ആതിര എന്ന ജാതീയതയുടെ ഇര

ഉസ്മാന്‍ പാലക്കാഴി

2018 ഏപ്രില്‍ 07 1439 റജബ് 20

ഇതര ജാതിയില്‍ പെട്ട യുവാവുമായി വിവാഹിതയാകുവാന്‍ തീരുമാനിച്ച യുവതിയെ സ്വന്തം പിതാവ് നിഷ്‌കരുണം കുത്തിക്കൊന്നതിന്റെ ഞെട്ടിക്കുന്ന വാര്‍ത്തയുമായാണ് 2018 മാര്‍ച്ച് 23 ന്റെ പുലരി കടന്നുവന്നത്. അരീക്കോട് പത്തനാപുരം പൂവത്തിങ്ങല്‍ ആതിരയാണ് കൊടുംക്രൂരതയ്ക്ക് ഇരയായ ആ ഇരുപത്തിരണ്ടുകാരിയായ യുവതി. പ്രണയത്തിലായിരുന്ന യുവാവുമായി യുവതിയുടെ വിവാഹം വെള്ളിയാഴ്ച നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണി നേരത്ത് മകളുമായി വാക്തര്‍ക്കത്തിലായ പിതാവ് രാജന്‍ അക്രമാസക്തനാവുകയും ഭയന്നുവിറച്ച് അയല്‍വീട്ടില്‍ ചെന്ന് കട്ടിലിനടിയില്‍ അഭയം പ്രാപിച്ച മകളെ തിരഞ്ഞുപിടിച്ച് കുത്തിക്കൊല്ലുകയുമായിരുന്നു. 

വടക്കേ ഇന്ത്യയില്‍ നിന്ന് ഇടയ്ക്കിടെ ഇത്തരത്തിലുള്ള ദുരഭിമാനക്കൊലകളുടെ വാര്‍ത്തകള്‍ പുറത്തുവരാറുണ്ട്. എന്നാല്‍ അത് കേരളത്തിലേക്കും അരിച്ചെത്തിയിരിക്കുന്നു എന്ന് ഈ സംഭവം വ്യക്തമാക്കുന്നു. സ്വന്തം ജനയിതാവു തന്നെ വൈവാഹിക ജീവിതം സ്വപ്‌നം കണ്ടിരിക്കുന്ന മകളെ അവള്‍ തെരഞ്ഞെടുത്ത വരന്‍ അന്യജാതിയില്‍ (അന്യമതത്തില്‍ പോലുമല്ല) പെട്ടവനായി എന്ന കാരണത്താല്‍ കുത്തിക്കൊന്ന വാര്‍ത്ത കേട്ടിട്ട് കേരളത്തിലെ സാംസ്‌കാരിക നായകരായി അറിയപ്പെടുന്നവരോ സാഹിത്യകാരന്‍മാരോ പ്രതികരിച്ചതായി കണ്ടില്ല. 

എന്നാല്‍ ഒരു അധ്യാപകന്‍ സ്ത്രീ സമൂഹത്തോട് ഗുണകാംക്ഷയോടെ മാന്യമായി വസ്ത്രം ധരിക്കാന്‍ പറഞ്ഞതിന്റെ പേരില്‍ അദ്ദേഹത്തിന്റെ ഒരു ഉപമയെ ഉയര്‍ത്തിക്കാട്ടി ഒരു വത്തക്കയുടെ കഷ്ണവുമായി അന്തിച്ചര്‍ച്ചകള്‍ നടത്താന്‍ ചാനലുകള്‍ മത്സരിക്കുകയായിരുന്നു. ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ എരിവുള്ള തലക്കെട്ടില്‍ മസാല വിളമ്പുകയായിരുന്നു. ഫെമിനിസ്റ്റുകള്‍ തങ്ങള്‍ മാറു തുറക്കും, ട്രൗസറും ലെഗിന്‍സും ധരിക്കും, അതിനെ എതിര്‍ക്കാന്‍ നീയാരാ ജൗഹറേ എന്ന്  മൈക്കിനുമുന്നില്‍ നിന്ന് അമറുകയും വിപ്ലവവീര്യം കൂടിയ യുവതീ യുവാക്കള്‍ കിടിലന്‍ മുദ്രാവാക്യങ്ങളുയര്‍ത്തി വമ്പന്‍ പ്രതിഷേധപ്രകടനം നടത്തുകയും ചെയ്തു. സ്ത്രീസമൂഹത്തെ അപമാനിച്ചു എന്ന് പറഞ്ഞ് കേസ് കൊടുക്കാനും ഒരു പെണ്‍കുട്ടി രംഗത്തുവന്നു. 

എന്നാല്‍ 22 വയസ്സുള്ള നിരപരാധിയായ ഒരു പെണ്‍കുട്ടി നിര്‍ദയം കൊല്ലപ്പെട്ടിട്ട് വിപ്ലവ യുവത്വത്തിന്റെ ചോര തിളച്ചില്ല. പെണ്‍വര്‍ഗത്തിന്റെ പേരില്‍ പെരുമ നടിക്കുന്ന കൊച്ചമ്മമാര്‍ മൈക്കിനു മുന്നില്‍വന്ന് കണ്ണീരൊഴുക്കിയില്ല. തികച്ചും ജാതി ഭ്രാന്തിനാല്‍ നടന്ന കൊലപാതകമാണെന്നറിഞ്ഞിട്ടും ഇനി നാട്ടില്‍ അതാവര്‍ത്തിക്കാതിരിക്കാനായി എന്തുകൊണ്ട് ഇവരൊന്നും പ്രതികരിക്കുന്നില്ല? അമിതമദ്യപാനത്താല്‍ ചെയ്തതാണെന്നു പറഞ്ഞ് കുറ്റം മദ്യത്തില്‍ ചാര്‍ത്തി കൊന്ന അച്ഛന്റെ കുറ്റത്തെ മയപ്പെടുത്തി രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തുവാന്‍ മാധ്യമങ്ങള്‍ പോലും ഉദ്യമിക്കുന്നത് എന്തുകൊണ്ട്? സമൂഹ മാധ്യമങ്ങളിലൂടെ, ആ അച്ഛന്‍ ധീരമായ പ്രവര്‍ത്തനമാണ് നടത്തിയത്, അത് ചെയ്യേണ്ടത് തന്നെയായിരുന്നു എന്ന് അഭിപ്രായപ്പെടുന്നവരുടെ മനസ്സുകളെ ഭരിക്കുന്ന ജാതിഭ്രാന്തിന്റെ ആഴം സൂചിപ്പിക്കുന്നത് സാംസ്‌കാരിക കേരളത്തെ ബാധിച്ചുകൊണ്ടിരിക്കുന്ന മരുന്നില്ലാത്ത അര്‍ബുദ രോഗത്തെയല്ലേ?

നവോത്ഥാന മുന്നേറ്റങ്ങളിലൂടെ ജാതിയുടെ പേരിലുള്ള ഉച്ചനീചത്വം അവസാനിച്ചു എന്ന് അഭിമാനിക്കുന്ന കേരളത്തിലും പ്രഛന്നമായി ജാതിവിവേചനം നിലനില്‍ക്കുന്നു എന്നതിന് തെളിവായ സംഭവങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്ന് ചുരുക്കം. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലെ ചേര്‍മല പറയക്കോളനിയിലെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന വെല്‍ഫയര്‍ സ്‌കൂളില്‍ മറ്റു ജാതിയില്‍ പെട്ട സമീപസ്ഥര്‍ കുട്ടികളെ അയച്ചു പഠിപ്പിക്കാന്‍ തയ്യാറാകാത്ത കാര്യം മുമ്പ് വാര്‍ത്തയായിരുന്നു. കോഴിക്കോട് തന്നെ ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ പട്ടികജാതി വിഭാത്തിന് മാത്രമായി തൊഴില്‍ ഗ്രൂപ്പ് ഉണ്ടാക്കുകയും അവര്‍ മറ്റു തൊഴിലാളികളുമായി ചേര്‍ന്നുള്ള തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങളില്‍ പണിയെടുക്കേണ്ടതില്ല എന്ന് അധികൃതര്‍ നിര്‍ദശിച്ചതായുമുള്ള സംഭവവും മുമ്പ് കഴിഞ്ഞുപോയിട്ടുണ്ട്. നവോത്ഥാനചിന്തയുടെ പേരില്‍ അഭിമാനം കൊള്ളുന്ന ഏതൊരു മലയാളിയും ലജ്ജിച്ചു തലതാഴ്ത്തുന്ന രീതിയില്‍ ജാതിചിന്തയുടെ നാമ്പുകള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുമ്പോഴും നമുക്ക് മാറ് തുറന്നിട്ടു നടക്കാനുള്ള ചര്‍ച്ചകളില്‍ അഭിരമിച്ചുകൊണ്ടിരിക്കാം.