ഫാറൂഖ് കോളേജിനെന്താ കൊമ്പുണ്ടോ?

ഡോ. സി.എം സാബിര്‍ നവാസ്

2018 മാര്‍ച്ച് 31 1439 റജബ് 13

വീണ്ടും ഒരു ഇടവേളക്കു ശേഷം തെന്നിന്ത്യയിലെ അലിഗഢ് എന്ന് അറിയപ്പെടുന്ന ഫാറൂഖ് കോളേജ് വിവാദച്ചുഴിയില്‍ അകപ്പെട്ടിരിക്കുന്നു. കളര്‍പൊടി വാരിപ്പൊത്തി 'ചായം പൂശാന്‍' ഒരുങ്ങിയ ചില കുട്ടികളെ സാറന്മാര്‍ പിടിച്ചു പൂശി എന്നതാണ് ഇത്തവണ പ്രശ്‌നത്തിന്റെ തുടക്കം. സംഭവം മുസ്‌ലിം മാനേജ്‌മെന്റ് സ്ഥാപനത്തിലാണെങ്കില്‍ പിന്നെ പറയേണ്ട! സാധാരണ കേള്‍ക്കാറുള്ള താലിബാനിസം, സദാചാര ഗുണ്ടായിസം, സ്വാതന്ത്ര്യനിഷേധം തുടങ്ങി തേഞ്ഞുതുടങ്ങിയ ക്ലീഷേകളുമായി മുദ്രാവാക്യ തൊഴിലാളികള്‍ ഫാറൂഖ് ക്യാമ്പസിന്റെ മുറ്റത്ത് വരിവരിയായി നെറ്റിപ്പട്ടം കെട്ടി അണിനിരന്നിരിക്കും. അക്കാദമിക നിലവാരത്തിലും കലാസാഹിത്യ രംഗത്തും എന്നും ഉയര്‍ന്നുനില്‍ക്കുന്ന സ്ഥാപനത്തെയും മാനേജ്‌മെന്റിനെയും കരിവാരിത്തേച്ചുള്ള അസ്ത്രവര്‍ഷം അഭംഗുരം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു എന്ന് ചുരുക്കം.

അതിനിടയില്‍ എവിടെയോ നിന്ന് പ്രശ്‌നവുമായി നേരിട്ടൊരു ബന്ധവുമില്ലാത്ത ഒരു കഷ്ണം വത്തക്കയുമായി ചിലര്‍ 'വിവാദക്കൃഷി' ഊര്‍ജിതമാക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുന്നുണ്ട്. വിദ്യാര്‍ഥികള്‍ അകപ്പെടുന്ന ചതിക്കുഴികളെക്കുറിച്ച് ആഴ്ചകള്‍ക്കു മുമ്പ് കാതങ്ങള്‍ക്കകലെ വെച്ച് ഫാറൂഖ് ട്രെയ്‌നിംഗ് കോളേജ് അസി.പ്രൊഫസര്‍ ഡോ. ജൗഹര്‍ മുനവ്വര്‍ കുടുംബ ക്ലാസില്‍ നടത്തിയ പരാമര്‍ശമേറ്റുപിടിച്ച് റേറ്റിംഗ് ക്ഷാമം അലട്ടിയിരുന്ന ഒരു ഓണ്‍ലൈന്‍ മഞ്ഞപ്പത്രമെടുത്തിട്ട ചൂണ്ടലില്‍ കൊത്തി, മതത്തിന്റെ മേല്‍ക്കൂരയില്‍ കയറി നാലുവട്ടം ഓരിയിട്ട് മതേതര മുഖം മിനുക്കുവാനുള്ള തത്രപ്പാടിലാണ് ചില ഇസ്തിരി ജന്മങ്ങള്‍.

ഹാദിയ എന്ന ഇരുപത്തിനാലുകാരിയെ പോലീസ് ഏമാന്മാരുടെ ഒത്താശയോടെ വീട്ടുതടങ്കലില്‍വെച്ച സമയത്ത് ഇവര്‍ ഏത് മാളത്തിലായിരുന്നു ഒളിച്ചിരുന്നത്? തൃപ്പൂണിത്തുറയിലെ യോഗ കേന്ദ്രത്തില്‍ പ്രായപൂര്‍ത്തിയായവരും അല്ലാത്തവരുമായ പെണ്‍കുട്ടികളുമായി മനോജ് ഗുരുജി ലീലാവിലാസങ്ങള്‍ നടത്തുന്ന സമയത്ത് ഈ മതേതര ആങ്ങളമാര്‍ ഏത് മലമടക്കിലാണാവോ മൗനം ഉപാസിച്ച് കഴിച്ചുകൂട്ടിയിരുന്നത്!

സമരസഖാക്കളുടെ മൂക്കിനു താഴെ, ദിനേശ് ബീഡിയും കട്ടന്‍ചായയും സുലഭമായി ലഭിക്കുന്ന കണ്ണൂര്‍ നിഫ്റ്റ് കാമ്പസില്‍ സുരക്ഷിതമായി ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി ഒരുപറ്റം പെണ്‍കുട്ടികള്‍ സമരരംഗത്ത് നിലയുറപ്പിച്ചിട്ട് നാളുകളേറെയായി. മുസ്‌ലിം മാനേജ്‌മെന്റിന്റെ കാമ്പസിനു മുമ്പില്‍ കാണുന്ന സമരവീര്യമൊന്നും മറ്റിടങ്ങളില്‍ കാണാതെ പോകുന്നത് നോക്കുന്നവരുടെ കാഴ്ചശേഷി കുറഞ്ഞതുകൊണ്ടാണോ? ഇത്തരം ഇടങ്ങളില്‍ സമരം സമരസപ്പെടലായി മാറുന്നതിന്റെ സമവാക്യമായി മതം വര്‍ത്തിക്കുന്നതിന്റെ ഗുട്ടന്‍സ് ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല.

മാതൃകാപരമായ നിലയില്‍ അക്കാദമിക പ്രതിബദ്ധതയുള്ള മാനേജ്‌മെന്റിനു കീഴില്‍ നടന്നുവരുന്ന ഫാറൂഖ് കോളേജിനോടുള്ള കലിപ്പ് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. 2015 ഒക്‌ടോബര്‍ മാസത്തില്‍ പെണ്‍കുട്ടികളുടെ കൂടെ ബെഞ്ച് പങ്കിട്ടാല്‍ മാത്രമെ ആസനമുറക്കുകയുള്ളൂ എന്ന് ശഠിച്ച ഒരു വിദ്യാര്‍ഥിയെ അതിനായുള്ള 'സ്വാതന്ത്ര്യദാഹം' കൊണ്ട് വീര്‍പ്പുമുട്ടിയ സമയത്ത് പ്രിന്‍സിപ്പാള്‍ പൊക്കി പുറത്തിട്ടപ്പോഴാണ് ഈ സമരത്തൊഴിലാളികളെ അന്ന് ആ വഴിക്ക് കണ്ടത്.

ഫാറൂഖ് കോളേജിനെ മൂക്കില്‍വലിച്ച് കളയാന്‍ തയ്യാറായി പോരിനുവന്ന ചേകവന്‍മാര്‍ പഴയ സഞ്ചിയും പൊക്കണവും എടുത്ത് അടുത്ത അങ്കത്തിനുള്ള പുറപ്പാടിലാണ്. മാധ്യമപ്പടയും മതേതരമെന്ന് അവകാശപ്പെടുന്ന മുന്നണിയും സംഘ്പരിവാര്‍ പ്രഭൃതികളും രാപ്പകല്‍ കഠിനാധ്വാനം ചെയ്ത് സമരമുറകള്‍ തികയാതെ വന്നപ്പോള്‍ പായും ചുരുട്ടി വീട്ടിലേക്ക് മടങ്ങിയതിന്റെ കഥ മനസ്സില്‍ തികട്ടിവരുന്നത് സ്വാഭാവികം മാത്രം.

ഇത് അബുസ്സ്വബാഹിന്റെ മണ്ണാണ്. ക്രാന്തദര്‍ശിയായ വിമോചന നായകന്റെ കളിത്തട്ട്. സമുദായനേതാക്കളായ കെ.എം സീതി സാഹിബും കെ.എം മൗലവിയും ഒരു ജനതതിയുടെ മോചനം വിദ്യാഭ്യാസത്തിലൂടെ എന്ന് മനസ്സിലാക്കി അതിനെക്കുറിച്ചുള്ള സ്വപ്‌നം കൊണ്ടുനടന്നിരുന്ന കാലത്ത് പണിതുയര്‍ത്തിയ വിജ്ഞാനസൗധം. 1948ല്‍ സ്ഥാപിതമായ കോളേജ് മികവിന്റെ കേന്ദ്രമായി യു.ജി.സി അംഗീകരിച്ചിട്ടുണ്ട്. 2002ല്‍ യു.ജി.സി നാക് അംഗീകാരമായ ഫൈവ് സ്റ്റാര്‍ പദവിയും 2016ല്‍ എ പ്ലസ് പദവിയും നേടി വിദ്യാഭ്യാസ വിപ്ലവത്തിന്റെ മുന്നില്‍ നടക്കുന്ന സ്ഥാപനം. ജാതി മത ഭേദങ്ങള്‍ക്കതീതമായി അനേകം വിദ്യാര്‍ഥികള്‍ പഠിച്ചിറങ്ങിയ അറിവിന്‍ മലര്‍വാടി. ഈ പ്രകാശം ഊതിക്കെടുത്താനാഗ്രഹിക്കുന്നവര്‍ഇരുട്ടില്‍ അകപ്പെട്ടുപോകുമെന്നല്ലാെത ഇവിടെ ഒന്നു സംഭവിക്കാന്‍ പോകുന്നില്ല.