മംഗലാപുരം സലഫി കോൺഫറൻസ് പ്രൗഢമായി

ന്യൂസ് ഡസ്ക്

2026 മെയ് 16, 1447 ദുൽഖഅദ് 27

മംഗലാപുരം: മംഗലാപുരം തലപ്പാടിയിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെയും കർണാടക സലഫി അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ നടന്ന സലഫി കോൺഫറൻസ് പ്രൗഢമായി. കേരളത്തിലെ വിവിധ നഗര-ഗ്രാമാന്തരങ്ങളിൽ നടന്നുവരുന്ന ആദർശപ്രയാണ സമ്മേളനങ്ങളിൽ മുഴങ്ങിക്കേൾക്കുന്ന ഉറച്ച ശബ്ദങ്ങൾ, അതിർത്തികളും ദേശങ്ങളും ഭാഷകളും ഭേദിച്ച് കേരളക്കരക്കപ്പുറവും ജനഹൃദയങ്ങളിൽ പ്രതിധ്വനിക്കുകയാണ്.

ഏതൊരു മനുഷ്യന്റെയും നിർഭയത്വത്തിന്റെയും വിമോചനത്തിന്റെയും ആധാരം കറകളഞ്ഞ ഏകദൈവവിശ്വാസമാണ്. ലോകത്താകമാനം വന്ന പ്രവാചകന്മാരും അവരുടെ പിൻഗാമികളും പ്രപഞ്ച സ്രഷ്ടാവിന്റെ ഈ സത്യമതത്തെ എങ്ങനെ പഠിച്ച് മനസ്സിലാക്കി പ്രാവർത്തികമാക്കിയോ, അതേ പാത പിന്തുടരുമ്പോഴാണ് ഈ വിശ്വാസം വിജയത്തിന് നിദാനമാകുന്നത്. മലയാളത്തിന് പുറമെ ബ്യാരിയിലും ഉറുദുവിലുമുള്ള പ്രഭാഷണങ്ങളിലൂടെ ഈ സന്ദേശം ഫലപ്രദമായി എത്തിക്കാനായി.

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി എൻ അബ്ദുല്ലത്തീഫ് മദനി സമ്മേളനം ഉദ്ഘാടനം ചെയ്തു. യു. എ.ഇ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രസിഡന്റും പ്രഭാഷകനുമായ ഹുസൈൻ സലഫി ഷാർജ മുഖ്യപ്രഭാഷണം നിർവഹിച്ചു.

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി സി പി സലീം, കർണാടക സലഫി അസോസിയേഷൻ പ്രസിഡന്റ് ഡോ. ഹഫീസ് സ്വലാഹി, ജനറൽ സെക്രട്ടറി യാസിർ അൽഹികമി, സർഫറാസ് ഫൈസി, ഇജാസ് സ്വലാഹി, നസീർ സലഫി, അബ്ദുല്ല ഫർഹാൻ എന്നിവർ സംസാരിച്ചു. മംഗലാപുരത്തെ പ്രധാനപ്പെട്ട മതവിജ്ഞാന കേന്ദ്രമായ അൽബയാൻ അറബിക് കോളേജിന്റെ പുതിയ ക്യാമ്പസിന്റെ നിർമാണ പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനവും പി എൻ അബ്ദുല്ലത്തീഫ് മദനി നിർവഹിച്ചു.


ഉള്ളാൾ ദർഗക്ക് സമീപം തൗഹീദിന്റെ ശബ്ദമുയർത്തിയ മുഖാമുഖം

ന്യൂസ് ഡസ്ക്

മംഗലാപുരം: മുഖാമുഖം പ്രഖ്യാപിച്ചതു മുതൽ അവസാന നിമിഷം വരെ തടസ്സങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചവരുടെ കുതന്ത്രങ്ങളെ പരാജയപ്പെടുത്തി ഉള്ളാൾ ദർഗക്ക് സമീപം നടന്ന മുഖാമുഖം പുതിയ ചരിത്രമായി. സമസ്തക്കാരായ നിരവധിയാളുകൾ പരിപാടി കേൾക്കാനും ചോദ്യങ്ങൾ ഉന്നയിക്കാനും എത്തിയിരുന്നു.

നിയമപാലകരുമായി നിരന്തരം ബന്ധപ്പെട്ട് പ്രസ്തുത പരിപാടി എങ്ങനെയെങ്കിലും നടത്താതിരി ക്കാൻ ആദർശവിരോധികൾ നടത്തിയ മുഴുവൻ പരിശ്രമവും വിഫലമായി. പ്രൗഢമായ മൂന്ന് വിഷയാവ തരണങ്ങൾക്ക് ശേഷം ദീർഘസമയം ചോദ്യോത്തരങ്ങ നടന്നു. ക്വബ്ർ സിയാറത്ത് എങ്ങനെയാണ് ക്വബ്‌റാരാധനയിലേക്ക് വഴിമാറുന്നത് എന്ന് വ്യക്തമായി വിശദീകരിക്കപ്പെട്ടു.

‘എന്റെ ക്വബ്‌റിനെ ആരാധനാകേന്ദ്രമാക്കരുത്’ എന്ന, നബിﷺയുടെ കൽപനയുടെ വിവക്ഷ എന്താണ് എന്നതും ചർച്ചക്ക് വന്നു. മരിച്ചവർ എല്ലാം കേൾക്കും എന്ന് വാദിച്ച് വന്ന മുസ്‌ല്യാർക്ക് പക്ഷേ, അതിന് തെളിവ് നിരത്താൻ കഴിഞ്ഞില്ല. മരിച്ചവർ കേൾക്കുകയില്ല എന്നതാണ് അടിസ്ഥാന വിധി എന്നും എന്നാൽ അല്ലാഹു കേൾപിച്ചു/കേൾപിക്കും എന്നതിൽ പ്രമാണം വന്നതിനെ നാം സ്വീകരിക്കും എന്നതും വിശദീകരിക്കപ്പെട്ടു. ബദ്ർ ദിനത്തിൽ കിണറ്റിലെറിയപ്പെട്ട മുശ്‌രിക്കുകൾ കേട്ടതും മരിച്ചവർ മറമാടാൻ വന്നവരുടെ ചെരിപ്പിന്റെ ശബ്ദം കേൾക്കുന്നതും മരണപ്പെട്ടവർ എപ്പോഴും എല്ലാതും കേൾക്കുമെന്നതിന് തെളിവാകുന്നതെങ്ങനെ എന്ന ചോദ്യത്തിനും അങ്ങനെയെങ്കിൽ മുശ്‌രിക്കിനും കറാമത്തുണ്ടോ എന്നതിനും വിശദീകരണം നൽകാൻ മുസ്‌ലിയാക്കന്മാർക്ക് കഴിഞ്ഞില്ല. അവസാനം കുഴപ്പം സൃഷ്ടിക്കാൻ മുസ്‌ലിയാക്കന്മാർ ശ്രമിച്ചുനോക്കിയെങ്കിലും അത് വിഫലമായി.