സർഗവസന്തം ഓവറോൾ കിരീടം കാസർഗോഡിന്

ന്യൂസ് ഡസ്ക്

2026 ജനുവരി 31, 1447 ശഅ്ബാൻ 12

വർണാഭമായി സർഗവസന്തം സംസ്ഥാന കലാമത്സരങ്ങൾ

മുക്കം: കുട്ടികൾ നാളെയുടെ വാഗ്ദാനങ്ങളാണ്. നന്മയുടെ വിളനിലങ്ങൾ അവർക്കുവേണ്ടി ഒരുക്കിക്കൊടുക്കുക എന്നത് മുതിർന്നവരുടെ കടമയാണ്. വ്യത്യസ്തമായ കഴിവുകളുള്ള കുട്ടികളുടെ കഴിവുകൾ കണ്ടെത്തുവാനും പ്രോത്സാഹിപ്പിക്കുവാനും ആ കഴിവുകൾ നന്മയുടെ മാർഗത്തിൽ വിനിയോഗിക്കുവാനും അവരെ പ്രാപ്തരാക്കേണ്ടതുണ്ട്. വിസ്ഡം വിദ്യാഭ്യാസ ബോർഡ് എല്ലാ വർഷവും സർഗവസന്തം എന്ന പേരിൽ മദ്‌റസ വിദ്യാർഥികൾക്കായി വിവിധങ്ങളായ മത്സരം നടത്തുന്നത് ഈ ലക്ഷ്യം നിറവേറ്റുവാനാണ്.

മുക്കം ഗ്രീൻവാലി ക്യാമ്പസിൽ വച്ചു നടന്ന ഈ വർഷത്തെ സർഗവസന്തം പ്രൗഢമായ പരിപാടികളോടെ സമാപിച്ചു. ‘ഭൂമി വിളിക്ക്ണ്‌്ണ്ട്, അരികെ മനുഷ്യരുണ്ട്’ എന്ന പ്രമേയത്തിൽ ഊന്നി നടന്ന മത്സരങ്ങളിൽ, സ്‌ക്രീനിന്റെ ലോകത്തുനിന്നും പുതുതലമുറയെ പ്രകൃതിയിലേക്കും സർഗാത്മകതയിലേക്കും തിരികെ വിളിക്കുക എന്ന ലക്ഷ്യമാണ് മുന്നോട്ടുവെച്ചത്.

മദ്‌റസ, കോംപ്ലക്‌സ്, ജില്ല എന്നീ മൂന്ന് തലങ്ങളിൽ നിന്ന് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ 1680 കലാപ്രതിഭകളാണ് 23 വേദികളിലായി നടന്ന 88 മത്സരയിനങ്ങളിൽ മാറ്റുരച്ചത്. ഈ വർഷത്തെ കലോത്സവത്തിൽ കാസർഗോഡ് ജില്ല ഓവറോൾ കിരീടം കരസ്ഥമാക്കിയപ്പോൾ കണ്ണൂർ രണ്ടാം സ്ഥാനവും മലപ്പുറം ഈസ്റ്റ് മൂന്നാം സ്ഥാനവും നേടി.

4-5 വയസ്സ് പ്രായമുള്ള കുരുന്നുകൾക്കായി വിദ്യഭ്യാസ ബോർഡ് ആരംഭിച്ച ‘ബഹ്ജ കലോത്സവം’ ഏറെ ശ്രദ്ധേയമായി. കേരളത്തിന് പുറമെയുള്ള മദ്‌റസകളിലെ വിദ്യാർഥികളുടെ പങ്കാളിത്തവും അധ്യാപകർക്കായി നടന്ന പ്രത്യേക മത്സരങ്ങളും സർഗവസന്തത്തിന് പുതുമയേകി. പരിപാടിയുടെ ലൈവ് ബ്രോഡ്കാസ്റ്റിംഗും വിജയികളുടെ അഭിമുഖങ്ങളുമായി ‘ബ്രീസ്’ സ്റ്റുഡിയോയും സജീവമായിരുന്നു.

രണ്ടു ദിവങ്ങളിലായി നടന്ന മത്സരങ്ങളുടെ ഉദ്ഘാടനം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി നാസിർ ബാലുശ്ശേരി നിർവഹിച്ചു. എംഎഎംഒ കോളേജ് പ്രിൻസിപ്പൽ ഡോ. ഇ.കെ. സാജിദ് മുഖ്യാതിഥിയായി. കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ മിസ്അബ് കീഴരിയൂർ, ഹമീദ് മാസ്റ്റർ പറപ്പൂർ, ഉസ്മാൻ പാലക്കാഴി, മുഹമ്മദ് ബിൻ അലവി എന്നിവർ ആശംസകൾ നേർന്നു. രണ്ടാം ദിന മത്സരങ്ങളുടെ ഉദ്ഘാടനം നജീബ് കാന്തപുരം എംഎൽഎ നിർവഹിച്ചു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.കെ. അഷ്‌റഫ് ആശയ പ്രഭാഷണം നടത്തി.

സമാപന സമ്മേളനത്തിൽ പ്രോഗ്രാം കൺവീനർ ഡോ. ഷിയാസ് സ്വലാഹി സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസ ബോർഡ് കരിക്കുലം കൺവീനർ ഇർഫാൻ സ്വലാഹിയുടെ അധ്യക്ഷതയിൽ വിസ്ഡം സംസ്ഥാന ട്രഷറർ കെ. സജ്ജാദ് ഉദ്ഘാടനം നിർവഹിച്ചു. ജനറൽ കൺവീനർ പി.കെ. അംജദ് ഓവറോൾ വിജയികളെ പ്രഖ്യാപിച്ചു.

വിസ്ഡം യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വി.പി. മുഹമ്മദ് ബഷീർ സമ്മാനദാനവും വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാൻ സന്ദേശ കൈമാറ്റവും നിർവഹിച്ചു. റഷീദ് മാസ്റ്റർ കാരപ്പുറം, ഹുസൈൻ കാവനൂർ, അൻവർ എടത്തനാട്ടുകര, ഷൗക്കത്തലി അൻസ്വാരി എന്നിവർ ചടങ്ങിൽ സംസാരിച്ചു.