ലഹരിക്കെതിരെ ‘തൂഫാൻ’ കരുത്തുറ്റതാക്കണം
വിസ്ഡം സ്റ്റുഡന്റ്‌സ്
2026 ജൂൺ 13, 1447 ദുൽഹിജ്ജ 27

വേങ്ങര: സംസ്ഥാന സർക്കാരിന്റെ ലഹരി വിമുക്ത പദ്ധതിയായ ‘തൂഫാൻ’ മികച്ച തുടക്കമാണെന്നും ഇതിന്റെ തുടർപ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണമെന്നും വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു. തോട്ടശ്ശേരിയറയിൽ നടന്ന സി.ആർ.ഇ (തുടർ മത പഠന വിദ്യാഭ്യാസ പദ്ധതി) പുതിയ അധ്യയന വർഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിലാണ് സംഘടന ഈ ആവശ്യം ഉന്നയിച്ചത്.
ലഹരി നിർമാർജന പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു. വിദ്യാർഥികൾ, അധ്യാപകർ, യുവജനങ്ങൾ, വീട്ടമ്മമാർ, സന്നദ്ധ സംഘടനകൾ എന്നിവരെയെല്ലാം ഏകോപിപ്പിച്ച് വിപുലമായ കർമപദ്ധതികൾ ആവിഷ്‌കരിക്കണം. സമൂഹത്തിലെ നാനാതുറകളിലുള്ളവരെ പങ്കാളികളാക്കിയാൽ മാത്രമെ ലഹരിക്കെതിരായ പോരാട്ടം സുസ്ഥിരവും വിജയകരവുമാകൂ എന്ന് സംഗമം അഭിപ്രായപ്പെട്ടു.
ഹൈസ്‌കൂൾ മുതൽ ഡിഗ്രി വരെയുള്ള വിദ്യാർഥികൾക്കായുള്ള വ്യവസ്ഥാപിത മതപഠന പദ്ധതിയായ സി.ആർ.ഇയുടെ ഈ വർഷത്തെ ക്ലാസുകൾ സംസ്ഥാനത്തെ മണ്ഡലം കേന്ദ്രങ്ങളിൽ ആരംഭിച്ചു. തോട്ടശ്ശേരിയറയിൽ നടന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം ടി.പി. അഷ്‌റഫ് അലി എം. എൽ.എ നിർവഹിച്ചു. വിസ്ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന പ്രസിഡന്റ് ടി. മുഹമ്മദ് ശമീൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറിമാരായ മുഹമ്മദ് ബിൻ അലവി, റിഷാദ് അൽഹികമി, ജസീം പെരിന്തൽമണ്ണ, സ്റ്റേറ്റ് സി.ആർ.ഇ വിംഗ് കൺവീനർ ഷിയാദ് ഹസൻ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റ് ഹനീഫ ഓടക്കൽ, വൈസ് പ്രസിഡന്റ് ആസിഫ് സ്വലാഹി, പി. ഇബ്‌റാഹീം, ഇസ്മാഈൽ തോട്ടശ്ശേരിയറ, ഫസ്‌ലു റഹ്‌മാൻ ചെങ്ങനി, ഇർഷാദ് കൊളപ്പുറം തുടങ്ങിയവർ പങ്കെടുത്തു.

