പേനയുടെ പ്രതിരോധം
ഡോ. സി.എം സാബിര്‍ നവാസ്
2018 ഫെബ്രുവരി 24 1439 ജുമാദില്‍ ആഖിറ 09
ഗൗരി ലങ്കേഷിനെയും ഗോവിന്ദ് പന്‍സാരയെയും കല്‍ബുര്‍ഗിയെയും കൊന്ന കത്തി ഉയര്‍ത്തിക്കാണിച്ച് പേനയുടെ മുന ഒടിക്കാമെന്ന് സ്വപ്‌നം കണ്ടവര്‍, കണ്ടത് പകല്‍കിനാവായിരുന്നുവെന്ന് നട്ടെല്ലുയര്‍ത്തി ഇന്ത്യയിലെ പ്രമുഖ എഴുത്തുകാര്‍ പ്രഖ്യാപിക്കുന്നു!
തിരുവനന്തപുരം കനകക്കുന്നില്‍ നടന്ന മാതൃഭൂമി അന്താരാഷ്ട്ര സാഹിത്യോത്സവത്തിലും കോഴിക്കോട് കടപ്പുറത്ത് സമാപിച്ച കേരള ലിറ്റററി ഫെസ്റ്റിവലിലും പ്രതിധ്വനിച്ചത് 'എന്ത്‌കൊണ്ട് ഞാന്‍ ഹിന്ദുവായി' (ണവ്യ കമാ ഒശിറൗ?) എന്ന പുതിയ പുസ്തകം സംവാദത്തിന്റെ സമാവറിലേക്ക് സമര്‍പ്പിച്ചു കൊണ്ടാണ് ശശിതരൂര്‍ രംഗത്ത് വന്നിട്ടുള്ളത്. മൂന്ന് ഭാഗങ്ങളായി എഴുതിയ പുസ്തകം ഹൈന്ദവ ദര്‍ശനങ്ങളെ ഒരു വിശ്വാസിയുടെ കണ്ണിലൂടെ വിശദീകരിക്കുകയാണ്.
മതേതരത്വവും സഹിഷ്ണുതയും കയ്യൊഴിഞ്ഞ് വര്‍ഗീയ വിഷം വമിക്കുന്നവര്‍ക്ക് ഹിന്ദുമതത്തിന്റെയും വിശ്വാസി സമൂഹത്തിന്റെയും പിന്തുണയില്ലെന്ന് നിസ്സംശയം വിളിച്ച് പറയുന്ന പുസ്തകം അന്താരാഷ്ട്ര വിപണിയില്‍ ചൂടപ്പമാണ്. ന്യൂനപക്ഷങ്ങളെയും ദലിതരെയും കൊന്നൊടുക്കി ലോകത്തിന്റെ മുമ്പില്‍ ഇന്ത്യയെ മാനം കെടുത്താന്‍ മടിയില്ലാത്തവരുടെ മുഖത്ത് നോക്കി ഞാനൊരു ഹിന്ദുവാണ് എന്ന് വിളിച്ചു പറയുകയാണ് ഈ വിശ്വപൗരന്‍. വ്യാജമായ ഹൈന്ദവതയെ പ്രതിനിധാനം ചെയ്യുന്നവര്‍ക്കെതിരെ ഹിന്ദുസമൂഹത്തില്‍ നിന്ന് ഉയര്‍ന്ന് വരുന്ന ചെറുത്ത് നില്‍പിന്റെ പ്രതീകമാണ് പുസ്തകം.
ഭീഷണിയുടെ രാഷ്ട്രീയമാണ് ഫാഷിസത്തെക്കാള്‍ ഭയാനകം എന്ന തിരിച്ചറിവാണ് എഴുത്തുകാരി അരുന്ധതി റോയ് മുന്നോട്ട് വെച്ചിട്ടുള്ളത്. വിയോജിപ്പുകള്‍ പ്രകടിപ്പിക്കാനുള്ള ഇടങ്ങള്‍ പോലും പൂട്ടി മുദ്ര വെക്കുകയാണ് ഭരണകൂടമെന്ന് ഡല്‍ഹിയിലെ സമരഭൂമിയായ ജന്ദര്‍മന്ദര്‍ സംഭവം അനുസ്മരിച്ചു കൊണ്ട് അവര്‍ വിശദീകരിച്ചു. 'മിനിസ്ട്രി ഓഫ് അറ്റ്‌മോസ് ഹാപ്പിനസ്' എന്ന ഏറ്റവും പുതിയ നോവലില്‍ സമകാലിക ഇന്ത്യയില്‍ സര്‍ക്കാര്‍ സ്‌പോണ്‍സേഡ് അസഹിഷ്ണുതയുടെയും അരികുവല്‍ക്കരണത്തിന്റെയും ശരിയായ ചിത്രം പ്രതിഫലിക്കുന്നുണ്ട്.
അടിയറവു വെക്കാത്ത ആര്‍ജവത്തിന്റെ ആള്‍രൂപമായാണ് പ്രകാശ് സ്വരാജ് ഫാഷിസത്തോട് സംവദിക്കാനിറങ്ങുന്നത്. ഗൗരി ലങ്കേഷ് വിഷയത്തില്‍ പരസ്യമായി രംഗത്തിറങ്ങിയ മതേതരത്വത്തിന്റെ മുഖമാണ് കന്നടികനായ സാംസ്‌കാരിക നായകന്‍. അദ്ദേഹത്തിന്റെ സംസാരം കുറുക്കി വിവരിക്കാം:
'നിങ്ങള്‍ കല്ലെറിയൂ, ഞങ്ങള്‍ അതുകൊണ്ട് വീടെറിയും. നിങ്ങള്‍ ഞങ്ങളെ കത്തിച്ച് കളയാമെന്ന് കരുതി തീയിടണ്ട. അതുകൊണ്ട് ഞങ്ങള്‍ അടുപ്പില്‍ അന്നം വേവിക്കും. നിങ്ങള്‍ ഞങ്ങളെ എറിഞ്ഞാട്ടരുത്. ആ ഓട്ടം ലക്ഷ്യത്തിലേക്ക് വേഗത്തിലെത്താന്‍ ഞങ്ങള്‍ക്ക് ഉപകരിക്കും.'
മയ്യഴിയുടെ കലാകാരന്‍ മുകുന്ദനെ മാതൃഭൂമി ഫെസ്റ്റിവലിലെ മരച്ചുവട്ടിലാണ് ഗ്രീന്‍വാലി സ്‌കൂളിലെ കുട്ടികളോടൊപ്പം കണ്ടു മുട്ടിയത്. ആശയും നിരാശയും വിങ്ങിനില്‍ക്കുന്ന മനസ്സുമായി അദ്ദേഹം ഞങ്ങളോട് മനസ്സു തുറന്നു. നീണ്ട നാല്‍പത് വര്‍ഷം ഇന്ദ്രപ്രസ്ഥത്തിന്റെ അധികാര സ്തംഭങ്ങള്‍ക്ക് ചാരെ ജീവിതം നയിച്ച എഴുത്തുകാരന്‍ കാവിരാഷ്ട്രീയത്തെ നിശിതമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കി.
ലോകാടിസ്ഥാനത്തില്‍ ഇന്ത്യയുടെ തല കുനിയുകയാണെന്നും ഈ പോക്ക് തുടര്‍ന്നാല്‍ മോദി നേടിയെടുക്കാന്‍ ശ്രമിക്കുന്ന ഇന്റര്‍നാഷണല്‍ ഇമേജ് താമസിയാതെ നിലം പൊത്തുമെന്നും അദ്ദേഹം പറഞ്ഞു. കഴുത്തറുത്താല്‍ എഴുത്തു നിറുത്തുമെന്നുള്ളത് വിഡ്ഢികളുടെ വ്യാമോഹമാണെന്നും എഴുത്തുകാര്‍ ഭീകരതക്കെതിരെ കൂടുതല്‍ കരുത്താര്‍ജിക്കുകയാണെന്നും അദ്ദഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഇന്ത്യയിലെ എഴുത്തുകാര്‍ യുദ്ധഭൂമിയിലാണ്. കഴുത്തിനുനേരെ കത്തിചൂണ്ടി എഴുത്തു നിറുത്താനും നാവടക്കാനും പുലമ്പുന്നവരോട് തല്‍ക്കാലം വേറെ പണി നോക്ക് എന്ന് പറയുകയാണവര്‍. അന്താരാഷ്ട്ര സമൂഹങ്ങളും സാമുഹിക മാധ്യമങ്ങളും അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കഴിഞ്ഞു. മതേതര രാഷ്ട്രീയ രംഗത്ത് നിലനില്‍ക്കുന്ന അസ്ഥിരതയും ആശയക്കുഴപ്പവും എത്രയും പെട്ടെന്ന് അവസാനിപ്പിക്കാന്‍ കഴിഞ്ഞാല്‍ ഭരണകൂട ഭീകരതക്ക് താമസിയാതെ അന്ത്യം കുറിക്കാന്‍ നമുക്ക് കഴിയും.