നിയമനങ്ങളിലെ സംവരണാനുകൂല്യങ്ങൾ കാര്യക്ഷമമായി നടപ്പാക്കണം
വിസ്ഡം വിദ്യാഭ്യാസ ബോർഡ്
2026 മാർച്ച് 07, 1447 റമദാൻ 17

കോഴിക്കോട്: ന്യൂനപക്ഷങ്ങൾക്ക് അവസരസമത്വവും പ്രാതിനിധ്യവും ഉറപ്പാക്കാൻ ഭരണഘടന അനുശാസിക്കുന്ന സംവരണാനുകൂല്യങ്ങൾ നിയമനങ്ങളിലും കാര്യക്ഷമമായി നടപ്പാക്കണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ വിദ്യാഭ്യാസ ബോർഡ് ആവശ്യപ്പെട്ടു. തൊഴിലിടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുസ്‌ലിം സമുദായത്തിന്റെ പ്രാതിനിധ്യം ഇപ്പോഴും വളരെ പിന്നിലാണ്. അവസരസമത്വം നടപ്പിലാക്കാൻ പ്രത്യേക പദ്ധതികളാവിഷ്‌കരിച്ച് പരിഹാര നടപടികൾ കൈക്കൊള്ളണം. വിദ്വേഷ പ്രചാരകരുടെ വ്യാജ പ്രസ്താവനകളെ വിശ്വാസത്തിലെടുക്കരുതെന്നും സമുദായത്തിന് അപരത്വം കൽപിച്ച് നൽകുന്ന പ്രവണതകളിൽനിന്ന് കേരളമെങ്കിലും മാറി നിൽക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.
പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ലോകരാഷ്ട്രങ്ങൾ ഇടപെടണം. യുദ്ധക്കെടു തിയനുഭവിക്കുന്ന പ്രവാസികളുടെ ദുരിതമകറ്റാൻ പ്രത്യേക സംവിധാനമൊരുക്കണം. പ്രവാസികൾക്ക് സുരക്ഷയൊരുക്കാനും ആത്മബലം നൽകാനും സർക്കാർ തയാറാകണമെന്നും വിദ്യാഭ്യാസ ബോർഡ് യോഗം ആവശ്യപ്പെട്ടു.
വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ടി.കെ. അഷ്‌റഫ് മുഖ്യപ്രഭാഷണം നിർവ ഹിച്ചു. സെക്രട്ടറി നാസിർ ബാലുശ്ശേരി അധ്യക്ഷത വഹിച്ചു. ഡോ. ഷഹദാദ്, സി. മുഹമ്മദ് അജ്മൽ, എംകെ ഇർഫാൻ സ്വലാഹി, ശംജാസ് കെ അബ്ബാസ്, പിവി അനിൽ പ്രിംറോസ്, ശൗക്കത്തലി അൻസാരി, മുജീബ് ഒട്ടുൽ തുടങ്ങിയവർ സംസാരിച്ചു.
2026-29 വർഷത്തേക്കുള്ള വിസ്ഡം വിദ്യഭ്യാസ ബോർഡ് രൂപവത്കരിച്ചു. ഭാരവാഹികൾ: നാസിർ ബാലുശ്ശേരി (ചെയർമാൻ), എം.കെ. ഇർഫാൻ സ്വലാഹി (സെക്രട്ടറി), പി.ഒ. ഉമർ ഫാറൂഖ് (ട്രഷറർ), ശൗക്കത്തലി അൻസാരി (വൈസ് ചെയർമാൻ), മുജീബ് ഒട്ടുമ്മൽ (ജോ.സെക്രട്ടറി).
ആത്മീയ ഉണർവേകി രണ്ടാമത്തെ ഹജ്ജ് ക്യാമ്പ് സമാപിച്ചു
ന്യൂസ് ഡസ്ക്
പാണ്ടിക്കാട്: വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാനത്തുടനീളം സംഘടിപ്പിച്ചുവരുന്ന ഹജ്ജ് പഠന ക്യാമ്പുകളുടെ പരമ്പരയിലെ രണ്ടാമത്തെ ക്യാമ്പ് മലപ്പുറം ജില്ലാ സമിതിയുടെ നേതൃത്വത്തിൽ പാണ്ടിക്കാട് ഇല്ലം ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കപ്പെട്ടു.
ഏകദൈവാരാധനയുടെ മഹത്ത്വം പ്രാഘോഷിക്കുന്ന ഈ പുണ്യയാത്രയ്ക്ക് ഒരുങ്ങുന്നവർക്ക് കൃത്യമായ ദിശാബോധം നൽകുന്നതായിരുന്നു ക്ലാസുകൾ. മുഹമ്മദ് സ്വാദിഖ് മദീനി, സഅ്ഫർ സ്വാദിഖ് മദീനി എന്നിവർ ഹജ്ജുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ആഴത്തിലുള്ള വിജ്ഞാനം പകർന്നുനൽകി. വിസ്ഡം പണ്ഡിതസഭയുടെ അധ്യക്ഷനും പ്രമുഖ ക്വുർആൻ വിവർത്തകനുമായ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂരിന്റെ നേതൃത്വത്തിൽ നടന്ന പ്രായോഗിക പരിശീലനവും സംശയനിവാരണ സെഷനും യാത്രതിരിക്കുന്ന വിശ്വാസികൾക്ക് ഏറെ പ്രയോജനപ്രദമായി.
വിസ്ഡം മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുന്നാസ്വിർ സ്വലാഹി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി അബ്ദുൽ വഹാബ് സ്വലാഹി സ്വാഗതം പറഞ്ഞു. സമീർ മുണ്ടേരി സമാപന പ്രഭാഷണം നിർവഹിച്ചു. ഹാജിമാർക്ക് ആവശ്യമായ വിജ്ഞാനപ്രദമായ പുസ്തകങ്ങൾ ഉൾക്കൊള്ളിച്ച ബുക് ഫെയറും ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിരുന്നു.

