പാര്‍ട്ടി പ്രവര്‍ത്തനവും പ്രാകൃത ശീലങ്ങളും
ഡോ. സി.എം സാബിര്‍ നവാസ്
2018 ഫെബ്രുവരി 10 1439 ജുമാദില്‍ ഊല 24
നാടേറെ പുരോഗതി പ്രാപിച്ചിട്ടും പ്രാകൃതയുഗത്തിലെ പേക്കൂത്തുകളാണ് സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുന്നത്. ശിലായുഗത്തിലെ അവജ്ഞയുളവാക്കുന്ന ആക്രോശങ്ങളും അട്ടഹാസങ്ങളും കൊണ്ട് മലീമസമായിരിക്കുന്നു സാമൂഹ്യമാധ്യമങ്ങള്‍. പെരിന്തല്‍മണ്ണ പോളിടെക്‌നിക്കില്‍ നടന്ന ചില അനിഷ്ടസംഭവങ്ങളും തുടര്‍ന്നുണ്ടായ അക്രമപ്രവര്‍ത്തനങ്ങളുമാണ് ഓണ്‍ലൈന്‍ പരിസരം ദുര്‍ഗന്ധപൂരിതമാക്കിയ സ്ഥിതി വിശേഷണത്തിന് വഴിവെച്ചത്.
കയ്യൂക്കും കയ്യാംകളിയും മാത്രമായി രാഷ്ട്രീയ പ്രവര്‍ത്തനം പരിചയിച്ചു വളരുന്ന പുതുതലമുറ നാളെയെക്കുറിച്ച് നല്ല പ്രതീക്ഷകളല്ല മനസ്സില്‍ വാരിവിതറുന്നത്. നാം കൊട്ടിഘോഷിക്കുന്ന ഉത്ഭുദ്ധതയും പുരോഗനമപരതയുമൊക്കെ വാചകമടിയില്‍ മാത്രമൊതുങ്ങുകയും പ്രവൃത്തി പഥത്തില്‍ നടപ്പില്‍ വരുത്താതിരിക്കുകയും ചെയ്യുന്നത് എന്താണ്? മാന്യമായും അന്തസ്സ് നിലനിര്‍ത്തിയും പ്രതിപക്ഷ ബഹുമാനം പാലിച്ചും പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയാല്‍ എന്തെങ്കിലും കുഴപ്പമുണ്ടോ? മനുഷ്യരോട് നല്ലനിലക്ക് പെരുമാറിയാല്‍ വല്ല നഷ്ടവും സംഭവിക്കാനുണ്ടോ?
ആഴ്ചതോറും ഡല്‍ഹിയിലേക്കും മാസാമാസം വിദേശ രാജ്യങ്ങളിലേക്കും പഠനയാത്രക്ക് വേണ്ടി പറക്കുന്ന നമ്മുടെ രാഷ്ട്രീയനേതാക്കന്മാര്‍ അവിടങ്ങളില്‍ നിന്നും ഒന്നും പഠിക്കാതെയും പകര്‍ത്താതെയും മടങ്ങിവന്ന് പ്രാകൃതശീലങ്ങളില്‍ അഭിരമിക്കുന്നത് എന്താണ്? ഇന്ദ്രപ്രസ്ഥത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതിചെയ്യുന്ന ലോകപ്രസിദ്ധമായ ജെ.എന്‍.യു കാമ്പസില്‍ നമ്മുടെ നാട്ടിലെ ചോട്ടാ, ബഡാ നേതാക്കന്മാരൊക്കെ ഇടക്കൊന്ന് ഉലാത്തുന്നത് നല്ലതാണ്.
ഇന്ത്യയിലെ ഏറ്റവും ശക്തമായ രാഷ്ട്രീയപ്രവര്‍ത്തനം നടക്കുന്ന സര്‍വകലാശാല; അരാഷ്ട്രീയവാദത്തെ അശേഷം അടുപ്പിക്കാത്ത വിദ്യാര്‍ഥികളുടെ കേന്ദ്രം. ഭരണാധികാരികളുടെ അസഹിഷ്ണുതയോടും അരുതായ്മകളോടും നിരന്തരം കലഹിക്കുന്ന രാഷ്ട്രീയ പരിസരം. ജവഹര്‍ലാല്‍ നെഹ്‌റു കലാശാലയുടെ രാഷ്ട്രീയ പ്രബുദ്ധതയാണല്ലോ കേന്ദ്രം ഭരിക്കുന്നവര്‍ അവിടുത്തെ കുട്ടികള്‍ക്കുനേരെ കണ്ണുരുട്ടിയും മീശചുരുട്ടിയും ഭീഷണിപ്പെടുത്തുന്ന രീതിയിലേക്കെത്തിച്ചത്!
ഹിംസയുടെ ലാഞ്ചനപോലും ഇല്ലാതെ തീര്‍ത്തും സമാധാനപരമായ അന്തരീക്ഷത്തിലാണ് ജെ.എന്‍.യുവിലെ തീപാറുന്ന രാഷ്ട്രീയ പോരാട്ടങ്ങള്‍ നടക്കുന്നത് എന്നത് അകത്ത് കേറുന്ന ഏതൊരാള്‍ക്കും വളരെ പെട്ടെന്ന് ബോധ്യപ്പെടുന്ന വസ്തുതയാണ്. ഏതു സങ്കീര്‍ണമായ രാഷ്ട്രീയ പ്രശ്‌നവും തലനാരിഴ കീറി ചര്‍ച്ചചെയ്യാന്‍ കെല്‍പുള്ള ഭൗതിക ഭൂമികയാണ് ഇന്ത്യയുടെ ന്യൂജന്‍ രാഷ്ട്രീയത്തിന്റെ ഊടും പാവും നെയ്യുന്ന ഈ വിശ്വകലാലയം.
കനയ്യകുമാറും ഉമര്‍ ഖാലിദും ബന്ദനാ പാണ്ഡെയും ശഹലാ റാഷിദും അബ്ദുല്‍ ഹകീമും അടങ്ങുന്ന യുവനിര പഠനത്തിന്റെയും ഗവേഷണങ്ങളുടെയും അടിത്തറയിലാണ് രാഷ്ട്രബോധനിര്‍മാണത്തില്‍ പങ്കുചേരുന്നത്. അമേരിക്ക അടക്കമുള്ള വികസിത രാജ്യങ്ങളില്‍ മുഴുവനും രാഷ്ട്രീയമെന്നത് വ്യക്തിഹത്യയുടെ ചെളിപുരണ്ട ചാണക്യ തന്ത്രങ്ങളോ തടിമിടുക്കിന്റെ സംദ്രാസങ്ങളോ അല്ല, മറിച്ച് മസ്തിഷ്‌കം മസ്തിഷ്‌കത്തോടും മനസ്സ് മനസ്സിനോടും നടത്തുന്ന വിചാരവിനിമയത്തിന്റെ വിലാസങ്ങളാണ്.
സംഘര്‍ഷഭൂമികളില്‍ അരിഞ്ഞുതള്ളുന്ന കബന്ധങ്ങളുടെ കണക്കുപറഞ്ഞ് നടത്തുന്ന കുതിരക്കച്ചവടമല്ല രാഷ്ട്രീയമെന്ന് നമ്മുടെ നാട്ടിലെ പാര്‍ട്ടി പ്രഭുക്കളും ഓണ്‍ലൈന്‍ വിരലമര്‍ത്തികളും എന്നാണാവോ തിരിച്ചറിയുക. ലോകവും രാജ്യവും തീക്ഷ്ണമായ കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ നമുക്ക് വേണ്ടത് ഉപരിപ്ലവതകളില്‍ അഭിരമിക്കാതെ പ്രശ്‌നങ്ങളെ സമഗ്രമായി അപഗ്രഥിച്ച് ജനമനസ്സുകളില്‍ കുടിയേറാന്‍ കെല്‍പുള്ള പക്വതയുടെ പര്യായങ്ങളായ പുതുരക്തങ്ങളെയാണ്. കാത്തിരിക്കാം; നല്ലകാലം വരാതിരിക്കില്ല!