സാമൂഹിക മുന്നേറ്റത്തിന് പ്രൊഫഷണലുകൾ നേതൃത്വം നൽകണം

വിസ്ഡം പ്രൊഫൈസ്

2026 ജനുവരി 24, 1447 ശഅ്ബാൻ 05

ഫറോക്ക്: സമൂഹത്തിന്റെ ധാർമികവും സാംസ്‌കാരികവുമായ മുന്നേറ്റത്തിന് കരുത്ത് പകരാൻ പ്രൊഫഷണലുകൾ നേതൃപരമായ പങ്ക് വഹിക്കണമെന്ന ആഹ്വാനത്തോടെ പ്രൊഫൈസ് ഫാമിലി കോൺഫറൻസ് സമാപിച്ചു. വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിലാണ് രണ്ട് ദിവസമായി കോട്ടക്കടവിൽ ഫാമിലി കോൺഫറൻസ് സംഘടിപ്പിച്ചത്.

സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനവും ക്ഷേമവും മുഖ്യലക്ഷ്യമായി കാണാൻ പ്രൊഫഷണലുകൾക്ക് സാധിക്കേണ്ടതുണ്ട്. അരുതായ്മകൾക്കെതിരെ പ്രൊഫഷണലുകൾ സ്വീകരിക്കുന്ന നിലപാടുകൾ സമൂഹത്തിൽ വലിയ ചലനങ്ങളുണ്ടാക്കുമെന്നും കോൺഫറൻസ് അഭിപ്രായപ്പെട്ടു. കേരളത്തിൽ വർധിച്ച് വരുന്ന സാമുദായിക ധ്രുവീകരണ നീക്കങ്ങൾക്കെതിരെ പ്രതികരിക്കാനും ജനാധിപത്യ-മതനിരപേക്ഷ മൂല്യങ്ങളുടെ സംരക്ഷണങ്ങളിൽ ക്രിയാത്മകമായ പങ്ക് വഹിക്കാനും സാധിക്കുന്ന വിധം പ്രൊഫഷണലുകളുടെ സാമൂഹിക ജീവിതം ക്രമപ്പെടുത്തണമെന്നും അത് വലിയ സാമൂഹിക വിപ്ലവത്തിന് കാരണമാകുമെന്നും കോൺഫറൻസ് അഭിപ്രായപ്പെട്ടു.

തങ്ങളുടെ കരിയറുകൾ മികച്ചതാക്കാൻ സാധിക്കുന്ന വിധം തൊഴിലവസരങ്ങൾക്കും പ്രൊജക്ടു കൾക്കും ആവശ്യമായ സാമൂഹിക സാഹചര്യം ഒരുക്കാൻ കേരള സർക്കാർ പ്രത്യേക പദ്ധതിക്ക് രൂപം നൽകണം. സംരംഭങ്ങൾക്ക് വേണ്ടി ഒരുക്കിയ ഏകജാലക സംവിധാനങ്ങൾ കുറ്റമറ്റതാക്കാനും കാലോചിതമായ പരിഷ്‌ക്കരണങ്ങൾ കൊണ്ടുവരാനും ബന്ധപ്പെട്ട വകുപ്പുകൾക്ക് സാധിക്കണം.

മാനവിക മൂല്യങ്ങൾ കൈമാറുന്നതോടൊപ്പം മികച്ച തൊഴിലവസരങ്ങൾ സൃഷടിക്കുന്ന വിധം സ്‌കൂൾ വിദ്യാഭ്യാസം മുതലുള്ള പരിഷ്‌ക്കരണങ്ങൾ കാലോചിതമാക്കണം. മനുഷ്യന്റെ ആത്മീയ അന്വേഷണങ്ങളെ വഴിതിരിച്ച് വിടുന്ന പുരോഹിതന്മാർക്കെതിരെയും വിശ്വാസ വിമലീകരണം ലക്ഷ്യമാ ക്കിയുള്ള സാമൂഹിക മുന്നേറ്റത്തിലും പ്രാഫഷണലുകൾ പങ്കാളികളാകണമെന്നും കോൺഫറൻസ് ആവശ്യപ്പെട്ടു.

സമാപന സമ്മേളനം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പിഎൻ അബ്ദുല്ലത്വീഫ് മദനി ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടികെ അശ്‌റഫ്, വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് ടി.കെ നിഷാദ് സലഫി, ജനറൽ സെക്രട്ടറി ഡോ. വി.പി ബഷീർ, വിസ്ഡം സ്റ്റുഡന്റ്‌സ് പ്രസിഡന്റ് മുഹമ്മദ് ശമീൽ, ജംഷീർ സ്വലാഹി, അബ്ദുറഹ്‌മാൻ ചുങ്കത്തറ, ഡോ. ഷഹബാസ് കെ അബ്ബാസ്, സി.പി ഹിലാൽ സലീം, അർശദ് അൽഹികമി, ഡോ. ടി സി മുഹമ്മദ് മുബശ്ശിർ, അബ്ദുറഹ്‌മാൻ അൻസാരി, പ്രൊഫ. ഹാരിസ് ബൻ സലിം, ഡോ. മുഹമ്മദ് റോഷൻ, ഡോ. കെ.പി അബ്ദുറഹ്‌മാൻ, ഡോ. പിപി മുഹമ്മദ് മുസ്തഫ, ഡോ. ഷബിർ മുഹമ്മദ്, ഡോ. ഷഹദാദ്, ഡോ. ടി.കെ ഫവാസ്, സി മുഹമ്മദ് അജ്മൽ, ഡോ. സി.പി അബ്ദുല്ലാ ബാസിൽ, ഷംജാസ് കെ അബ്ബാസ്, എ.പി മുനവർ സ്വലാഹി, ടി.കെ ഉബൈദ് എന്നിവർ വിഷയാവതരണം നടത്തി.

4 വേദികളിൽ 12 സെഷനുകളായാണ് പ്രോഗ്രാം ക്രമീകരിച്ചത്. ഫാമിലി സെഷനുകൾക്ക് പുറമെ ബട്ടർഫ്‌ളൈസ്, സ്വീറ്റ് ബഡ്‌സ്, ലിറ്റിൽ വിംഗ്‌സ്, ടീൻ സ്‌പേയ്‌സ് എന്നിങ്ങനെ കുട്ടികളുടെ പ്രായമനുസരിച്ചും വേദികൾ ഒരുക്കി.