അസഫന്‍ യാ ആസ്വിഫ...!

ഉസ്മാന്‍ പാലക്കാഴി

2018 ഏപ്രില്‍ 28 1439 ശഅബാന്‍ 10

ഡല്‍ഹിയില്‍ നിര്‍ഭയ (യഥാര്‍ഥ പേര് ഇതല്ല) എന്ന പെണ്‍കുട്ടി കൂട്ടമാനഭംഗത്തിന് ഇരയായതിനുശേഷം എത്രയോ പെണ്‍കുട്ടികളും വീട്ടമ്മമാരും വൃദ്ധകളുമൊക്കെ കൂട്ടമായും അല്ലാതെയും മാനഭംഗത്തിനിരയായിട്ടുണ്ട്. അവരില്‍ കൊല്ലപ്പെട്ടവരും അല്ലാത്തവരുമുണ്ട്. ഇങ്ങ് കേരളത്തിലെ സൗമ്യയും ജിഷയുമൊക്കെ നീണ്ട ലിസ്റ്റിലെ അംഗങ്ങളായി രേഖപ്പെട്ടുകിടക്കുന്നു.

ഉത്തര്‍പ്രദേശിലെ  ഉന്നാവോയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ പ്രതികളില്‍ ഒരു എം.എല്‍.എയും ഉണ്ട് എന്നതും കുട്ടിയുടെ പിതാവ് പ്രതികളുടെ പീഡനത്തിന്റെയും കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യിച്ച് പോലീസിനെക്കൊണ്ട് മര്‍ദിപ്പിച്ചതിന്റെയും ഫലമായി കൊല്ലപ്പെട്ടതും രാജ്യത്തിനുണ്ടാക്കിയ നാണക്കേട് ചെറുതല്ല. 

എന്നാല്‍ ജമ്മുവിലെ കത്‌വയില്‍ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട ആസ്വിഫ എന്ന പെണ്‍കുട്ടി  കൂടുതല്‍ വാര്‍ത്താ പ്രാധാന്യം നേടിയത് എന്തുകൊണ്ടാണ്? ലോകം മുഴുവന്‍ ഇതില്‍ ദുഃഖിക്കുകയും ആശങ്കപ്പെടുകയും ചെയ്തത് എന്തുകൊണ്ടാണ്? അവള്‍ കൊല്ലപ്പെട്ടത് നന്നായി എന്ന് അഭിപ്രായപ്പെടുന്ന മലയാളികളായ ചില സംഘപരിവാര്‍ ചിന്താഗതിക്കാര്‍ അവള്‍ മുസ്‌ലിമായതുകൊണ്ടാണ് വാര്‍ത്താ പ്രാധാന്യം നേടിയത് എന്നു പറഞ്ഞ് ഇതിന്റെ പേരിലും വര്‍ഗീയത പ്രചരിപ്പിക്കുവാന്‍ ശ്രമിച്ചത് സമൂഹമാധ്യമങ്ങളിലൂടെ നാം കണ്ടു. 

ആസ്വിഫ ലൈംഗികാതിക്രമത്തിന് ഇരയായതും കൊല്ലപ്പെട്ടതും അവളെ കണ്ടപ്പോള്‍ ചിലര്‍ക്ക് പെട്ടെന്നുണ്ടായ വികാരവിസ്‌ഫോടനത്തിന്റെ ഫലമായിട്ടല്ല. കേവലം എട്ടു വയസ്സായ അവളുടെ അംഗലാവണ്യം കണ്ട് മതിമറന്ന് ചെയ്തുപോയ അപരാധവുമല്ല. മറിച്ച് അവളെ പിച്ചിച്ചീന്തിയതിനു പിന്നില്‍ വ്യക്തവും കൃത്യവുമായ ഗൂഢാലോചനയും ലക്ഷ്യവുമുണ്ട്. അത് മുസ്‌ലിംകളായ ബക്കര്‍വാല വിഭാഗക്കാരെ അവര്‍ താമസിക്കുന്ന സ്ഥലത്തുനിന്ന് ആട്ടിപ്പായിക്കുക എന്നതാണ്. മുസ്‌ലിംകളെ പ്രദേശത്തുനിന്ന് തുടച്ചുനീക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രതികള്‍ തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. ഭീതിവിതച്ച് നേട്ടംകൊയ്യുക എന്നത് ഫാഷിസ്റ്റുകളുടെ തന്ത്രമാണ്. പിഞ്ചുമക്കളെ തൊട്ടാല്‍ മാതാപിതാക്കള്‍ക്ക് സഹിക്കില്ലല്ലോ. തങ്ങളുടെ മക്കളുടെ ഭാവിയെ കരുതി അവര്‍ നാടുവിടാന്‍ തയ്യാറാകും. ഇതുതന്നെയാണ് ഈ സംഭവത്തിന്റെ ഗൗരവമുയര്‍ത്തുന്നത്. മനസ്സാക്ഷി മരവിക്കാത്തവരെല്ലാം ജാതി മത രാഷ്ട്രീയ ഭേദമന്യെ ഇതിനെ അപലപിച്ചതും അതിനാലാണ്. 

'''ആ പെണ്‍കുട്ടിയുടെ സ്ഥാനത്ത് ഒരു ഹിന്ദു കുട്ടിയായിരുന്നെങ്കില്‍ എന്താകുമായിരുന്നു രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥ? ആ കൃത്യം ചെയ്തത് ഒരു റോഹിങ്ക്യക്കാരനോ കാശ്മീര്‍ താഴ്‌വരയില്‍നിന്നുള്ള ഒരാളോ ആയിരുന്നെങ്കില്‍ ഇങ്ങനെയാകുമായിരുന്നോ നമ്മുടെ പ്രതികരണം?'' രാജ്യത്തെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ രാജ്ദീപ് സര്‍ദേശായിയുടെ ഈ ചോദ്യത്തിനുള്ള ഉത്തരം മനസ്സില്‍ പതഞ്ഞുപൊങ്ങുകയാണ്. ''ഒരു മസ്ജിദില്‍ വെച്ച് ഒരു ഹിന്ദു കുട്ടി ഇങ്ങനെ ഇരയായി മാറിയിരുന്നങ്കില്‍ എന്തായിരിക്കും പ്രതികരണം?'' എന്ന് അനുബന്ധമായി ചോദിക്കട്ടെ. 

എങ്കില്‍ എത്ര പള്ളികള്‍ തകര്‍ക്കപ്പെട്ടിരിക്കും? എത്ര മുസ്‌ലിംകള്‍ കൊല്ലപ്പെട്ടിരിക്കും? എത്ര മുസ്‌ലിം സ്ത്രീകള്‍ മാനഭംഗത്തിനിരയായിട്ടുണ്ടാകും? കലാപത്തിന് കോപ്പുകൂട്ടുകയും കലാപമുണ്ടാക്കുവാന്‍ കാരണമുണ്ടാക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന 'സംഘപരിവാരം' ചോരച്ചാലുകള്‍ തീര്‍ക്കുമായിരുന്നില്ലേ? തെരുവില്‍ കലാപമുണ്ടാക്കിയാലേ ഹിന്ദുക്കള്‍ക്ക് നീതി ലഭിക്കുകയുള്ളൂ എന്ന് പ്രസംഗിച്ചുനടക്കുന്ന ടി.ജി.മോഹന്‍ദാസിനെ പോലുള്ളവര്‍ കേരളത്തെയും കലാപഭൂമിയാക്കുമായിരുന്നില്ലേ?

'ആസ്വിഫ' എന്ന അറബി പദത്തിന് കൊടുങ്കാറ്റ് എന്ന് അര്‍ഥമുണ്ട്; ആസിഫ എന്നതിന് ദുഃഖിക്കുന്നവള്‍ എന്നും. കൊടും ദു:ഖം സഹിച്ചും ലോകരെ ദുഃഖത്തിലാഴ്ത്തിയും അവള്‍ കടന്നു പോയി. തന്റെ മരണത്തിലൂടെ ആസ്വിഫ ഒരു കൊടുങ്കാറ്റായി മാറിയിട്ടുണ്ട്. കോടിക്കണക്കിന് മനുഷ്യര്‍ അവള്‍ക്കു വേണ്ടി പ്രതികരിച്ചു, പ്രതിഷേധിച്ചു, പ്രാര്‍ഥിച്ചു. പ്രതികള്‍ ശിക്ഷിക്കപ്പെടാന്‍ അവര്‍ ആഗ്രഹിക്കുന്നു. അവളുടെ ഘാതകര്‍ക്കെതിരെ നിയപരമായി പോരാടാന്‍ അവര്‍ തയ്യാറാണ്. അതിനല്ലേ അവര്‍ക്ക് കഴിയൂ. അസഫന്‍ (ദുഃഖിക്കുന്നു) യാ ആസ്വിഫ... അസഫന്‍... അസഫന്‍.