സ്ത്രീ ഡ്രൈവിംഗ് സീറ്റിലിരിക്കുമ്പോള്‍
പി.എന്‍. അബ്ദുല്ലത്വീഫ് മദനി
2018 ദുല്‍ക്വഅദ 29 1439 ആഗസ്ത് 11
പുറത്തിറങ്ങുമ്പോള്‍ രണ്ടു തരം സ്ത്രീകളെ കാണാനാകും. ഈജിപ്തിലെ രാജാവിന്റെ പത്‌നിയുടെ രോഗം ബാധിച്ചവരാകും ചിലര്‍. അണിഞ്ഞൊരുങ്ങി സുഗന്ധം പൂശി ഏവരെയും ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന ഒരു ചെറിയ വിഭാഗമാണ് ഒന്ന്. 'വേഗത്തില്‍ കടന്നുവന്നാലും' എന്ന് രാജാവിന്റെ പത്‌നി യൂസുഫ് നബിയോടു ശൃംഗാരഭാവത്തില്‍ ആവശ്യപ്പെട്ടതുപോലെ പറയാതെ പറയുന്ന ചിലര്‍.
രണ്ടാമത്തെ വിഭാഗം, ശരീരം മറക്കേണ്ട പോലെ മറച്ച് മാന്യത കാക്കുന്നവര്‍. അനിവാര്യമായ അവളുടെ ആവശ്യ നിര്‍വഹണത്തിന്നവള്‍ പുറത്തിറങ്ങാന്‍ നിര്‍ബന്ധിതയായതാണ്. 'ഇടയന്മാര്‍ വെള്ളം കോരി മടങ്ങുന്നതു വരെ കിണറിന്നടുത്തു ചെല്ലാതെ കാത്തിരുക്കുകയാണ്. ഞങ്ങളുടെ പിതാവ് വയോവൃദ്ധനാണ്' എന്ന് മൂസാനബി(അ)യോട് പറഞ്ഞ സ്ത്രീകളെ പോലെയാണിവര്‍.
ആദ്യവിഭാഗം സ്ത്രീകളോട് യൂസുഫ് നബി(അ) പെരുമാറിയതു പോലെ പെരുമാറുക. കണ്ണു താഴ്ത്തി 'അല്ലാഹുവില്‍ ശരണം' എന്നു പറയുക.
രണ്ടാമത്തെ വിഭാഗം സ്ത്രീകളെ കണ്ടുമുട്ടിയാല്‍ മൂസാ നബി(അ) പെരുമാറിയതു പോലെ പെരുമാറുക. മാന്യത കൈവിടാതെ ആവശ്യമായ സഹായം ചെയ്തു കൊടുക്കാം. എന്നിട്ട് സ്വന്തം വഴിക്കു പോവുക. മൂസാ നബി(അ) രണ്ടു പേര്‍ക്കും വെള്ളം കോരി നല്‍കി പിന്നെ തണല്‍ തേടി പോകുകയാണുണ്ടായത്.
യൂസുഫ് നബിയുടെ പവിത്രത അദ്ദേഹത്തെ ഈജിപ്തിന്റെ ഭരണ പീഠത്തിലെത്തിച്ചു. മൂസാ നബിയുടെ മാന്യത അദ്ദേഹത്തിന്ന് സദ്‌വൃത്തയായ ഭാര്യയെയും അഭയസ്ഥലവും നേടിക്കൊടുത്തു. അല്ലാഹുവേ, ജീവിത വിശുദ്ധിയും മാന്യതയുടെ ആവരണവും നീ പ്രദാനം ചെയ്യേണമേ.
സ്ത്രീകളുടെ വസ്ത്രധാരണരീതി അവളുടെ പിതാവ് അവളെ വളര്‍ത്തിയെടുത്ത സംസ്‌കാരത്തെയും അവളുടെ ഭര്‍ത്താവിന്റെ പൗരുഷത്തെയും അവളുടെ മാതാവിന്റെ ശ്രദ്ധയെയും മേല്‍നോട്ടത്തെയും വിളിച്ച് പറയുന്നുണ്ട്. അതിനെല്ലാം ഉപരി അല്ലാഹുവിന്റെ നിരീക്ഷണത്തെക്കുറിച്ച അവളുടെ അവബോധവും വസ്ത്രധാരണ രീതിയില്‍ പ്രതിഫലിക്കുന്നു.
മറ്‌യം ബീവിയോട് നാട്ടുകാര്‍ പറഞ്ഞത് ഓര്‍ക്കുക: 'അല്ലയോ ഹാറൂനിന്റെ സഹോദരീ, നിന്റെ പിതാവ് ഒരു മോശപ്പെട്ടവനോ മാതാവ് ഒരു ദുര്‍ന്നടപ്പുകാരിയോ ആയിരുന്നില്ല.' മറ്‌യമിനെതിരെ അവര്‍ കുറ്റവിചാരണക്കൊരുങ്ങിയത് അവരുടെ വേണ്ടപ്പെട്ടവരുടെ (സഹോദരന്‍, പിതാവ്, മാതാവ്) സദാചാരനിഷ്ഠ ഓര്‍മപ്പെടുത്തിക്കൊണ്ടാണ്. ഇവരുടെ ധര്‍മബോധത്തെ ആശ്രയിച്ചാണ് അവര്‍ ധര്‍മനിഷ്ഠയുള്ളവളാവുന്നത് എന്നര്‍ഥം.
ഒരു സഹോദരി പറയട്ടെ: ''നഗ്‌നത മറയ്ക്കാത്ത വിവസ്ത്രയായ ഒരു പെണ്ണിനെ കാണാനിടവന്നാല്‍ ഞാന്‍ അവളുടെ മാതാപിതാക്കളെക്കുറിച്ചു ചിന്തിക്കും. ക്വുര്‍ആനിക വചനം ഓര്‍ത്തു പോകും: 'അവരെ തടഞ്ഞു വെക്കുക, തീര്‍ച്ചയായും അവര്‍ ചോദ്യം ചെയ്യപ്പെടുന്നവരാണ്' (സ്വാഫ്ഫാത്ത് 24). അപ്പോള്‍ ഞാന്‍ കൂടുതല്‍ നാണവും മാനവുമുള്ളവളാകും; എന്റെ ഉമ്മയെ തടഞ്ഞു വെച്ച് ചോദ്യം ചെയ്യാതിരിക്കാന്‍!
ഭൗതിക ലോകത്ത് വിരോധിച്ച പലതും സ്വര്‍ഗത്തില്‍ അനുവദിക്കപ്പെട്ടതാണ്. എന്നാല്‍ ഭൂമിയില്‍ വിലക്കപ്പെട്ട നഗ്‌നതാ പ്രദര്‍ശനം സ്വര്‍ഗത്തിലും വിലക്കപ്പെട്ടതാണ്. കൂടുതല്‍ ഉടയാടകള്‍ അണിഞ്ഞു ശരീരം മറയ്ക്കുന്നത് സ്വര്‍ഗ സോപാനത്തില്‍ ഒരു ദൈവികാനുഗ്രമാണ്. 'അവിടെ (സ്വര്‍ഗത്തില്‍) വിശക്കാതിരിക്കാനും നഗ്‌നനാവാതിരിക്കാനും നിനക്ക് അവകാശമുണ്ട്.'