അവധിക്കാലത്തെ വിമാന ടിക്കറ്റ് നിരക്ക് വർധന; അടിയന്തര നിയന്ത്രവേണം
വിസ്ഡം യൂത്ത് യു.എ.ഇ
2026 ആഗസ്റ്റ് 15, 1448 റബീഉൽ അവ്വൽ 02

കടലുണ്ടി: ജി.സി.സി. രാജ്യങ്ങളിൽനിന്ന് കേരളത്തിലേക്കുള്ള അവധിക്കാല യാത്രകളിൽ വിമാന ടിക്കറ്റ് നിരക്കുകൾ ക്രമാതീതമായി ഉയർത്തുന്നത് പ്രവാസി കുടുംബങ്ങൾക്ക് കടുത്ത സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതായി വിസ്ഡം യൂത്ത് യു.എ.ഇ അഭിപ്രായപ്പെട്ടു. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള അവധിക്കാലങ്ങളിൽ വർഷംതോറും ആവർത്തിക്കുന്ന ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകളും ബന്ധപ്പെട്ട വ്യോമയാന അധികാരികളും അടിയന്തരമായി ഇടപെടണമെന്നും വിസ്ഡം യൂത്ത് ആവശ്യപ്പെട്ടു. വിമാനക്കമ്പനികളുടെ അന്യായമായ നിരക്കുവർധനയ്ക്ക് ഫലപ്രദമായ നിയന്ത്രണം ഏർപ്പെടുത്തുകയും പ്രവാസികൾക്ക് താങ്ങാനാവുന്ന നിരക്കിൽ യാത്ര ഉറപ്പാക്കുന്ന ദീർഘകാല നയം നടപ്പാക്കുകയും ചെയ്യണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെട്ടു.
കടലുണ്ടി മാൻഗ്രൂവ് ഫോറസ്റ്റിൽ സംഘടിപ്പിച്ച ‘മുൽതഖ 1.0’ പ്രവാസി കുടുംബ സംഗമത്തിൽ ഈ വിഷയത്തിൽ പ്രമേയം പാസാക്കി. അവധിക്കാലത്തിനായി യു.എ.ഇയിൽനിന്ന് നാട്ടിലെത്തിയ പ്രവാസികളും കേരളത്തിലുള്ള അവരുടെ കുടുംബാംഗങ്ങളും സംഗമത്തിൽ പങ്കെടുത്തു.
വിസ്ഡം യു.എ.ഇ സെക്രട്ടറി മുഹമ്മദ് യാസിർ പരപ്പനങ്ങാടി ഉദ്ഘാടനകർമം നിർവഹിച്ചു. വിസ്ഡം ദേര യൂണിറ്റ് സെക്രട്ടറി ഷാനവാസ് ബിൻ ഫരീദ് അധ്യക്ഷത വഹിച്ചു. വിസ്ഡം യൂത്ത് യു.എ.ഇ ചാപ്റ്റർ പ്രസിഡന്റ് ജലീൽ ഒട്ടുമ്മൽ, കോഴിക്കോട് സൗത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി ഷഹീൽ കുറ്റിച്ചിറ എന്നിവർ ആശംസകൾ നേർന്നു.
രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 വരെ നീണ്ടുനിന്ന സംഗമത്തിൽ വിജ്ഞാനപ്രദമായ സെഷനുകൾ, കുടുംബസൗഹൃദ പ്രവർത്തനങ്ങൾ, കലാ-കായിക മത്സരങ്ങൾ, കുട്ടികൾക്കായുള്ള പ്രത്യേക പരിപാടികൾ എന്നിവ സംഘടിപ്പിച്ചു. അജ്സൽ കക്കോടി നയിച്ച ‘കളിച്ചങ്ങാടം’ പരിപാടിയിൽ കഥകളും പാട്ടുകളും വിജ്ഞാന - വിനോദ പ്രവർത്തനങ്ങളും കൊണ്ട് കുട്ടികൾക്ക് വേറിട്ട അനുഭവമായി.
പുരുഷന്മാർക്കായുള്ള കലാ-കായിക മത്സരങ്ങൾക്ക് സയ്യിദ് മഷ്ഹൂർ തങ്ങൾ, സജാദ് (അജ്മാൻ), അമീർ സുഹൈൽ (ദുബൈ) എന്നിവർ നേതൃത്വം നൽകി. കുടുംബങ്ങൾക്കായുള്ള വൈജ്ഞാനിക സെഷനുകൾക്ക് ഷാബിൻ പാലത്ത്, നൗഫൽ ചെറുമുക്ക് എന്നിവർ നേതൃത്വം വഹിച്ചു. വനിതകൾക്കായി സംസം കൊല്ലം, ഷാദിയ ബിൻത് സലിം എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക മത്സരങ്ങളും സംഘടിപ്പിച്ചു.
സമാപന സമ്മേളനത്തിൽ അബുദാബി ഇസ്ലാഹി സെന്റർ പ്രബോധകൻ സഈദ് ഇബ്നു അബ്ദുറഹ്മാൻ മുഖ്യപ്രഭാഷണം നടത്തി.
അക്ബർ പറവണ്ണ, അബുട്ടി തലശ്ശേരി, സലിസ് പുളിക്കൽ എന്നിവർ സമ്മാനവിതരണം നിർവഹിച്ചു.
ആശയങ്ങളെ ചിന്തയിലൂടെ സർഗാത്മകമാക്കണം
അഡ്വ. തൊഹാനി
കോഴിക്കോട്: ആശയങ്ങളെ ചിന്തയിലൂടെ സർഗാത്മകമാക്കാനുള്ള പരിശ്രമങ്ങളാണ് നാം വളർത്തിയെടുക്കേണ്ടതെന്ന് എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അഡ്വ. കെ. തൊഹാനി അഭിപ്രായപ്പെട്ടു. വിസ്ഡം വിമൻ ആന്റ് ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ കോഴിക്കോട്ട് സംഘടിപ്പിച്ച ‘നേർപഥം റൈറ്റേഴ്സ് വർക്ക്ഷോപ്പ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
സർഗാത്മകതയിലൂടെ സമൂ
ഹത്തിൽ നന്മ വളർത്താനും തിന്മയെ പ്രതിരോധിക്കാനും സാധിക്കുമെന്നത് നാം മറന്നുപോകരുത്. വായനയിലൂടെ മനുഷ്യമനസ്സ് വിശാലമാക്കാനും എഴുത്തിലൂടെ ലോകത്തെ വിശാലമായി കാണാനും സാധിക്കുമെന്നത് തലമുറയിലേക്ക് പകർന്നു നൽകാൻ നമുക്ക് കഴിയണം. സാമൂഹികമായ ഉന്നമനം ലക്ഷ്യമാക്കി ചിന്തകൾക്ക് കൂടുതൽ പ്രാധാന്യം നൽകി പ്രവർത്തിക്കാൻ സാധിച്ചാൽ നിയമങ്ങളെക്കാൾ വലിയ സ്വാധീനം സർഗാത്മകതയിലൂടെ നേടിയെടുക്കാൻ സാധിക്കുമെന്നത് നാം ഗൗരവമായിക്കാണണമെന്നും അഡ്വ.
കെ. തൊഹാനി അഭിപ്രായപ്പെട്ടു.
വിവിധ ജില്ലകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട വനിതകൾ ക്കായി നടത്തിയ ശിൽപശാല എഴുത്തു രംഗത്ത് തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിക്കാൻ പ്രചോദനം നൽകുന്നതായിരുന്നു. ഇസ്ലാഹി പ്രസ്ഥാനത്തിന്റെ ഗതകാല ചരിത്രത്തിൽ തൂലികകൊണ്ട് സമുദായത്തെ സമുദ്ധരിക്കാൻ ശ്രമിച്ച വനിതകളെക്കുറിച്ചുള്ള നാസിർ ബാലുശ്ശേരിയുടെ സംസാരം വിസ്മയത്തോടെയാണ് ക്യാമ്പംഗങ്ങൾ കേട്ടിരുന്നത്. വിവിധ ആക്റ്റിവിറ്റികളിൽ അതീവതാല്പര്യത്തോടെ പങ്കെടുത്ത ക്യാമ്പംഗങ്ങൾ തങ്ങളുടെയുള്ളിൽ സർഗാത്മകതയുടെ കനലെരിയുന്നുണ്ടെന്ന് തെളിയിച്ച ശേഷമാണ് പിരിഞ്ഞുപൊയത്.
വിസ്ഡം വിമൻ സംസ്ഥാന പ്രസിഡന്റ് സഹ്റ സുല്ലമിയ്യ അധ്യക്ഷത വഹിച്ചു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ അബ്ദുല്ലത്വീഫ് മദനി, ജനറൽ സെക്രട്ടറി ടി.കെ അഷ്റഫ്, നാസിർ ബാലുശ്ശേരി, സി.പി സലീം, ഡോ. യൂസുഫ് സാഹിബ് നദ്വി ഓച്ചിറ, സി മുഹമ്മദ് അജ്മൽ, വിസ്ഡം വിമൻ സംസ്ഥാന സെക്രട്ടറി ഡോ. റസീല, അഡ്വ. ഹബീബ് റഹ്മാൻ, മുജീബ് ഒട്ടുമ്മൽ, ഉസ്മാൻ പാലക്കാഴി, അനിൽ പ്രിംറോസ്, അസ്മാബി ടീച്ചർ, ഉമ്മുസൽമ, വിസ്ഡം ഗേൾസ് സംസ്ഥാന പ്രസിഡന്റ് നുബ്ല എന്നിവർ പ്രസംഗിച്ചു.
വന്ദേമാതരം നിർബന്ധമാക്കുന്നത് ഭരണഘടനാ വിരുദ്ധം; സർക്കുലർ പിൻവലിക്കണം
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ
കോഴിക്കോട്: ദേശീയപതാക ഉയർത്തുന്ന ചടങ്ങുകളിലും വിദ്യാലയങ്ങളിലും വന്ദേമാതരത്തിന്റെ ആറു ചരണങ്ങളടങ്ങിയ പൂർണരൂപം നിർബന്ധമായും ആലപിക്കണമെന്ന പ്രോട്ടോക്കോളും അതിൻ പ്രകാരമുള്ള സംസ്ഥാന സർക്കാരിന്റെ സർക്കുലറും പിൻവലിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു. ഭരണഘടന ഉറപ്പുനൽകുന്ന മനസ്സാക്ഷിയുടെ സ്വാതന്ത്ര്യത്തിനും മതേതരത്വത്തിനും മേലുള്ള കടന്നുകയറ്റമാണിതെന്ന് സംസ്ഥാന നേതൃത്വം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
മാതൃരാജ്യത്തോടുള്ള സ്നേഹവും സേവനവും ഓരോ പൗരന്റെയും ബാധ്യതയാണ്. രാജ്യത്തിനുവേണ്ടി ജീവൻ ത്യജിച്ച സ്വാതന്ത്ര്യസമര സേനാനികളിൽ എല്ലാ വിഭാഗം ജനങ്ങളുമുണ്ട്. എന്നാൽ, ദേശസ്നേഹം തെളിയിക്കാൻ ഒരു പൗരന്റെ മതവിശ്വാസത്തെയും മനസ്സാക്ഷിയെയും ചോദ്യം ചെയ്യുന്ന രീതി ശരിയല്ല. വന്ദേമാതരത്തിന്റെ ആദ്യ ചരണങ്ങൾ മാതൃരാജ്യത്തിന്റെ സമൃദ്ധിയെയും പ്രകൃതിസൗന്ദര്യത്തെയുമാണ് വർണിക്കുന്നതെങ്കിൽ, ശേഷിക്കുന്ന ചരണങ്ങൾ വ്യക്തമായും ഒരു പ്രത്യേക മതവിഭാഗത്തിന്റെ ദൈവസങ്കൽപങ്ങളെയും ബിംബാരാധനാപരമായ ആശയങ്ങളെയുമാണ് പ്രതിഫലിപ്പിക്കുന്നത്.
ഏകദൈവവിശ്വാസത്തിൽ (തൗഹീദ്) അധിഷ്ഠിതമായി ജീവിക്കുന്ന ഒരു മുസ്ലിമിന് ദൈവമല്ലാത്ത മറ്റു ശക്തികളെയോ വ്യക്തികളെയോ സങ്കൽപങ്ങളെയോ ആരാധനാപൂർവം വാഴ്ത്തുന്നത് വിശ്വാസത്തിന് നിരക്കാത്തതാണ്. രാജ്യത്തെ സ്നേഹിക്കുന്നതും രാജ്യത്തെ ദേവതയായി സങ്കൽപിക്കുന്നതും
രണ്ടാണ്. ഒരു വ്യക്തിയെ അദ്ദേഹത്തിന്റെ വിശ്വാസത്തിന് വിരുദ്ധമായ വരികൾ നിർബന്ധിച്ച് പാടിക്കുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(a) നൽകുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും ആർട്ടിക്കിൾ 25 നൽകുന്ന മതസ്വാതന്ത്ര്യത്തിന്റെയും നഗ്നമായ ലംഘനമാണ്.
ചരിത്രപ്രധാനമായ ‘ബിജോയ് ഇമ്മാനുവൽ കേസിൽ’ (1986) സുപ്രീംകോടതി വ്യക്തമാക്കിയത്, ഒരു വ്യക്തി തന്റെ മനസ്സാക്ഷിക്കോ മതവിശ്വാസത്തിനോ വിരുദ്ധമായ കാര്യങ്ങൾ ചൊല്ലാൻ നിർബന്ധിതനാകരുത് എന്നാണ്. ചടങ്ങുകളിൽ ആദരവോടെ എഴുന്നേറ്റുനിൽക്കുന്നതുതന്നെ രാജ്യത്തോടുള്ള ആദരവല്ലേ? മനസ്സാക്ഷിക്ക് വിരുദ്ധമായ ഉച്ചാരണങ്ങൾ നിർബന്ധമാക്കുന്നത് സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളിൽ പോലും മാനസിക പ്രയാസങ്ങൾ സൃഷ്ടിക്കും.
ഇന്ത്യ വിവിധ മതങ്ങളും സംസ്കാരങ്ങളും വച്ചുപുലർത്തുന്നവർ ഒന്നിച്ചുജീവിക്കുന്ന മതേതര രാജ്യമാണ്. രാജ്യസ്നേഹത്തിന്റെ പേരിൽ ഏതെങ്കിലും ഒരു മതത്തിന്റെ സങ്കൽപങ്ങൾ പൊതുസമൂഹത്തിന് മേൽ അടിച്ചേൽപിക്കുന്നത് സർക്കാരുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലാത്തതാണ്. അതിനാൽ, പൗരന്മാരുടെ ഭരണഘടനാവകാശങ്ങളെ സംരക്ഷിച്ചുകൊണ്ട് നിലവിലെ നിർദേശങ്ങളിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും വിവാദ ഉത്തരവുകൾ പിൻവലിക്കാനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ഭാരവാഹികൾ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
മദ്റസകൾ ധാർമികതയുടെ വിളനിലമാകണം
അഡ്വ. ഫൈസൽ ബാബു എംഎൽഎ
വിസ്ഡം എജ്യൂക്കേഷൻ ബോർഡ് കോഴിക്കോട്ട് സംഘടിപ്പിച്ച മദ്റസ മാനേജ്മെന്റ് കോൺഫറൻസിൽ
അഡ്വ. ഫൈസൽ ബാബു എംഎൽഎ നടത്തിയ പ്രസംഗത്തിന്റെ സംക്ഷിപ്ത രുപം:
“ഞാൻ പങ്കെടുക്കണമെന്ന് ഏറെ ആഗ്രഹിച്ച ഒരു പരിപാടിയാണിത്. ഈ പരിപാടിയുടെ പ്രാധാന്യം ഉൾക്കൊള്ളുന്നു എന്നതാണ് അതിന്റെ കാരണം. ഏതൊരു സ്ഥാപനമായാലും എന്തിനാണ് അത് നടത്തിക്കൊണ്ടുപോകുന്നത് എന്നത് വളരെ പ്രധാനമാണ്. അത് എപ്പോഴും നമ്മുടെ മനസ്സിലുണ്ടാകണം. മദ്റസകളെ സംബന്ധിച്ചുള്ള അടിസ്ഥാനപരമായ വീക്ഷണത്തിൽ ആർക്കിടയിലും അഭിപ്രായ വ്യത്യാസമില്ല. അല്ലാഹു നമ്മുടെ രക്ഷിതാവും മുഹമ്മദ് നബിﷺ നമ്മുടെ നേതാവും ക്വുർആൻ നമ്മുടെ മാർഗദർശക ഗ്രന്ഥവുമാണ്. ഇതിൽ എല്ലാവരും യോജിക്കുന്നു. പീന്നീടുള്ളതിലാണ് വഴികൾ മാറുന്നത്.
‘ജനങ്ങൾക്കു വേണ്ടി കൊണ്ടുവരപ്പെട്ട ഉത്തമ സമുദായമാണ് നിങ്ങൾ’ എന്ന് ക്വുർആൻ പറയുന്നു. കാര്യം വളരെ വ്യക്തമാണ്. നമ്മൾ ഉത്തമ സമുദായത്തിന് ഉദാഹരണമായിരിക്കണം. അഥവാ നമ്മൾ മാതൃകാസമൂഹമായിരിക്കണം. ‘ജനങ്ങൾക്കു വേണ്ടി’ എന്നാണ് അല്ലാഹു പറഞ്ഞത്, ‘സമുദായത്തിന് വേണ്ടി’ എന്നല്ല. ഇന്ത്യയെപോലുള്ള ഒരു ബഹുമത സമൂഹത്തിൽ ഇതിന്റെ പ്രസക്തി ഏറെയാണ്. അപ്പോൾ മദ്റസയുടെ ഗുണഭോക്താക്കൾ മുസ്ലിംകൾക്കല്ലാത്തവരും ആയിരിക്കേണ്ടതില്ലേ?
മൂല്യങ്ങൾ പകർന്നുകൊടുക്കേണ്ട സ്ഥാപനമാണ് മദ്റസ. നടത്തിപ്പുകാരിലും കാലാനുസൃതമായി ടെക്നോളജി ഉപയോഗപ്പെടുത്തുന്നതിലും മാറ്റമുണ്ടായാൽ പോരാ. തർബിയ്യത്താണ് വിദ്യാർഥി, യുവജന, വനിതാഘടകങ്ങളുടെ ചുമതല. അതുതന്നെയാണ് മദ്റസയിലും നടക്കേണ്ടത്. ലഹരിയുപയോഗിക്കുന്നവരുടെയും മറ്റു കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെയും എണ്ണം കുറച്ചുകൊണ്ടുവരുന്നതിൽ മദ്റസകൾക്ക് വിജയിക്കാൻ സാധിക്കണം. അതിന് സാധിക്കുന്നില്ലെങ്കിൽ അത് പരാജയമാണ്. കുറ്റകൃത്യങ്ങളിൽ സമുദായാംഗങ്ങളുടെ പങ്കാളിത്തം വർധിച്ചുവരികയാണെങ്കിൽ അത് മദ്റസകളും പള്ളികളും സംഘടനകളും ലക്ഷ്യം കൈവരിക്കുന്നില്ല എന്നതിന്റെ അടയാളമാണ്.
‘ഉപകാരപ്രദമായ അറിവ് വർധിപ്പിച്ചുതരണേ’ എന്നു പ്രാർഥിക്കുവാനാണ് നബിﷺ പറഞ്ഞത്. മദ്റസകളിലൂടെ ലഭിക്കുന്ന അറിവ് ജീവിതത്തിലുടനീളം ഉപകാരപ്പെടണം. മദ്റസാവിദ്യാഭ്യാസത്തെ ആളുകൾ ഒരു ചടങ്ങായല്ല, അനിവാര്യതയായി മനസ്സിലാക്കണം. മദ്റസാ അധ്യാപകർക്ക് മാന്യമായി ജീവിക്കാൻ സാധിക്കണം. അതിനുതകുന്ന രൂപത്തിൽ വേതനം നൽകണം. അത് അവരോടുള്ള ഔദാര്യമല്ല, അവരുടെ അവകാശമാണ്. അവരെ നാം ചേർത്തുപടിക്കണം. അവരുടെ കുടുംബം രക്ഷപ്പെടണം.’’
