നല്ല കുടുംബം

അബൂ ഫായിദ

2018 മെയ് 12 1439 ശഅബാന്‍ 26
അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം. നബിﷺ  പറഞ്ഞു: ''വിശ്വാസികളില്‍ വിശ്വാസം പൂര്‍ത്തിയായവനും ഏറ്റവും നല്ല സല്‍സ്വഭാവിയും ഏറ്റവും ഉത്തമനും തങ്ങളുടെ ഭാര്യമാരോട് നല്ലനിലയില്‍ വര്‍ത്തിക്കുന്നവനാണ്'' (തുര്‍മുദി)

തങ്ങളുടെ ദാമ്പത്യജീവിതം സന്തോഷകരമായിത്തീരണമെന്ന് ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. എന്നിട്ടും പലരുടെയും ദാമ്പത്യജീവിതം ദുസ്സഹവും കലഹങ്ങള്‍ നിറഞ്ഞതുമായിത്തീരുന്നു. ഭാര്യ ഭര്‍ത്താവിനെയും ഭര്‍ത്താവ് ഭാര്യയെയും കൊലചെയ്ത വാര്‍ത്തകള്‍ പത്രങ്ങളില്‍ പതിവ് വാര്‍ത്തയായി പ്രത്യക്ഷപ്പെടുന്നു. മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെടുന്ന ഭാര്യമാരുടെ എണ്ണം അനുദിനം കൂടിക്കൊണ്ടിരിക്കുന്നു. വിവാഹമോചനം നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. 

ദമ്പതികളുടെ പരസ്പര സഹകരണവും വിശ്വാസവുമാണ് ഒരു നല്ല കുടുംബത്തിന്റെ അടിത്തറ. അതിന്റെ അഭാവത്തില്‍ പ്രശ്‌നങ്ങള്‍ ഉത്ഭവിക്കുക സ്വാഭാവികം. എങ്ങനെ ഒരു നല്ല ഭര്‍ത്താവാകാം? എങ്ങനെ ഒരു നല്ല ഭാര്യയാകാം? ഇസ്‌ലാം വളരെ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഈ രംഗത്ത് നല്‍കുന്നുണ്ട്. ഒരു നല്ല മനുഷ്യനായിത്തീരണമെങ്കില്‍ നല്ല ഭര്‍ത്താവായിത്തീരണമെന്ന് മുകളില്‍ കൊടുത്ത നബിവചനം മനസ്സിലാക്കിത്തരുന്നു.

സമൂഹ മധ്യെ മാന്യരും നല്ലവരുമായി അറിയപ്പെടുന്ന പലരും സ്വന്തം ഭാര്യമാരുടെയടുക്കല്‍ ചെന്നാല്‍ ക്രൂരരും മനുഷ്യത്വമില്ലാത്തവരുമായിരിക്കും. മാന്യതയുടെ മുഖംമൂടിയണിഞ്ഞവര്‍. സ്വന്തം ഭാര്യയോട് മാന്യമായി പെരുമാറാന്‍ കഴിയാത്തവന്റെ സമൂഹമധ്യത്തിലുള്ള മാന്യതയ്ക്കും സല്‍പേരിനും എന്തുവില?

''നിങ്ങള്‍ അവരോട് നല്ല നിലയില്‍ പെരുമാറുക'' എന്ന ഭര്‍ത്താക്കന്മാരോടുള്ള ക്വുര്‍ആനിന്റെ കല്‍പനയും (4:129) ''സ്ത്രീ വാരിയെല്ലുപോലെയാണ്, ബലം പ്രയോഗിച്ച് നീ അവളെ നേരെയാക്കാനുദ്ദേശിക്കുന്നപക്ഷം പൊട്ടിക്കേണ്ടിവരും'' എന്ന് തുടങ്ങുന്ന നബിവചനവും വിശ്വാസികളായ എല്ലാ ഭര്‍ത്താക്കന്മാരും ശ്രദ്ധിക്കേണ്ടതാണ്. 

സ്ത്രീ ഏറെ ക്ഷമിക്കുന്നവളാണെങ്കിലും പല വിഷയങ്ങളിലും അക്ഷമയും മുന്‍കോപവും അശ്രദ്ധയും മറ്റ് കൊച്ചുകൊച്ചു അപാകതകളും സ്ത്രീസഹജമായി അവളില്‍ കണ്ടേക്കാം. അതെല്ലാം പൂര്‍ണമായി മാറ്റിയെടുത്ത് താന്‍ ഇഷ്ടപ്പെടാത്ത ഒരു സ്വഭാവവും ഇല്ലാത്തവളായി തന്റെ ഭാര്യയെ മാറ്റാമെന്നുള്ളത് വെറും വ്യാമോഹമാണ്. അതിനുശ്രമിച്ചാല്‍ ബന്ധം തകര്‍ന്നുപോവുകയായിരിക്കും ഫലം. നബിﷺ പറഞ്ഞു: ''ഒരു സത്യവിശ്വാസി തന്റെ ഇണയെ വെറുക്കരുത്. അവളില്‍ ഒരു സ്വഭാവത്തെ അവന്‍ വെറുക്കുന്നുവെങ്കില്‍ മറ്റൊരു സ്വഭാവത്തെ തൃപ്തിപ്പെട്ടേക്കാം''.

തന്റെ ചരിത്ര പ്രധാനമായ വിടവാങ്ങല്‍ പ്രസംഗത്തില്‍ നബിﷺ സ്ത്രീകളെ സംബന്ധിച്ച് ഇപ്രകാരം പറഞ്ഞു:

 ''അറിയുക, സ്ത്രീകളെ സംബന്ധിച്ച് നന്മ നിങ്ങള്‍ വസ്വിയ്യത്ത് ചെയ്യണം. അവര്‍ നിങ്ങളുടെ അടുക്കല്‍ ഏല്‍പിക്കപ്പെട്ട അമാനത്താണ് (സൂക്ഷിപ്പ് സ്വത്ത്). മറ്റൊരധികാരവും നിങ്ങള്‍ക്കില്ല. വ്യക്തമായ അസാന്മാര്‍ഗിക നടപടി അവര്‍ ചെയ്താലല്ലാതെ, അത് അവര്‍ ചെയ്താല്‍ (പോലും വിവാഹ മോചനം ചെയ്യാതെ) കിടപ്പറയില്‍നിന്ന് നിങ്ങളവരെ വെടിയുകയും പരുക്കേല്‍പിക്കാതെ അടിക്കുകയും ചെയ്യുക. അപ്പോള്‍ അവര്‍ നിങ്ങള്‍ക്ക് വഴിപ്പെട്ടാല്‍ പിന്നീട് അവര്‍ക്കെതിരില്‍ മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കരുത്. അറിയുക. നിശ്ചയം നിങ്ങള്‍ക്ക് നിങ്ങളുടെ ഭാര്യമാരില്‍നിന്നും ഭാര്യമാര്‍ക്ക് നിങ്ങളില്‍നിന്നും ചില അവകാശങ്ങള്‍ ഉണ്ട്. അവരില്‍നിന്ന് നിങ്ങള്‍ക്ക് ലഭിക്കുവാനുള്ള അവകാശം നിങ്ങളുടെ വിരിപ്പ് നിങ്ങള്‍ ഇഷ്ടപ്പെടാത്തവരെ കൊണ്ട് ചവിട്ടിക്കാതിരിക്കുകയും നിങ്ങളുടെ ഭവനങ്ങളിലേക്ക് നിങ്ങള്‍ ഇഷ്ടപ്പെടാത്തവരെ പ്രവേശിപ്പിക്കാതിരിക്കുകയും ചെയ്യലാണ്. അറിയുക; നിങ്ങളില്‍നിന്ന് അവര്‍ക്ക് ലഭിക്കുവാനുള്ള അവകാശങ്ങള്‍ വസ്ത്രത്തിലും ഭക്ഷണത്തിലും മറ്റും അവര്‍ക്ക് നന്മ ചെയ്യലാണ്.'' (തുര്‍മുദി 1163).

അതെ, ഭാര്യയും ഭര്‍ത്താവും അവനവന്റെ കടമകളും കടപ്പാടുകളും മനസ്സിലാക്കി പരസ്പരം വിശ്വസിച്ചും സഹകരിച്ചും ക്ഷമിച്ചും വിട്ടുവീഴ്ച ചെയ്തും സുഖദുഃഖങ്ങള്‍ പങ്കുവെച്ചുമാണ് ജീവിക്കേണ്ടത്. അതാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.