ഭീഷണി നേരിടുന്ന വിഷജീവികള്‍
ഡോ. സി.എം സാബിര്‍ നവാസ്
2018 ഫെബ്രുവരി 03 1439 ജുമാദില്‍ ഊല 17
വര്‍ഗീയത വായുവും വെള്ളവുമായി സ്വീകരിച്ച് അത് വിസര്‍ജിച്ചും വിതരണം ചെയ്തും നാടിന്റെ അന്തരീക്ഷം വിഷലിപ്തമാക്കാന്‍ മാത്രമായി സമയം നീക്കി വെച്ച വിഷ ജീവികള്‍ സ്വന്തം പാളയത്തില്‍ നിന്ന് വധ ഭീഷണി നേരിടുന്ന വിധിവൈപരീത്യത്തിന്റെ വാര്‍ത്തയാണ് പോയ വാരം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത്.
വന്‍തോതിലുള്ള വെറുപ്പുല്‍പാദനത്തിന്റെ മൊത്തക്കുത്തക ഏറ്റെടുത്ത് രാജ്യത്തെ മുഴുവന്‍ വൈരാഗ്യത്തിന്റെയും വിദ്വേഷത്തിന്റെയും നെരിപ്പോടില്‍ തള്ളിവിട്ടവര്‍ സ്വജീവന്‍ രക്ഷിക്കാന്‍ വേണ്ടി നഴ്‌സറി കുട്ടികളെ പോലെ ചാനല്‍ മൈക്കുകള്‍ക്ക് മുമ്പില്‍ തേങ്ങുന്നത് കണ്ട് അന്തം വിട്ട് നില്‍ക്കുകയാണ് ജനം. വിശ്വഹിന്ദു പരിഷത്ത് ആഗോള അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയയാണ് താരം. സടയും കുടയും കൊഴിഞ്ഞ് അബോധാവസ്ഥയില്‍ വഴിയോരത്ത് നിന്ന് പോലീസ് കണ്ടെത്തിയ ശേഷം ആശുപത്രിയില്‍ നിന്ന് അവശ നിലയിലാണ് ലോകത്തോട് അദ്ദേഹം യാചിക്കുന്നത്. പഴയ പടക്കുതിരയുടെ പല്ലിന്റെ ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല എന്നാണ് മൂപ്പിലാന്റെ പരാതി.
ആരായിരുന്നു തൊഗാഡിയ എന്ന് നമുക്കെല്ലാം അറിയാം. ഒരു കാലത്ത് ലോകത്ത് ഹിന്ദുക്കള്‍ ഉള്ളിടത്തെല്ലാം ഓടി നടന്ന് വീര്യം കൂടിയ വര്‍ഗീയത വിളമ്പലായിരുന്നു പ്രധാന ജോലി. മുസ്‌ലിംകളുടെ ഡി.എന്‍.എ പരിശോധിച്ച് പാക്കിസ്ഥാനിലേക്ക് പാര്‍സല്‍ ചെയ്യണമെന്ന് ആക്രോശിക്കുന്നതില്‍ പുള്ളി ഏറെ മുന്‍പന്തിയിലായിരുന്നു.
പഠിച്ചത് ക്യാന്‍സര്‍ രോഗ ചികിത്സയാണെങ്കിലും ഡോ. പ്രവീണ്‍ തൊഗാഡിയ നാടു നീളെ പയറ്റിയത് വര്‍ഗീയതയാകുന്ന അര്‍ബുദം പ്രചരിപ്പിക്കലായിരുന്നു.
തൊഗാഡിയയുടെ പഞ്ചപുച്ഛമടക്കിയുള്ള പരിദേവനത്തിന് പുറമെ മറ്റൊരു ദീനരോദനം കര്‍ണാടകയില്‍ നിന്ന് പുറത്ത് വന്നിരിക്കുന്നു. ജൂനിയര്‍ തൊഗാഡിയയെന്നറിയപ്പെടുന്ന ശ്രീരാമസേന തലവന്‍ പ്രമോദ് മുത്തലിഖാണ് സങ്കട ഹരജിയുമായി രംഗത്തെത്തിയിട്ടുള്ളത്.
കന്നഡ ദേശത്തിന്റെ അകത്തും പുറത്തും വര്‍ഗീയത പരത്തലായിരുന്നു പുള്ളിക്കാരന്റെ പ്രധാന വിനോദം. ലൗ ജിഹാദ് എന്ന നുണ ബോംബ് പൊട്ടിച്ച് കൊണ്ടാണ് ഇയാള്‍ കുപ്രസിദ്ധി നേടിയത്. കമിതാക്കളെ കണ്ടേടത്ത് വെച്ച് കല്ലെറിഞ്ഞ് കൊല്ലണമെന്നാണ് മൂപ്പരുടെ സുഗ്രീവാജ്ഞ. നിരപരാധികളായ ചെറുപ്പക്കാരെ തീവ്രവാദ മുദ്രയടിച്ച് മാനുഷികമായും ശാരീരികമായും പീഡിപ്പിക്കുന്നതില്‍ ഈ നേതാവിന് വലിയ പങ്കുണ്ടായിരുന്നു.
പ്രവീണ്‍ തൊഗാഡിയയുടെ ഗതി അതിലും വൈകാതെ തനിക്കും ഉണ്ടാകുമെന്നും ആര്‍.എസ്.എസ് കൂടാരത്തില്‍ തന്നെ നശിപ്പിക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നുമാണ് ഇയാള്‍ വിലപിക്കുന്നത്.
നാടിന്റെ സമാധാനാന്തരീക്ഷം നഷ്ടപ്പെടുത്തുന്നതില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സാരമായ പങ്ക് വഹിക്കുന്ന കൊടിയ വര്‍ഗീയ നേതാക്കള്‍ക്ക് സംഭവിച്ച് കൊണ്ടിരിക്കുന്ന വിധിവൈപരീത്യത്തിന്റെ ആഘാതം ഹിന്ദുത്വ ചേരിയില്‍ തുടര്‍ കമ്പനങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. ഒരു കാലത്ത് മുന്നില്‍ കാണുന്നവരുടെയൊക്കെ ജീവന് ഭീഷണി ഉയര്‍ത്തി മദിച്ച് നടന്ന പഴയ പുലികള്‍ ഇന്ന് പല്ല് കൊഴിഞ്ഞ് സ്വന്തം ജീവന്‍ രക്ഷപ്പെട്ട് കിട്ടാന്‍ നാട്ടുകാരോട് താണപേക്ഷിക്കുന്ന പരിണിതി ഫാസിസ്റ്റ് ശക്തികളെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്.
വ്യാജ ഏറ്റു മുട്ടലുകളുടെ പരമ്പര സൃഷ്ടിച്ച് നിരപരാധികളെ കൊന്നൊടുക്കിയ കാവിപ്പടയുടെ നേരെ അതേ തന്ത്രം ബൂമറാംഗ് പോലെ തിരിഞ്ഞ് കുത്തുന്നു എന്നതാണ് ഏറെ കൗതുകമുണര്‍ത്തുന്നത്. അങ്കുശമില്ലാത്ത അഹങ്കാരത്തിന്റെ കൊടുമുടികളായി ഉയര്‍ന്ന് നിന്നിരുന്ന വര്‍ഗീയ കോമരങ്ങള്‍ ഒന്നൊന്നായി കാലയവനികക്കുള്ളിലേക്ക് നിന്ദ്യമായ നിലയില്‍ മറഞ്ഞ് കൊണ്ടിരിക്കുന്നു. നാടിനെ നടുക്കിയും നടുകെ പിളര്‍ത്തിയും അടക്കി വാഴുന്ന കിരാതന്‍മാരെ കാത്തിരിക്കുന്നത് ഇതിനെക്കാള്‍ ദയനീയമായ പര്യവസാനമായിരിക്കും, ചരിത്രം സാക്ഷി!