നന്മയുടെ സന്ദേശം പകരേണ്ടത് മതസംഘടനകളുടെ ധർമം

വിസ്ഡം മലപ്പുറം വെസ്റ്റ് ജില്ലാസമ്മേളനം

2026 ഒക്ടോബർ 10, 1448 റബീഉൽ ആഖിർ 29

മമ്പാട്: സമൂഹത്തിനു നന്മയുടെ സന്ദേശം പകരേണ്ടത് മതസംഘടനകളുടെ ധർമമാണെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച ജില്ലാ ആദർശ പഠനസംഗമം അഭിപ്രായപ്പെട്ടു. വർത്തമാനകാലത്ത് സമൂഹത്തെ വഴിതെറ്റിക്കാൻ ബോധപൂർവം പരിശ്രമങ്ങൾ നടക്കുന്നതുകൊണ്ട് ദൈവിക സന്ദേശങ്ങൾ പകർന്നു നൽകാനും നന്മ-തിന്മകൾ വേർതിരിച്ച് ബോധ്യപ്പെടുത്താനുമുള്ള പരിശ്രങ്ങൾ മത സംഘടനകൾ ജാഗ്രതയോടെ തുടരണം.

സോഷ്യൽ മീഡിയകളിൽ വരുന്ന എല്ലാ വാർത്തകളെയും പിന്തുടർന്ന് സമൂഹത്തിൽ ഭയം സൃഷ്ടിക്കേണ്ടവരല്ല മതസംഘടനകളെന്നും പ്രതിസന്ധികളെ തരണം ചെയ്യാൻ സമൂഹത്തെ പ്രാപ്തരാക്കി, ദിശാ ബോധം പകർന്നുനൽകുകയാണ് അവയുടെ ദൗത്യമെന്നതും തിരിച്ചറിയാൻ സാധിക്കണമെന്നും ജില്ലാ ആദർശ പഠനസംഗമം ഓർമപ്പെടുത്തി

‘വ്യക്തി, സമൂഹം, സംസ്‌കരണം’എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ആദർശ പഠന ക്യാമ്പ് പ്രമുഖ പണ്ഡിതൻ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് റഷീദ് കാരപ്പുറം അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ പി.കെ. ബഷീർ, എ.പി. അനിൽകുമാർ എന്നിവർ മുഖ്യാതിഥികളായി. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് അബൂബക്കർ സലഫി, ജനറൽ സെക്രട്ടറി ടി.കെ. അഷ്‌റഫ്, പ്രൊഫസർ ഹാരിസ് ബിൻ സലീം, സ്വാദിഖ് മദീനി, ഹംസ മദീനി, ശിഹാബ് എടക്കര, സഅ്ഫർ സ്വാദിഖ് മദീനി, ശരീഫ് കാര, സമീർ മുണ്ടേരി എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു..

ക്യാമ്പിന്റെ ഭാഗമായി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ബാലസമ്മേളനത്തിന് ജൗഹർ ഒഴുകൂർ, ഫൗസുല്ല സി.പി, തൗഫീഖ് അസ്‌ലം, ശമീം ചുങ്കത്തറ, സുഹൈർ മരുത എന്നിവർ നേതൃത്വം നൽകി. ജില്ലാ സെക്രട്ടറി അബ്ദുൽ വഹാബ് സ്വലാഹി, വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.പിപി നസീഫ്, സെക്രട്ടറി ജംഷീർ സ്വലാഹി, അബ്ദുന്നാസിർ സ്വലാഹി, വി കെ അബ്ദുൽ ഗഫൂർ, ശമീം സ്വലാഹി, സ്വിദ്ദീഖ് സ്വലാഹി, അനീസ് തൂത, അർഷിദ് മാനു പ്രസംഗിച്ചു.


ആത്മീയ ചൂഷണ കേ ന്ദങ്ങൾക്കെതിരെ നടപടി അനിവാര്യം

വിസ്ഡം കാസർകോട് ജില്ലാ ആദർശ സമ്മേളനം

കാസർകോട്: സമൂഹത്തിന്റെ അജ്ഞതയും വിശ്വാസ താൽപര്യങ്ങളും ചൂഷണം ചെയ്ത് ആത്മീയതയുടെ മറവിൽ വലിയ തട്ടിപ്പുകളാണ് നാട്ടിൽ നടന്നുകൊണ്ടിരിക്കുന്നതെന്നും ആത്മീയ ചികിത്സ എന്ന പേരിൽ സാധാരണക്കാരെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്ന ഇത്തരം കേന്ദ്രങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ കാസർകോട് ജില്ലാ കമ്മിറ്റി മൊഗ്രാലിൽ സംഘടിപ്പിച്ച ജില്ലാ ആദർശ സമ്മേളനം ആവശ്യപ്പെട്ടു.

കേരളത്തിന്റെ പലഭാഗങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും ഇത്തരം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഏതൊരു സാധാരണക്കാരനും സിദ്ധവേഷം കെട്ടി ഒരു സുപ്രഭാതത്തിൽ ചികിത്സ തുടങ്ങാം എന്ന അവസ്ഥയിൽ വരെ കാര്യങ്ങൾ എത്തി നിൽക്കുന്നു. ആത്മീയ ചൂഷണകേന്ദ്രങ്ങളെ ഇല്ലാതാക്കാൻ അതാത് സമുദായങ്ങളിലുള്ളവർ തന്നെ രംഗത്തു വരേണ്ടതുണ്ട്.

വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി അബ്ദുൽ മാലിക് സലഫി ഉദ്ഘാടനം ചെയ്തു. വിസ്ഡം ജില്ലാ പ്രസിഡന്റ് അബൂബക്കർ ഉപ്പള അധ്യക്ഷത വഹിച്ചു. മുനവ്വർ സ്വലാഹി, മുജാഹിദ് അൽഹികമി, മൂസ സ്വലാഹി കാര എന്നിവർ പ്രഭാഷണം നടത്തി. വിസ്ഡം ജില്ലാ സെക്രട്ടറി ആർ.കെ. അബ്ദുറഹ്‌മാൻ, ശിഹാബ് മൊഗ്രാൽ, അനീസ് മദനി, ജാഫർ മൊഗ്രാൽ, അഷ്‌കർ ഇബ്‌റാഹിം പ്രസംഗിച്ചു.