ആരാണ് സാംസ്‌കാരിക നായകന്മാര്‍?
ഉസ്മാന്‍ പാലക്കാഴി
2018 മെയ് 05 1439 ശഅബാന്‍ 17
'ആരാണീ സാംസ്‌കാരിക നായകര്‍?' എന്ന മകളുടെ ചോദ്യമാണ് ഈ കുറിപ്പിന് വഴിയൊരുക്കിയത്. ആരാണ് സാംസ്‌കാരിക നായകര്‍? ഒരാള്‍ സാംസ്‌കാരിക നായകന്‍ എന്ന പദവിയിലെത്താന്‍ എന്ത് മാനദണ്ഡമാണുള്ളത്? ആരാണ് ഒരാളെ സാംസ്‌കാരിക നായകന്‍ എന്ന പദവിയിലേക്ക് കയറ്റിയിരുത്തുന്നത്? ഈ ചോദ്യങ്ങള്‍ക്ക് കൃത്യവും വ്യക്തവുമായ ഉത്തരം പറയുവാന്‍ കഴിയുന്ന ആരെങ്കിലുമുണ്ടാകുമെന്ന് തോന്നുന്നില്ല.
'വാചകമേള,' 'മറുമൊഴി,' 'കേട്ടതും കേള്‍ക്കേണ്ടതും' തുടങ്ങിയ പത്രത്താളുകളിലെ ഡയലോഗ് മേളകളില്‍ ഒരാളുടെ വാചകങ്ങള്‍ ഉള്‍പ്പെടുത്തിത്തുടങ്ങുമ്പോള്‍ അയാള്‍ സാംസ്‌കാരിക നായകനായി പരിഗണിക്കപ്പെട്ടു തുടങ്ങി എന്ന് മനസ്സിലാക്കാം എന്ന് മുമ്പൊരിക്കല്‍ സത്യമൂര്‍ത്തി എഴുതിയത് വായിച്ചതായി ഓര്‍ക്കുന്നു. ചാനലുകളിലെ അന്തിച്ചര്‍ച്ചകളില്‍ സ്ഥിരമായി പങ്കെടുക്കുവാന്‍ അവസരം കിട്ടുന്നവനാണ് സാംസ്‌കാരിക നായകന്‍ എന്നും അതല്ല സാംസ്‌കാരിക നായകന്‍ ആകുമ്പോഴാണ് ഒരാള്‍ക്ക് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നത് എന്നും പറയപ്പെടുന്നു.
സാഹിത്യം, സിനിമ, നാടകം, സംഗീതം, സാമൂഹ്യം, ചിത്രകല, സാമ്പത്തിക-രാഷ്ട്രീയ വിശകലനം തുടങ്ങിയ പല മേഖലകളിലെ നായകര്‍ ചേര്‍ന്നാണ് സാംസ്‌കാരിക നായകര്‍ എന്ന പൊതുഗ്രൂപ്പുണ്ടാകുന്നത്.
ഒരുകാര്യം ഉറപ്പ്. സാംസ്‌കാരിക നായകന്‍ പ്രതികരിക്കാന്‍ കഴിവുള്ളവനാകണം. എന്നു വിചാരിച്ച് പ്രതികരിക്കുന്നവരെല്ലാം സാംസ്‌കാരിക നായകരാകുമെന്ന് ആരും കരുതരുത്. ചിലപ്പോഴെല്ലാം സാംസ്‌കാരിക നായകര്‍ വല്ലാത്ത ടെന്‍ഷനില്‍ അകപ്പെടാറുണ്ട്; പ്രതികരണം എങ്ങനെയാവണം എന്ന് തീരുമാനിക്കാന്‍ കഴിയാത്തതിനാല്‍. ഒരു സംഭവത്തില്‍ എന്തുകൊണ്ട് പ്രതികരിച്ചില്ല എന്ന ചോദ്യത്തോടായിരിക്കും ചിലപ്പോള്‍ കൂടുതല്‍ പ്രതികരിക്കേണ്ടിവരുന്നത്!
പൊതുസമൂഹം ഏറെ ബഹുമാനിക്കുന്നവരാണ് ഈ വിഭാഗം. കാരണം നാടിനെയും നാട്ടുകാരെയും ദോഷകരമായി ബാധിക്കുന്ന വിഷയങ്ങളിലും പ്രമാദമാകുന്ന സംഭവങ്ങളിലും ഇവര്‍ ഇടപെടുകയും പ്രതികരിക്കുകയും ചെയ്യും. അതുവഴി ഭരണകൂടത്തിന്റെ ശ്രദ്ധ ആ വിഷയങ്ങളില്‍ പതിയുകയും ചെയ്യും.
സാംസ്‌കാരിക നായകര്‍ നാടിന്റെ പൊതു സ്വത്താണ് എന്നാണ് വയ്പ്. മതം, ജാതി, വര്‍ഗം, കക്ഷിരാഷ്ട്രീയം എന്നിവയ്‌ക്കെല്ലാം അതീതമായി അവര്‍ നാടിന്റെയും നാട്ടുകാരുടെയും പ്രശ്‌നങ്ങളില്‍ ഇടപെടണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. അങ്ങനെത്തന്നെയാണ് വേണ്ടതും. എന്നാല്‍ ഈയിടെയായി ഇവരില്‍ പലരും പല ഗൗരവമേറിയ സംഭവവികാസങ്ങളിലും കുറ്റകരമായ മൗനം അവലംബിക്കുന്നതായി കണ്ടുവരുന്നു. നിസ്സാരമായ പ്രശ്‌നങ്ങളില്‍ പ്രതികരിക്കുകയും ചെയ്യുന്നു. മതത്തിന്റെയും കക്ഷിരാഷ്ട്രീയത്തിന്റെയുമൊക്കെ അടിസ്ഥാനത്തില്‍ പക്ഷം ചേര്‍ന്ന് അന്തിച്ചര്‍ച്ചകളില്‍ വാചാലരാകുന്നു. ഇസ്‌ലാമിനെയും ഇസ്‌ലാമിക നിയമങ്ങളെയും മുസ്‌ലിംകളെയുമൊക്കെ വിമര്‍ശിച്ചുകൊണ്ടേയിരുന്നാലേ സാംസ്‌കാരികനായക പട്ടം തങ്ങളുടെ തലയില്‍ നിലനില്‍ക്കൂ എന്ന് വിചാരിക്കുന്ന ചിലരെങ്കിലും ഇല്ലാതെയില്ല.
മരണാനന്തരം കേരള പോലീസിലെ ചിലര്‍ ചുറ്റും നിന്ന് ആകാശത്തേക്ക് വെടിവെച്ച് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കപ്പെടുന്നത് സ്വപ്‌നം കാണുന്നവരോട് പറയാനുള്ളത് നീതിക്കും ന്യായത്തിനും വേണ്ടി രംഗത്തിറങ്ങി ജനമനസ്സുകളില്‍ ഇടംനേടുവാന്‍ ശ്രമിച്ചാല്‍ അതായിരിക്കും വലിയ ബഹുമതി എന്നാണ്.