അവര്‍ണന്‍ കുതിരസവാരി നടത്തുകയോ?
ഉസ്മാന്‍ പാലക്കാഴി
2018 ഏപ്രില്‍ 14 1439 റജബ് 27
ഗുജറാത്തില്‍ കുതിരപ്പുറത്ത് സവാരി നടത്തിയ ദളിത് യുവാവിനെ സവര്‍ണര്‍ വെട്ടിക്കൊന്നതില്‍ ഞെട്ടല്‍ തൊഴിലാളികളാരും ഞെട്ടിക്കണ്ടില്ല. പ്രദീപ് രാത്തോഡ് എന്ന 21 കാരനാണ് സവര്‍ണരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഭാവ് നഗര്‍ ജില്ലയിലെ കൃഷിയിടത്തില്‍ നിന്നും സ്വന്തം വീട്ടിലേക്ക് യുവാവ് കുതിരപ്പുറത്ത് സവാരി നടത്തിയതാണത്രെ സവര്‍ണരുടെ കോപത്തിന് കാരണമായത്. ഈ യുവാവ് 30000 രൂപക്ക് കുതിരയെ വാങ്ങിയതറിഞ്ഞ നാഥുഭ ദര്‍ബാര്‍ എന്നയാളും കൂട്ടാളികളും കുതിരയെ വിറ്റില്ലെങ്കില്‍ കുടുംബത്തെ ഇല്ലാതാക്കുമെന്ന് ഭീഷണിമുഴക്കിയതായി പ്രദീപിന്റെ പിതാവ് കലുഭായ് രാത്തോഡ് വെളിപ്പെടുത്തിയിട്ടുണ്ട്.
ദളിതുകള്‍ കുതിരയെ ഓടിക്കാനായിട്ടില്ലെന്നാണ് അക്രമി സംഘം പ്രഖ്യാപിച്ചിട്ടുള്ളത്. സവര്‍ണരുടെ മലംകോരി, നഗ്‌നപാദരായി, തീണ്ടാപ്പാടകലെ ഓച്ചാനിച്ച് മാറിനില്‍ക്കേണ്ടവര്‍ കുതിരപ്പുറത്ത് ഗമയോടെ സവാരി ചെയ്യുന്നത് വെച്ചുപൊറുപ്പിക്കാനാവില്ലെന്നുംഇമ്മാതിരി സാഹസത്തിന് മുതിരുന്നവര്‍ക്ക് ഇത് ഒരു മുന്നറിയിപ്പാണെന്നും സാരം.
''മറ്റുജാതിക്കാരുടെ കഷ്ടപ്പാടുകള്‍ക്കു നേരെ യാതൊരു അനുതാപവുമില്ലാതെ ഇവിടെ ഓരോ ജാതിക്കാരും ജീവിക്കുന്നു'' എന്ന് A study of caste എന്ന തന്റെ വിഖ്യാത ഗ്രന്ഥത്തില്‍ 'ലക്ഷ്മി നരസു' 1922ല്‍ പറഞ്ഞുവെച്ച കാര്യങ്ങള്‍ ഇപ്പോഴും ഇന്ത്യന്‍ സമൂഹത്തില്‍ വ്യാപകമായി നടന്നുവരുന്നു എന്നാണ് ആനുകാലിക സംഭവ വികാസങ്ങള്‍ വിളിച്ചറിയിക്കുന്നത്. മധ്യപ്രദേശില്‍ ഗണേശ്പുരിയിലെ ഗഡിമല്‍ഹേര എന്ന പ്രദേശത്ത് ചത്തന്‍പൂരില്‍ ചരണ്‍യാദവ് എന്ന മേല്‍ജാതിക്കാരന്റെ മേല്‍ പൊതുപൈപ്പില്‍ നിന്ന് വെള്ളമെടുക്കുമ്പോള്‍ ഒരു ദളിത് പെണ്‍കുട്ടിയുടെ നിഴല്‍ പതിഞ്ഞു പോയി എന്നതിന്റെ പേരില്‍ ആ പെണ്‍കുട്ടിയെ മര്‍ദിക്കുകയും പൈപ്പില്‍നിന്ന് വെള്ളമെടുക്കുന്നത് നിഷേധിക്കുകയും ചെയ്ത സംഭവം അടുത്തകാലത്താണ് നടന്നത്. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഡ് ജില്ലയിലെ രഹുവാലാല്‍ ഗഞ്ച് ഗ്രാമത്തില്‍, കടുത്ത ദാരിദ്ര്യത്തിലും പ്ലാസ്റ്റിക് ഷീറ്റിട്ട കൂരയിലിരുന്ന് പഠിച്ച് പരീക്ഷയില്‍ റാങ്ക് നേടിയ ദളിത് സഹോദരന്മാരായ രാജുവിന്റെയും ബ്രിജേഷിന്റെയം കൂരയ്ക്ക് നേരെ സമീപവീടുകളിലെ സവര്‍ണ ജാതിക്കാര്‍ നിരന്തരം കല്ലെറിഞ്ഞതിന്റെ പേരില്‍ പോലീസ് സംരക്ഷണം ഏര്‍പെടുത്തേണ്ടിവന്നിരുന്നു.
നവോത്ഥാന മുന്നേറ്റങ്ങളുടെ ഫലമായി അല്‍പം ശമനംകണ്ടിരുന്ന ജാതീയത ഇന്ന് ഫണംവിടര്‍ത്തിയാടുകയാണ്. നവോത്ഥാനമൂല്യങ്ങള്‍ക്ക് വിരുദ്ധമായ ജാതിസ്വത്വബോധം മുമ്പില്ലാത്തവിധം ശക്തിപ്രാപിച്ചുകെണ്ടിരിക്കുകയാണ്. മനുസ്മൃതിയിലെ നിയമങ്ങള്‍ രാജ്യത്ത് നടപ്പിലാക്കണമെന്ന് ആഗ്രഹിക്കുന്ന ഭരണാധികാരികളുള്ള കാലത്തോളം ഇതിന് അറുതിയുണ്ടാകുമെന്ന് ആരും ആഗ്രഹിക്കേണ്ടതില്ല. മനു പറഞ്ഞത് കാണുക:
''വേദങ്ങള്‍ പഠിച്ചാലും ഇല്ലെങ്കിലും അവന്ന് ദിവ്യത്വമുണ്ട്. താണ വര്‍ണക്കാര്‍ക്ക് യോജിച്ച പ്രവൃത്തകളില്‍ ഏര്‍പെട്ടാലും ബ്രാഹ്മണന്‍ ബ്രാഹ്മണന്‍ തന്നെ. ഏറ്റവും ഉയര്‍ന്ന വര്‍ണത്തില്‍ ജനിച്ചതുെകാണ്ട് അവന്‍ ദൈവത്തെ പോലെയാണ്. അവന്റെ ഉപദേശങ്ങള്‍ അലംഘനീയമായ കല്‍പനകളാണ്. അവനെ എല്ലാവരും അനുസരിക്കണം'' (മനുസ്മൃതി 9:317).
''ദളിതരെയും ഇതര അവശവിഭാഗങ്ങളെയും വോട്ടിന്റെ കാര്യത്തിലൊഴിച്ച് തുല്യരായി കാണാനുള്ള വൈമുഖ്യമാണ് പൗരോഹിത്യ ഹിന്ദുമതം പുലര്‍ത്തിവരുന്നത്. സ്വാതന്ത്ര്യാനന്തര തലമുറ ആര്‍ജിച്ചത് ഔപനിഷദികസമത്വത്തിനു പകരം അമേരിക്കന്‍ സമത്വമാണല്ലൊ! ഇതിന്റെ തെളിവായിരുന്നു മണ്ഡല്‍ പ്രക്ഷോഭണകാലത്ത് ഡല്‍ഹിയില്‍ നടന്ന ആത്മാഹുതി. അനുഭവിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങളില്‍ കുറച്ച് അധഃസ്ഥിതര്‍ക്കു വിട്ടുെകാടുക്കേണ്ടി വരുന്നതിലുള്ള വലുതായ നഷ്ടബോധമാണ് ഈ കടുത്ത നടപടിക്കവരെ പ്രേരിപ്പിച്ചത്. അധഃസ്ഥിതരെ സഹോദരരായി കാണാനും കൈപിടിച്ചുയര്‍ത്താനുമുള്ള വൈമുഖ്യം ധര്‍മശാസ്ത്രങ്ങളുടെ സ്വാധീനം എത്ര ശക്തിമത്തായി തലമുറകളിലൂെട തുടരുന്നു എന്നു സൂചിപ്പിക്കുന്നു'' (ഹിന്ദുവിന്റെ പുസ്തകം, ശശിധരന്‍ ചെമ്പഴന്തിയില്‍, പേജ് 121).