സംഘടനാ രംഗത്ത് കരുത്തുപകർന്ന് വിസ്ഡം നേതൃസംഗമം

ന്യൂസ് ഡസ്ക്

2026 ആഗസ്റ്റ് 22, 1448 റബീഉൽ അവ്വൽ 09

കോഴിക്കോട്: കോഴിക്കോട് ഹോട്ടൽ സ്പാനിൽ വെച്ച് നടന്ന ജില്ലാ-മണ്ഡലം പ്രസിഡന്റുമാരുടെ സംസ്ഥാനതല ശിൽപശാല പങ്കാളിത്തം കൊണ്ടും ഉള്ളടക്കം കൊണ്ടും ഏറെ ശ്രദ്ധേയമായി.

സംഘടനയുടെ അടിത്തട്ടായ യൂണിറ്റ് കമ്മിറ്റികളുമായി നേരിട്ട് ബന്ധപ്പെടുന്ന മണ്ഡലം ഭാരവാഹികൾ കൂടുതൽ കാര്യക്ഷമമാകുമ്പോൾ പ്രവർത്തനങ്ങൾ കൂടുതൽ ചടുലമാകും. പ്രവർത്തകരെ ചേർത്തുനിർത്തൽ, സംഘടനാ ഏകോപനം, നിരീക്ഷണം എന്നിവയിൽ പ്രസിഡന്റുമാർ വഹിക്കേണ്ട നിർണായക പങ്കിനെക്കുറിച്ചുള്ള കൃത്യമായ മാർഗനിർദേശങ്ങൾ ക്യാമ്പ് നൽകി. തൗഹീദും സുന്നത്തും സലഫുകളുടെ മാർഗത്തിൽ സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് എത്തിക്കുന്നതിലും വർത്തമാനകാലത്ത് പ്രബോധന രംഗത്തെ വെല്ലുവിളികളെ അതിജീവിക്കാനുള്ള മനക്കരുത്ത് പകരുന്നതിലും ക്യാമ്പ് വിജയിച്ചു. പങ്കെടുത്തവരുടെ പ്രതികരണങ്ങളിൽനിന്നുതന്നെ അവർക്ക് ലഭിച്ച കൃത്യമായ ദിശാബോധം വ്യക്തമായിരുന്നു. വരും നാളുകളിൽ ഇത് പ്രവർത്തനരംഗത്ത് വലിയ സ്വാധീനമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കാം.

ലജ്‌നത്തുൽ ബുഹൂഥിൽ ഇസ്‌ലാമിയ്യ ചെയർമാൻ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.എൻ.അബ്ദുല്ലത്വീഫ് മദനി അധ്യക്ഷത വഹിച്ചു. ടി.കെ അഷ്‌റഫ്, അബൂബക്കർ സലഫി, സി.പി.സലീം, നാസിർ ബാലുശ്ശേരി, അബ്ദുൽ ഖാദിർ പറവണ്ണ, ഫൈസൽ ഇബ്‌റാഹീം, അബ്ദുറഹ്‌മാൻ മദനി, റഷീദ് കൊടക്കാട്ട്, യു. മുഹമ്മദ് മദനി തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾക്ക് നേതൃത്വം നൽകി.


ധ്രുവീകരണ ശ്രമങ്ങൾക്കെതിരെ മാധ്യമങ്ങൾ ജാഗ്രത പാലിക്കണം

വിസ്ഡം മീഡിയ ശില്പശാല

കോഴിക്കോട്: രാജ്യത്ത് സാമുദായിക ധ്രുവീകരണത്തിനെതിരെ മാധ്യമങ്ങൾ ജാഗ്രത പാലിക്കണമെന്ന് കോഴിക്കോട്ട് നടന്ന വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന മാധ്യമ ശില്പശാല ആവശ്യപ്പെട്ടു.

ചെറിയ സംഭവങ്ങൾ പോലും വലിയ വാർത്തയായി ചില മാധ്യമങ്ങൾ അവതരിപ്പിക്കുന്നത് പരസ്പരമുള്ള വിശ്വാസ്യതയും ഐക്യവും നഷ്ടപ്പെടുന്നതിന് ഇടയാക്കുന്നുണ്ട്. ഇത് രാജ്യത്ത് നിലനിൽക്കുന്ന സാമൂഹിക ഐക്യം തകരാനിടയാക്കുമെന്ന് വർക്ക്‌ഷോപ്പ് അഭിപ്രായപ്പെട്ടു.

വർഗീയ ചിന്തകളും വിദ്വേഷ പ്രചാരണങ്ങളും നടത്തുന്ന ഓൺലൈൻ മീഡിയകൾക്ക് നിയന്ത്രണം കൊണ്ടുവരണം.

രാജ്യത്ത് വർഗീയ സ്വഭാവത്തിലുള്ള അക്രമങ്ങളും കൊലപാതകങ്ങളും വർധിച്ചു വരുന്നത് ആശങ്കാജനകമാണ്. ഇത്തരം അക്രമങ്ങൾക്കു പിന്നിൽ ഭരണ സംവിധാനത്തിന്റെ പിന്തുണയുണ്ടെന്ന പരാതികൾ സംയുക്ത പാർലമെന്ററി നിശ്ചയിച്ച് അന്വേഷണം നടത്തണം.

വാർത്തകളുടെ വിശ്വാസ്യത ഉറപ്പാക്കാതെയും വസ്തുതകൾ പരിശോധിക്കാതെയും വാർത്തകൾ പ്രചരിപ്പിക്കുന്ന മാധ്യമങ്ങളെ പൊതുസമൂഹം അവഗണിക്കണം.

മാധ്യമ സ്വാതന്ത്ര്യത്തോടൊപ്പം വാർത്തകളിലെ വസ്തുതാപരതയും ഉത്തരവാദിത്തവും ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. വ്യാജവാർത്തകളും ഏകപക്ഷീയമായ പ്രചാരണങ്ങളും സമൂഹത്തിൽ തെറ്റിദ്ധാരണയും വിഭജനവും സൃഷ്ടിക്കുന്നതിനാൽ ഇത്തരം പ്രവണതകൾക്കെതിരെ ജാഗ്രത പാലിക്കണം.

വിശ്വാസ്യതയും മാധ്യമ ധാർമികതയും ഉയർത്തിപ്പിടിക്കുന്ന മാധ്യമങ്ങൾക്ക് പ്രോത്സാഹനം നൽകണമെന്നും ശില്പശാല ആവശ്യപ്പെട്ടു.

എം.എ.റസാഖ് മാസ്റ്റർ എം. എൽ.എ ഉദ്ഘാടനം ചെയ്തു. വിസ്ഡം സംസ്ഥാന സെക്രട്ടറി അബ്ദുല്ലഫാസിൽ അധ്യക്ഷത വഹിച്ചു. ചന്ദ്രിക ചീഫ് എഡിറ്റർ കമാൽ വരദൂർ, വിസ്ഡം സംസ്ഥാന പ്രസിഡന്റ് പി. എൻ. അബ്ദുല്ലത്വീഫ് മദനി, സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അഷ്‌റഫ്, സംസ്ഥാന വൈസ് പ്രസിഡന്റ് അബൂബക്കർ സലഫി, സംസ്ഥാന സെക്രട്ടറി നാസിർ ബാലുശ്ശേരി, വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന സെക്രട്ടറി റിഷാദ് അൽ ഹികമി പൂക്കാടഞ്ചേരി, വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി.പി. നസീഫ്, സി.പി.സലീം, ഡോ. സി. മുഹമ്മദ് റാഫി, സലാം സുറുമ, ഡോ.വി.അബ്ദുല്ലത്വീഫ്, ഹൈദർ അലി തൃശൂർ എന്നിവർ പ്രസംഗിച്ചു. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽനിന്നായി പബ്ലിക് റിലേഷൻ, മീഡിയ അംഗങ്ങൾ ശില്പശാലയിൽ പങ്കെടുത്തു.