്. മനുഷ്യവര്‍ഗത്തിന്റെ വംശവളര്‍ച്ചയെ സാരമായി ബാധിക്കുന്ന ഈ പ്രകൃതിവിരുദ്ധ വികൃതിയെ നിയമത്തിന്റെ മാലകെട്ടി സംരക്ഷിച്ചാലുണ്ടാകുന്ന ഭവിഷ്യത്തിനെക്കുറിച്ച് ഇവിടത്തെ നിയമവിശാരദരും രാഷ്ട്രിയ രംഗത്തുള്ളവരും സാമൂഹ്യശാസ്ത്രജ്ഞരും സര്‍വോപരി വിവിധ മതങ്ങളുടെ പണ്ഡിതരും പര്യാലോചിക്കേണ്ടതുണ്ട്.
2001ല്‍ ഹോളണ്ടിലാണ് ലോകത്താദ്യമായി സ്വവര്‍ഗ വിവാഹം നിയമപരമാക്കിയത്. ആനുകാലിക കണക്കുകള്‍ പരിശോധിച്ചാല്‍ ലോകത്ത് ഇരുപത്തിയഞ്ചോളം രാജ്യങ്ങളില്‍ സ്വന്തം വര്‍ഗത്തില്‍പെട്ടവരെ വിവാഹം ചെയ്യാന്‍ നിയമത്തിന്റെ പരിരക്ഷ നല്‍കിയതായി കാണാം. ഇതിലധികവും യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളാണ്. സ്വവര്‍ഗ വിവാഹത്തെ ന്യായീകരിച്ചുകൊണ്ടുള്ള നിരവധി വിതണ്ഡ വാദങ്ങള്‍ ബന്ധപ്പെട്ടവര്‍ നിരത്തിവെക്കുന്നുണ്ടെങ്കിലും ജീവശാസ്ത്ര സത്യങ്ങളും മതപ്രമാണങ്ങളും അതിനെ കഠിനമായി വിലക്കുന്നു.
ഇസ്‌ലാം സ്വവര്‍ഗരതിയെ കാണുന്നത് കടുത്ത അപരാധമായിട്ടാണ്. ഒരുവേള വ്യഭിചാരത്തെക്കാള്‍ ഗൗരവമേറിയ കുറ്റമായി അത് കണക്കാക്കപ്പെടുന്നു. മാനവ സമൂഹത്തിനഖിലം മാര്‍ഗദര്‍ശനമായി അവതരിപ്പിക്കപ്പെട്ട വിശുദ്ധ ക്വുര്‍ആന്‍ ഒരു കടുത്ത പാതകമായിട്ടാണ് സ്വര്‍ഗരതിയെ എടുത്തുകാണിക്കുന്നത്. പ്രവാചകന്‍ ലൂത്വി(അ)ന്റെ സ്വവര്‍ഗാനുരാഗികളായ ജനത നിവസിച്ച ഒരു രാജ്യം തന്നെ കീഴ്‌മേല്‍ മറിക്കപ്പെടുകയും ചരല്‍ മഴയാല്‍ ആ ജനതയൊന്നടങ്കം നശിപ്പിക്കപ്പെടുകയും ചെയ്തത് ചരിത്രത്തിലെ ഒരനിഷേധ്യ സത്യമായി നിലനില്‍ക്കുന്നു. പൂര്‍വ വേദങ്ങളിലും ഈ സംഭവം പരാമാര്‍ശിക്കപ്പെട്ടിട്ടുണ്ട്. എതിര്‍ ലിംഗത്തിലുള്ളവരെ നിയമപരമായി വിവാഹം ചെയ്യുവാന്‍ നിര്‍ലോഭം അവസരമുണ്ടായിട്ടും കാമശമനത്തിന്ന് പുരുഷന്മാര്‍ പുരുഷന്മാരുടെ പിറകെയോടിയ വൈകൃതമാണ് അവിടെ കഴിച്ചുമൂടപ്പെട്ടത്. തന്റെ വീട്ടില്‍ സന്ദേശവാഹകരായെത്തിയ പുരുഷവേഷത്തിലുള്ള അതിഥികളെ കാമവെറിയന്മാര്‍ കടന്നാക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രവാചകന്‍ ലൂത്വ്(അ) ചോദിച്ച ചോദ്യം ഇന്നും ഏറെ പ്രസക്തിയുള്ളതാണ്: ''നിങ്ങളില്‍ വിവേകമുള്ള ഒരു പുരുഷനുമില്ലേ.''
മനുഷ്യപ്രകൃതിയോടും സര്‍വാംഗീകൃത ധാര്‍മിക, കുടുംബ നിയമക്രമങ്ങളോടും ഒരു നിലയ്ക്കും യോജിക്കാത്ത ഒരു ദുഷ്‌കൃത്യമായിട്ടാണ് ഇസ്‌ലാം ഇതിനെ വീക്ഷിക്കുന്നത്. ഈ ദുഷ്‌കൃത്യത്തിന്റെ പ്രത്യാഘാതം സമൂഹത്തില്‍ സൃഷ്ടിക്കുന്ന അരാചകത്വത്തെ കണക്കിലെടുത്ത് ഇതിന് കടുത്ത ശിക്ഷയാണ് ഇസ്‌ലാം നിഷ്‌കര്‍ഷിച്ചിട്ടുള്ളത്.
മനുഷ്യ നന്മയില്‍ താല്‍പര്യമുള്ളവരെല്ലാം നിസ്സംഗത വെടിഞ്ഞ് സ്വവര്‍ഗ വിവാഹമെന്ന കുറ്റകൃത്യത്തിന്ന് നിയമപരിരക്ഷ നല്‍കാനുള്ള നീക്കത്തിന്നെതിരെ ശബ്ദമുയര്‍ത്തേണ്ടിയിരിക്കുന്നു