മുലപ്പാലിന്റെ മധുരമറിയാത്തവര്‍
ഡോ. സി.എം സാബിര്‍ നവാസ്
2018 മാര്‍ച്ച് 17 1439 ജുമാദില്‍ ആഖിറ 29
പോയ വാരത്തിലെ ഒരു പെണ്‍വാരികയിലെ പുറംചട്ടയാണ് ചര്‍ച്ച. അമ്മിഞ്ഞപ്പാലിന്റെ മഹത്വവും മാതൃത്വത്തിന്റെ മധുരവുമറിയാത്ത ഒരു സഹോദരി തുണിയുരിഞ്ഞ് തുറിച്ച് നോക്കുന്നതിന്റെ ദുരന്തദൃശ്യമാണ് നൂറ്റാണ്ടുപ്രായമുള്ള മുത്തശ്ശിപ്പത്രം മലയാളികള്‍ക്കു മുമ്പില്‍ ഇത്തവണ വെച്ചുനീട്ടിയത്.
മാന്യതയില്ലാത്ത ചില മാനസികരോഗികള്‍ ഒളിഞ്ഞു നോക്കിയതിനും അസഭ്യം പറഞ്ഞതിനും അവരെ തിരുത്താനും നേര്‍വഴിക്ക് നടത്താനും ശീലിപ്പിക്കുന്നതിന് പകരം തുറിച്ച് നോക്കുന്നവര്‍ക്ക് നേരെ തുറന്നിട്ട് സമരം നടത്താന്‍ ഒരുമ്പെട്ടിരിക്കുകയാണ് മാസികയുടെ അണിയറ ശില്‍പികള്‍.
പണ്ടൊരിക്കല്‍ വെളിയില്‍ മലമൂത്ര വിസര്‍ജനം നടത്തികൊണ്ടിരിക്കെ പലഹാരം കഴിക്കുന്ന പീക്കിരിപ്പയ്യനെ അരുതെന്ന് വിലക്കിയ കാരണവരോട് വേണമെങ്കില്‍ ഞാന്‍ അപ്പം അപ്പിയില്‍ കുത്തിത്തിന്നും എന്ന് വെല്ലുവിളിച്ച വികാരശൂന്യതയാണ് ഈ പരസ്യപ്രചാരണത്തിന് പിന്നിലുള്ളത്.
വാടകക്കെടുത്തൊരു മോഡലിനെ മുന്നില്‍ നിര്‍ത്തി 'മറയില്ലാതെ മുലയൂട്ടാ'മെന്ന ശീര്‍ഷകത്തില്‍ ആരംഭിച്ചിട്ടുള്ള ഗൃഹലക്ഷ്മി ചര്‍ച്ച എല്ലാ അര്‍ഥത്തിലും മലയാളീസമൂഹത്തോട് വെല്ലുവിളിയാണ് എന്നുള്ളതാണ് യാഥാര്‍ഥ്യം.
പൊതുസ്ഥലങ്ങളില്‍ അമ്മിഞ്ഞ നല്‍കുമ്പോള്‍ അമ്മമാര്‍ അഭിമുഖീകരിച്ചിട്ടുള്ള അനുഭവങ്ങള്‍ വ്യത്യസ്ത ആംഗിളുകളില്‍ മുലയൂട്ടുന്ന ചിത്രങ്ങളോടൊപ്പം അയച്ചു കൊടുക്കണമെന്നുള്ളതാണ് പത്രാധിപ സമിതിയുടെ തിട്ടൂരം.
കോര്‍പ്പറേറ്റ് ഭീമന്മാര്‍ അടക്കി ഭരിക്കുന്ന മാധ്യമലോകത്ത് പിടിച്ച് നില്‍ക്കാന്‍ പുതിയ മാര്‍ക്കറ്റ് ഉടായിപ്പുകളുമായി രംഗം കയ്യടക്കുകയാണ് പഴയ 'മ' പ്രസിദ്ധീകരണങ്ങളുടെ പുതിയ പതിപ്പുകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമ മുതലാളിമാര്‍.
മലയാളികളൊക്കെ മഹാമാന്യന്മാരും സ്ത്രീകളെ ഉപദ്രവിക്കാത്തവരുമാണെന്നൊന്നും ആര്‍ക്കും അഭിപ്രായമുണ്ടാവാന്‍ തരമില്ല. സ്ത്രീകള്‍ക്ക് നേരെയുള്ള അനാദരവും അതിക്രമവും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണെന്ന കാര്യത്തിലും യാതൊരു സംശയവുമില്ല. തിന്മയെ പ്രതിരോധിക്കാന്‍ അതിനേക്കാള്‍ വലിയ തിന്മ പുറത്തെടുക്കുന്ന രീതി തീര്‍ത്തും വൃത്തികെട്ടതായിപ്പോയി എന്നതാണ് നമുക്ക് പറയാനുള്ളത്.
മാറ് മറക്കാന്‍ അനുവാദമില്ലാത്ത നാട്ടില്‍ നീണ്ട വര്‍ഷങ്ങള്‍ പൊരുതിനേടിയ സ്വാതന്ത്ര്യം കേവല കച്ചവട താല്‍പര്യങ്ങള്‍ക്ക് വേണ്ടി ബലികഴിക്കുന്നതിന്റെ വിരുദ്ധോക്തി ഏറെ വിസ്മയിപ്പിക്കുന്നതാണ്. നഗ്നത പ്രദര്‍ശിപ്പിക്കാനുള്ള സ്വാതന്ത്ര്യം പറഞ്ഞ് പറഞ്ഞ് അവസാനം നഗരങ്ങളിലും ഷോപ്പിംഗ് മാളുകളിലും പ്രത്യക്ഷപ്പെട്ടു തുടങ്ങിയ ഫീഡിംഗ് റൂമുകളാണ് സ്ത്രീ സ്വാതന്ത്ര്യത്തിന് നേരെയുള്ള ഏറ്റവും വലിയ കയ്യേറ്റം എന്നുവരെ പറഞ്ഞു വെക്കുന്നുണ്ട് പ്രസ്തുത ലേഖനം.
സ്ത്രീകളെ സൗന്ദര്യാസ്വാദനത്തിന്റെ ഉപാധികളായി മാത്രം പരിഗണിച്ച് തുറിച്ച് നോക്കുന്നതും, ഞൊണ്ടിന്യായങ്ങള്‍ പറഞ്ഞ് നഗ്നത തുറന്ന്കാട്ടുന്നതും ഒരുപോലെ എതിര്‍ക്കപ്പെടേണ്ടതുണ്ട്. പാശ്ചാത്യ രാജ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ഏതുമാലിന്യവും പരീക്ഷണം നടത്താനുള്ള രാസപരിശോധനാമുറിയായി കേരളം അധഃപതിക്കരുത്.
അല്ലാഹു പറയുന്നു: (നബിയേ,) നീ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ് അവര്‍ക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്.. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു. സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക് മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ...'' (24:30,31)
ഈ വിഷയത്തില്‍ നല്‍കിയിട്ടുള്ള അധ്യാപനങ്ങള്‍ പ്രവര്‍ത്തിപഥത്തില്‍ കൊണ്ടുവരികയാണ് നമ്മുടെ സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്കുള്ള ശാശ്വതപരിഹാരം.