ഇസ്‌ലാം വിമര്‍ശം എന്ന അതിജീവന കല
ഡോ. സി.എം സാബിര്‍ നവാസ്
2018 മാര്‍ച്ച് 24 1439 റജബ് 06
ജീവിതം ഒരു കലയാണ് എന്ന് വിശ്വസിക്കുന്നവരുണ്ട്. ജീവിതനാടകം ആടിത്തിമര്‍ക്കാന്‍ പലവിധ വേഷം കെട്ടുന്ന ബഹുവിധ വിദ്വാന്‍മാരെ നാം ജീവിതവഴിയില്‍ കണ്ടുമുട്ടാറുണ്ട്. ഇക്കൂട്ടത്തില്‍ അഗ്രഗണ്യനാണ് തമിഴ്‌നാട് സ്വദേശിയും ബംഗളൂരു നിവാസിയുമായ ഡബിള്‍ ശ്രീ പട്ടധാരി ഗുരുജി രവിശങ്കര്‍ എന്ന അറുപത്തിയൊന്നുകാരന്‍. പുള്ളി ആളൊരു സത്യസന്ധനാണ്. ജീവിക്കുവാന്‍ വേണ്ടിയാണ് വേഷം കെട്ടുന്നതെന്നും നാട്ടുകാരെ പറ്റിച്ച് താന്‍ മാന്യമായാണ് ജീവിക്കുന്നതെന്നുമൊക്കെ വെട്ടിത്തുറന്ന് പരസ്യമാക്കിയുള്ള ൈശലിയാണ് അദ്ദേഹത്തിന്റെ മുഖമുദ്ര. മറ്റുള്ളവരുടെ ജീവിതം പെരുവഴിയിലായാലും തന്റെ കാര്യങ്ങള്‍ 'കലാപര'മായി മുന്നോട്ടുകൊണ്ടുപോകുമെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ് 1989ല്‍ 'ആര്‍ട്ട്ഓഫ് ലിവിംഗ്' എന്ന 'സത്യസന്ധ'മായ പേര് സ്വീകരിച്ച് അദ്ദേഹം ഇപ്പണിക്കിറങ്ങിയത്.
യോഗയും മന്ത്രവും സമാസമം ചാലിച്ച്, സ്വന്തമായി ആവിഷ്‌കരിച്ചെടുത്ത ശ്വസന പ്രക്രിയയും അല്‍പസ്വല്‍പം കൈക്രിയയുമായാണ് ഈ ആധുനിക ആള്‍ദൈവം ലോകം ചുറ്റുന്നത്. സമാധാനം, സ്‌നേഹം, സഹിഷ്ണുത തുടങ്ങിയ, പറയുമ്പോഴും കേള്‍ക്കുമ്പോഴും തേനൂറുന്ന കിളിമൊഴി സംഭാഷണങ്ങളാണ് ഗുരുജിയുടെ തുറുപ്പുശീട്ട്. ലോകസമാധാനത്തിനു വേണ്ടി സംസാരിക്കുന്നവരില്‍ മിക്കവരും ഭൂലോക തട്ടിപ്പുകാരും ഭീകരതയെ ഉപാസിക്കുന്നവരുമാണെന്ന വൈരുധ്യം വാസ്തവമാക്കുന്നതില്‍ ശ്രീ ശ്രീയും ഒട്ടും പുറകിലല്ല.
ആരും ക്ഷണിക്കാത്ത അതിഥിയായി കടന്നുവന്ന് ബാബരി മസ്ജിദ് തര്‍ക്കത്തില്‍ സ്വയം മധ്യസ്ഥതയുടെ മകുടം ചാര്‍ത്തുന്നത് കണ്ടപ്പഴേ കാര്യമറിയുന്നവര്‍ക്ക് സംഗതി പിടികിട്ടിയിരുന്നു. പൂച്ച ചുണ്ടില്‍നിന്ന് പിടിവിട്ട് പുറത്തുചാടാന്‍ അധികസമയം കാത്തിരിക്കേണ്ടിവന്നില്ല. ഇന്ത്യയിലെ പരമോന്നത നീതിപീഠം ബാബരി വിഷയത്തില്‍ നീതിപൂര്‍വകമായ വിധി കല്‍പിച്ചാല്‍ ഇന്ത്യയില്‍ ചോരപ്പുഴയൊഴുകുന്ന ആഭ്യന്തരകലാപങ്ങള്‍ നടക്കുമെന്നും ക്ഷേത്ര നിര്‍മാണമല്ലാത്ത മറ്റൊരുപാധിക്കും തങ്ങള്‍ തയ്യാറല്ലെന്നുമാണ് പുള്ളിക്കാരന്റെ പിടിവാശി.
അതേസമയം തന്നെ ശ്രീനഗറില്‍ ചെന്ന് പൈഗാമെ സലാം (ശാന്തിദൂതന്‍) പരിപാടി സംഘടിപ്പിച്ച് പതിനായിരക്കണക്കിന് മുസ്‌ലിംകളെ പൊരിവെയിലത്ത് നിര്‍ത്തിപ്പൊരിച്ചതിനും നാട് സാക്ഷിയായി! കാശ്മീര്‍ പ്രശ്‌നം മാത്രമല്ല ലോകത്തുള്ള സകല പ്രശ്‌നങ്ങളും 'ഇപ്പം ശരിയാക്കിത്തരാം' എന്നാണ് അരിയും തിന്ന് ആശാരിച്ചിയെയും കടിച്ച് മുന്നോട്ട് ഗമിക്കുന്ന മൂപ്പരുടെ നിലപാട്. നാടുമുഴുവന്‍ ചുട്ടുചാമ്പലാക്കാന്‍ ശേഷിയുള്ള ഉഗ്രവിഷം വെളളത്തുണികൊണ്ട് ഉള്ളിലൊതുക്കി ഈ കപടനാടകം ഇന്നും ഇന്നലെയും തുടങ്ങിയതല്ല എന്ന് മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ സഞ്ജയ് പുകാലിയ വെളിപ്പെടുത്തുന്നുണ്ട്. ഗുജറാത്ത് കലാപം നടന്ന ദിവസങ്ങളില്‍ വിരലിലെണ്ണാവുന്ന പത്രപ്രവര്‍ത്തകരെ മാത്രം വിളിച്ചുകൂട്ടി (2002ല്‍) നടത്തിയ രഹസ്യയോഗത്തെക്കുറിച്ചാണ് ഇദ്ദേഹം പറയുന്നത്.
മുസ്‌ലിംകളൊക്കെ അപകടകാരികളാണെന്നും നൂറോ അതിലധികമോ അമുസ്‌ലിംകളെ കൊലപ്പെടുത്തിയാല്‍ വിശുദ്ധ യോദ്ധാവ് എന്ന പദവി സിദ്ധിക്കുമെന്ന് ക്വുര്‍ആനില്‍ പറയുന്നുണ്ടെന്ന് ജല്‍പിച്ചുകൊണ്ടാണ് പ്രസ്തുത യോഗത്തില്‍ ശ്രീ ശ്രീ രവിശങ്കര്‍ വര്‍ഗീയത കുത്തിവെപ്പ് യജ്ഞം ആരംഭിച്ചത്.
പ്രസ്തുത പരാമര്‍ശം പലതവണ പ്രഭാഷണത്തിനിടയില്‍ ആവര്‍ത്തിച്ചപ്പോള്‍ ക്വുര്‍ആനില്‍ എവിടെയാണ് ഇത്തരം കാര്യങ്ങള്‍ പറയുന്നതെന്ന് എഴുന്നേറ്റു നിന്ന് താന്‍ ആവശ്യെപ്പട്ടപ്പോള്‍ ഇയാള്‍ യോഗം പെട്ടെന്ന് അവസാനിപ്പിച്ച് മൂടുംതട്ടി പോകുകയാണുണ്ടായതെന്ന് സഞ്ജയ് വിശദീകരിക്കുന്നുണ്ട്.
ഇന്ദ്രപ്രസ്ഥത്തില്‍ നിന്ന് കാവിമണമുള്ള കാറ്റ് വീശിത്തുടങ്ങിയതു മുതല്‍ നിര്‍ത്താതെ ഓരിയിടുന്നതില്‍ മത്സരിക്കുകയാണ് സകല സംഘീസൃഗാലരും. നരേന്ദ്രമോദി നാടുവാണിടും കാലം ഇസ്‌ലാം വിമര്‍ശനത്തിന്റെ ത്രിശൂലം ഒരു മുഴം നീട്ടി എറിയുകയാണ് 'അതിജീവന'ത്തിന് അനുയോജ്യമായ മാര്‍ഗമെന്ന തിരിച്ചറിവാണ് ശ്രീ ശ്രീ വാഹകനെ ഇത്തരം ഉദ്യമങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത് എന്ന് വ്യക്തം.