തൃശൂരിൽ ചരിത്രമായി ‘മുജാഹിദ് ചരിത്ര സമ്മേളനം’
ന്യൂസ് ഡസ്ക്
2026 സെപ്തംബർ 26, 1448 റബീഉൽ ആഖിർ 15

തൃശൂർ: ‘ചരിത്രം അറിയാത്തവർക്ക് വർത്തമാനകാലത്തെ മനസ്സിലാക്കാനോ ഭാവി കെട്ടിപ്പടുക്കാനോ സാധിക്കില്ല’ എന്നു പറയാറുണ്ട്. മനുഷ്യരാശിയുടെ വികാസത്തിൽ ചരിത്ര പഠനത്തിനുള്ള പ്രാധാന്യമാണ് അതു വ്യക്തമാക്കുന്നത്. കഴിഞ്ഞുപോയ സംഭവങ്ങളുടെ വെറുമൊരു നിഴൽ രൂപമല്ല ചരിത്രം; മറിച്ച് മനുഷ്യന്റെ അതിജീവനത്തിന്റെയും വളർച്ചയുടെയും അനുഭവപാഠങ്ങളാണത്. മനുഷ്യരാശി നേരിട്ട യുദ്ധങ്ങൾ, രാഷ്ട്രീയ മുന്നേറ്റങ്ങൾ, സാമൂഹിക മാറ്റങ്ങൾ, പകർച്ചവ്യാധികൾ എന്നിവയെല്ലാം ചരിത്രം നമ്മെ ഓർമിപ്പിക്കുന്നു. മുൻകാലങ്ങളിൽ ഉണ്ടായ അബദ്ധങ്ങളും പരാജയങ്ങളും തിരിച്ചറിഞ്ഞ്, വർത്തമാനകാലത്ത് അവ ആവർത്തിക്കാതിരിക്കാൻ ചരിത്ര പഠനം നമ്മെ സഹായിക്കുന്നു.
ചരിത്രം പഠിക്കുന്നതിലൂടെ വസ്തുതകൾ പരിശോധിക്കാനും കാര്യകാരണങ്ങൾ അപഗ്രഥിക്കാനുമുള്ള ശേഷി ലഭിക്കുന്നു. വിവിധ സംസ്കാരങ്ങളെയും ജനവിഭാഗങ്ങളെയും കുറിച്ച് പഠിക്കുമ്പോൾ മനുഷ്യരിൽ പരസ്പര ബഹുമാനവും സഹിഷ്ണുതയും വളരുന്നു. ലോകത്തിലെ പലവിധ വൈവിധ്യങ്ങളെ മനസ്സിലാക്കാനും മറ്റുള്ളവരുടെ കാഴ്ചപ്പാടുകളെ വിലയിരുത്താനും ഇത് നമ്മെ പ്രാപ്തരാക്കുന്നു.
ചരിത്രപഠനം എന്നത് വെറുമൊരു അക്കാദമിക് വിഷയമല്ല; മറിച്ച് അത് ഒരു ജനതയുടെ ഓർമ ശക്തിയാണ്. മുൻതലമുറകളുടെ അനുഭവങ്ങളുടെ വെളിച്ചത്തിൽ കൂടുതൽ മെച്ചപ്പെട്ട, സമാധാന പൂർണമായ ഒരു ഭാവി നിർമിക്കാൻ ചരിത്രത്തി നിന്നുള്ള അറിവുകൾ സഹായിക്കുന്നു.
ഇരുട്ടിന്റെ വക്താക്കൾക്ക് ചരിത്ര യാഥാർഥ്യങ്ങളെ എന്നും ഭയമാണ്. അത് ഭരണകൂടമാണെങ്കിൽ ആസൂത്രിതമായി ചരിത്രത്തെ അപനിർമിക്കും. തങ്ങളുടെ താൽപര്യങ്ങൾക്ക് അനുകൂലമായതും തിരു ത്തിയെഴുതിയതും മാത്രം പുതുതലമുറ മനസ്സിലാക്കിയാൽ മതി എന്നു തീരുമാനിക്കും. അതാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നാം കണ്ടുകൊണ്ടിരിക്കുന്നത്.
കേരളത്തിലെ മുസ്ലിംകളെ ഇന്നു കാണുന്ന സർവരംഗത്തുമുള്ള പുരോഗതിയിലേക്കു നയിച്ചത് മുജാഹിദ് പ്രസ്ഥാനമാണെന്നത് ചരിത്ര യാഥാർഥ്യമാണ്. എന്നാൽ, സമുദായത്തെ അധോഗതിയിൽ തളച്ചിടാനും നവോത്ഥാന സംരംഭങ്ങളെ അടിച്ചമർത്താനും ശ്രമിച്ചവർ ചരിത്രം തിരുത്തിയെഴുതുകയും സമുദായത്തെ മുന്നിൽനിന്നും നയിച്ചവർ തങ്ങളാണെന്നു വരുത്തിത്തീർക്കാൻ ശ്രമിക്കുകയും ചെയ്യുന്ന വിരോധാഭാസത്തിനും നമുക്ക് സാക്ഷികളാകേണ്ടിവരുന്നു.
ഈ പശ്ചാത്തലത്തിലാണ് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ തൃശൂർ ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ മുജാഹിദ് ചരിത്രസമ്മേളനം സംഘടിപ്പിച്ചത്. തൃശൂർ വിവേകോദയം ഹയർസെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചരിത്ര സമ്മേളനം ജനപങ്കാളിത്തം കൊണ്ടും വിഷയാവതരണങ്ങളുടെ സമഗ്രതകൊണ്ടും ഏറെ ശ്രദ്ധേയമായി. ശിർക്കിനും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെും, സമുദായ മക്കൾക്ക് മത-ഭൗതിക വിദ്യാഭ്യാസം നൽകാൻ വേണ്ടിയുമൊക്കെ പൂർവകാല മുജാഹിദ് പണ്ഡിതന്മാരും നേതാക്കളും സഹിച്ച ത്യാഗങ്ങളും അവരുടെ അവിശ്രമ പരിശ്രമങ്ങളുമൊക്കെ വിശദീകരിക്കപ്പെട്ടത് വിസ്മയത്തോടെയാണ് ആളുകൾ ശ്രവിച്ചത്.
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന അധ്യക്ഷൻ പി.എൻ. അബ്ദുലത്വീഫ് മദനി ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് അശ്റഫ് സുല്ലമി അധ്യക്ഷത വഹിച്ചു. തൃശൂർ എം.എൽ.എ. രാജൻ പല്ലൻ മുഖ്യാതിഥിയായി. ജാമിഅ അൽഹിന്ദ് ഇസ്ലാമിയ്യ ഡയറക്ടർ ഫൈസൽ മൗലവി, ഡോ.ഷാനവാസ് പറവണ്ണ, സി.പി. സലീം, മുജാഹിദ് ബാലുശ്ശേരി, ശിഹാബ് എടക്കര, അബ്ദുല്ലത്വ ീഫ് സുല്ലമി, അർഷദ് താനൂർ, അൻവർ അബൂബക്കർ, റംഷാദ് സ്വലാഹി, ജഅ്ഫർ സലഫി, ആശിഖ് അലി, ശുഐബ് മദീനി, നസ്റുല്ലാഹ് മസ്ഊദ്, റിദ്വാൻ പാടൂർ തുടങ്ങിയവർ
വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. വിസ്ഡം ജില്ലാ ജോയിന്റ് സെക്രട്ടറി വി.എച്ച്. ഹുസൈൻ സ്വാഗതവും കാജാ സലഫി നന്ദിയും പറഞ്ഞു.
