മൂന്നാം സനദ് ദാന സമ്മേളനത്തിന് പ്രൗഢമായ സമാപനം
ടി.കെ അശ്‌റഫ്
(ജനറൽ സെക്രട്ടറി, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ)
2026 ഫെബ്രുവരി 14, 1447 ശഅ്ബാൻ 26
ജാമിഅ അൽഹിന്ദ്: വർത്തമാനകാലത്തിന് വിജ്ഞാനത്തിന്റെ കരുത്തുറ്റ കാവൽ!

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെ വൈജ്ഞാനിക വിപ്ലവത്തിന് വേങ്ങര സബാഹ് സ്‌ക്വയറിൽ സുവർണ അധ്യായം കുറിക്കപ്പെട്ടിരിക്കുന്നു. ജാമിഅ അൽഹിന്ദ് അൽഇസ്‌ലാമിയ്യയുടെ മൂന്നാമത് ബിരുദദാന സമ്മേളനം ജനപങ്കാളിത്തം കൊണ്ടും അച്ചടക്കം കൊണ്ടും ചരിത്രമായി മാറി. പ്രസ്ഥാനത്തെയും ജാമിഅയെയും സ്‌നേഹിക്കുന്ന ഓരോ മനസ്സും സന്തോഷഭരിതമായ സന്ദർഭമായിരുന്നു അത്. മൂന്ന് ദിവസങ്ങളിലായി നടന്ന സമ്മേളനത്തിന്റെ സമാപനമാണ് വേങ്ങരയിൽ വെച്ച് നടന്നത്.
ജാമിഅയുടെ ലക്ഷ്യവും ദൗത്യവും എടുത്തുപറയുന്നതായിരുന്നു നേതാക്കളുടെ പ്രഭാഷണങ്ങൾ. വിസ്ഡം സംസ്ഥാന പ്രസിഡന്റ് പി.എൻ അബ്ദുല്ലത്തീഫ് മദനി, ജാമിഅ റെക്ടർ കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ, സെക്രട്ടറി ഫൈസൽ മൗലവി എന്നിവർ വിദ്യാർഥികൾക്ക് നൽകിയ സന്ദേശം ഗൗരവമേറിയതായിരുന്നു.
‘നിങ്ങളിലാണ് ഞങ്ങളുടെ പ്രതീക്ഷ; സമൂഹത്തിന് മുന്നിൽ നിങ്ങൾ നിമിത്തം ഞങ്ങൾക്ക് തലകുനിക്കേണ്ടി വരുന്ന ഒരു സാഹചര്യവും ഉണ്ടാകരുത്’ എന്ന, പണ്ഡിതന്മാരുടെ ഹൃദയസ്പർശിയായ ഉപദേശം ഓരോ വിദ്യാർഥിയുടെയും ഹൃദയത്തിൽ പുതിയൊരു കർമബോധം നിറച്ചു. പ്രമാണങ്ങളെ ദുർവ്യാഖ്യാനിച്ചും വക്രീകരിച്ചും ശിർക്ക്-ബിദ്അത്തുകളുടെ വേരുറപ്പിക്കാൻ ശ്രമിക്കുന്നവർക്കിടയിൽ ഇസ്‌ലാമിന്റെ തനതായ ആദർശം പ്രബോധനം ചെയ്യുന്നവർക്ക് വലിയ വെല്ലുവിളികൾ നേരിടേണ്ടിവരുമെന്നും അതിനെയെല്ലാം അതിജയിക്കാൻ സാധ്യമാകണമെന്നും പണ്ഡിതന്മാർ ഹികമികളെ ഓർമിപ്പിച്ചു.
സമാപന പ്രസംഗം നടത്തിയ ഹുസൈൻ സലഫി, ബിരുദം നേടി പുറത്തിറങ്ങുന്ന ‘ഹികമിമാരുടെ’ ഉത്തരവാദിത്തങ്ങളെ കൃത്യമായി വരച്ചുകാട്ടി. ‘ഇവിടെ വെച്ച് നിങ്ങൾക്ക് കൈമാറുന്നത് വെറുമൊരു സർട്ടിഫിക്കറ്റല്ല; മറിച്ച് നമ്മുടെ നന്മയ്ക്കും ദീനിന്റെ ഉയർച്ചക്കുമുള്ള ഒരു വാഗ്ദാനമാണ്. തീവ്രതയുടെ ഇരുട്ടിലേക്കോ ജീർണതയുടെ വഴുവഴുപ്പിലേക്കോ വീണുപോകാതെ, പ്രമാണത്തിന്റെ വെളിച്ചത്തിൽ സമൂഹത്തെ നയിക്കാൻ നിങ്ങൾക്ക് സാധിക്കണം. അറിവ് ഒരു അലങ്കാരമല്ല, അത് ആദർശ പ്രയാണം തുടരാനുള്ള ഇന്ധനമാണ്’-ബിരുദധാരികളായ 71 യുവപണ്ഡിതരെയും ക്വുർആൻ മനഃപാഠമാക്കിയവരെയും പണ്ഡിതന്മാർ ഓർമ്മിപ്പിച്ചു:
വിജ്ഞാനത്താൽ നയിക്കപ്പെടുന്ന ഒരു സമൂഹത്തെ വാർത്തെടുക്കുമെന്ന് സമൂഹത്തിന് നൽകിയ വാഗ്ദാനമാണ് ജാമിഅ അൽഹിന്ദ് ഇതിലൂടെ പൂർത്തീകരിച്ചുകൊണ്ടിരിക്കുന്നത്.
വിശുദ്ധ റമദാൻ പടിവാതിൽക്കൽ വന്നുനിൽക്കുന്ന ഈ പുണ്യവേളയിൽ, ജാമിഅയെയും അതിന്റെ വൈജ്ഞാനിക സംരംഭങ്ങളെയും നെഞ്ചിലേറ്റാൻ നമുക്ക് സാധിക്കണം. അറിവിന്റെ ഈ വലിയ മുന്നേറ്റത്തെ സഹായിക്കാനും ചേർത്തുപിടിക്കാനും ഈ പുണ്യമാസം നാം പ്രയോജനപ്പെടുത്തുക. നമ്മുടെ സമ്പത്തും സമയവും പ്രാർഥനയും അല്ലാഹുവിന്റെ മാർഗത്തിൽ നന്മയ്ക്കായി നമുക്ക് സമർപ്പിക്കാം.
ജാമിഅ: അൽഹിന്ദ് അൽഇസ്‌ലാമിയ്യ വനിതാ ഡെലിഗേറ്റ് കോൺഫറൻസ് സമാപിച്ചു
ന്യൂസ് ഡസ്ക്
‘സേവന വീഥിയിലെ മാതൃകാ മഹിളകൾ’

പാണക്കാട്: ജാമിഅ അൽഹിന്ദ് അൽഇസ്‌ലാമിയ്യ മൂന്നാം സനദ് ദാന സമ്മേളനത്തോടനുബന്ധിച്ച് പാണക്കാട് ലേഡീസ് ക്യാമ്പസിൽ വെച്ച് സംഘടിപ്പിക്കപ്പെട്ട വനിതാ കോൺഫറൻസ് ശ്രദ്ധേയമായി. ‘സേവന വീഥിയിലെ മാതൃകാ മഹിളകൾ’ എന്ന പ്രമേയത്തിൽ ഫെബ്രുവരി 7, ശനിയാഴ്ച നടന്ന സംഗമത്തിൽ വിവിധ മേഖലകളിൽനിന്നുള്ള പ്രമുഖരായ വനിതാജനപ്രതിനിധികളും പ്രവർത്തകരും പങ്കെടുത്തു.
വിസ്ഡം ഗേൾസ് ജാമിഅ സെക്രട്ടറി സാറാ ഹകീമിന്റെ സ്വാഗത പ്രസംഗത്തോടെ തുടക്കം കുറിച്ച പരിപാടിയിൽ വിസ്ഡം വിമൻ കേരള പ്രസിഡന്റ് സഹ്‌റ സുല്ലമിയ്യ അധ്യക്ഷത വഹിച്ചു. ജാമിഅ അൽഹിന്ദ് അൽഇസ്‌ലാമിയ്യ വനിത കോളേജ് ലക്ചറർ സിർഷിബിനി സ്വലാഹിയ്യ ആമുഖ ഭാഷണം നടത്തി. സമ്മേളനത്തിന്റെ ഉദ്ഘാടന കർമം മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ.പി സ്മിജി നിർവഹിച്ചു.
മലപ്പുറം മുനിസിപ്പാലിറ്റി ചെയർപേഴ്സൺ റിനിഷ റഫീഖ്, ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫ്രീന അഷ്‌റഫ് എന്നിവർ വിശിഷ്ടാതിഥികളായി സംബന്ധിച്ചു. വിസ്ഡം വിമൻ ട്രഷറർ എം.സി അസ്മാബി, വിസ്ഡം ഗേൾസ് ജനറൽ സെക്രട്ടറി ഹനീന ടി.കെ എന്നിവർ ആശംസകൾ അർപ്പിച്ചു. ജാമിഅ ലേഡീസ് ക്യാമ്പസ് യൂണിയൻ അൈഡ്വസർ കെ.പി ഷാഹിദ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.
അറബിക് കോൺഫറൻസ്: ചരിത്രവും ദൗത്യവും - ജാമിഅഃ അൽ ഹിന്ദ്
ന്യൂസ് ഡസ്ക്

ജാമിഅ അൽഹിന്ദ് അൽഇസ്‌ലാമിയ്യ ‘കോൺവൊക്കേഷൻ 3.0’ സമ്മേളനത്തോടനുബന്ധിച്ച് അറബിക് കോൺഫറൻസ് സംഘടിപ്പിക്കപ്പെട്ടു. ‘അറബിക് കോളേജ്: ചരിത്രവും ദൗത്യവും’ എന്ന പ്രമേയത്തിൽ നടന്ന പരിപാടി ജാമിഅ അൽഹിന്ദ് ലക്ചറർ സഅ്ഫർ സ്വാദിഖ് മദീനിയുടെ സ്വാഗത ഭാഷണത്തോടെ ആരംഭിച്ചു. ജാമിഅ അൽഹിന്ദ് പ്രൊഫസർ ഡോ. വി.എം മുഹമ്മദ് മദനി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രൊഫ. സുഹൈബ് ഹസൻ മുബാറക്ഫൂരി മുഖ്യപ്രഭാഷണം നടത്തി.
അറബിക് കോളേജുകളുടെ ചരിത്രപരമായ പ്രാധാന്യത്തെയും അവ നിർവഹിക്കേണ്ട കാലികമായ ദൗത്യങ്ങളെയും കുറിച്ച് ഗൗരവമേറിയ ചർച്ചകളാണ് കോൺഫറൻസിൽ നടന്നത്. ഡോ. എം. അബ്ദുല്ല സുല്ലമി ആമുഖ ഭാഷണം നടത്തി. ഡോ. സയ്യിദ് മുഹമ്മദ് ശാകിർ (റിട്ട. പ്രിൻസിപ്പൽ, മദീനത്തുൽ ഉലൂം അറബിക് കോളേജ്), ടി.കെ. യൂസുഫ് സലഫി (പ്രൊഫ. ജാമിഅ അൽഹിന്ദ്), ഡോ. ഷാനവാസ് പറവണ്ണ (അസി. പ്രൊഫസർ, അൻസാർ അറബിക് കോളേജ്, വളവന്നൂർ) എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ച് സംസാരിച്ചു.
വിജ്ഞാനപ്രദമായ സെഷനുകൾക്ക് ശേഷം അൻസാർ അറബിക് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. റാഫി ചെമ്പ്ര സമാപന ഭാഷണം നിർവഹിച്ചു. ജാമിഅ അൽഹിന്ദ് ലക്ചറർ മഹ്ഷൂഖ്
സ്വലാഹി കൃതജ്ഞത രേഖപ്പെടുത്തി.
അറിവിന്റെ വിസ്മയക്കാഴ്ചകളുമായി ILMSPIRE
ന്യൂസ് ഡസ്ക്

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെ കീഴിലുള്ള സ്‌കൂൾ ഓഫ് ക്വുർആൻ റെസിഡൻഷ്യൽ ക്യാമ്പസ് വിദ്യാർഥികൾ ഒരുക്കിയ "ILMSPIRE’ വൈജ്ഞാനിക എക്‌സിബിഷൻ ആകർഷകമായി. ജാമിഅ അൽഹിന്ദ് അൽഇസ്‌ലാമിയ്യ സനദ് ദാന സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കിയപ്രദർശനം കെ പിഎ മജീദ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
നമ്മൾ കണ്ടു ശീലിച്ച എക്‌സിബിഷനുകളിൽനിന്നും ഏറെ വ്യത്യസ്തമാണ് ഈ കുരുന്നുകളുടെ ലോകം. 6, 7, 8 ക്ലാസ്സുകളിലെ വിദ്യാർഥികളാണ് ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ചിരിക്കുന്നത്. സാധാരണ ഇത്തരം വേദികളിൽ കുട്ടികൾ കാണാതെ പഠിച്ച കാര്യങ്ങൾ യാന്ത്രികമായി അവതരിപ്പിക്കുന്നത് നാം കാണാറുണ്ട്. എന്നാൽ ഇവിടെ കാര്യങ്ങൾ നേരെ തിരിച്ചാണ്! ഓരോ വിഷയത്തെയും ആഴത്തിൽ മനസ്സിലാക്കി, ഹൃദയത്തിൽ ആവാഹിച്ചാണ് ഈ കുട്ടികൾ സന്ദർശകരോട് സംവദിക്കുന്നത്.
മതപരമായ അറിവുകളും ഭൗതിക വിജ്ഞാനങ്ങളും എങ്ങനെ സമഞ്ജസമായി കൂടിച്ചേരുന്നു എന്ന് ഈ കൊച്ചു മിടുക്കർ നമുക്ക് കാണിച്ചുതരുന്നു. സ്‌കൂൾ ഓഫ് ക്വുർആൻ വിഭാവനം ചെയ്ത വിദ്യാഭ്യാസ രീതി എത്രത്തോളം വിജയകരമാണ് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ കുട്ടികളുടെ ഓരോ അവതരണവും.
മത-ഭൗതിക വിജ്ഞാനങ്ങളെ ചേർത്തുപിടിച്ചുകൊണ്ട് വളർന്നുവരുന്ന ഒരു പുതിയ തലമുറയെയാണ് ലോകത്തിന് ആവശ്യം. ആ വലിയ ലക്ഷ്യത്തിലേക്ക് തങ്ങൾ പ്രാപ്തരാണെന്ന് ഈ മക്കൾ തെളിയിച്ചു കൊണ്ടിരിക്കുന്നു.
ഉദ്ഘാടന ചടങ്ങിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ കേരള വൈസ് പ്രസിഡന്റും ജാമിഅ അൽഹിന്ദ് ഡയറക്ടറുമായ ഫൈസൽ മൗലവി പുതുപ്പറമ്പ്, ജാമിഅ അൽഹിന്ദ് ലേഡീസ് ക്യാമ്പസ് പ്രിൻസിപ്പാൾ ശബീബ് സ്വലാഹി, മദീനത്തുൽ ഉലൂം അറബിക് കോളേജ് റിട്ട. പ്രിൻസിപ്പാൾ ഡോ. സയ്യിദ് മുഹമ്മദ് ശാകിർ, സ്‌കൂൾ ഓഫ് ക്വുർആൻ സി. ഇ.ഒ & പ്രിൻസിപ്പാൾ സിയാദ് അൽഹികമി, വൈസ് പ്രിൻസിപ്പാൾ ഷമീൽ മഞ്ചേരി, അക്കാഡമിക് HOD ഫാരിസ് തിരൂർ, എക്‌സിബിഷൻ കോർഡിനേറ്റർ ഹിഷാം ഹസൻ, അധ്യാപകൻ ഇംതിയാസ് തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.

