വിസ്ഡം എജ്യുക്കേഷൻ ബോർഡ് ‘എക്‌സലൻസ് സമ്മിറ്റി’ന് പ്രൗഢമായ സമാപനം
ന്യൂസ് ഡസ്ക്
2026 ജൂൺ 20, 1448 മുഹർറം 05
പൊതുവിദ്യാഭ്യാസ - ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു.

ആലത്തിയൂർ: വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ എജ്യുക്കേഷൻ ബോർഡിന്റെ ആഭിമുഖ്യത്തിൽ ദാറുൽ ക്വുർആൻ ആലത്തിയൂർ-തിരൂരിൽ വെച്ച് സംഘടിപ്പിച്ച ‘എക്‌സലൻസ് സമ്മിറ്റ്’ അറിവു കളുടെയും ആദരവുകളുടെയും വിസ്മയ വേദിയായി മാറി. വിസ്ഡം എജ്യുക്കേഷൻ ബോർഡിനു കീഴിലുള്ള മദ്‌റസകളിലെ 5,8 ക്ലാസുകളുടെ പൊതുപരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എപ്ലസ് നേടിയ കുട്ടികളാണ് സമ്മിറ്റിൽ പങ്കെടുത്തത്.
പൊതുവിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ, വഖ്ഫ് വകുപ്പ് മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെ ഔദ്യോഗിക വേദിയിലെത്തിയ ബഹു. മന്ത്രി എൻ. ഷംസുദ്ദീൻ സമ്മിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ആധുനിക കാലഘട്ടത്തിലെ വിദ്യാഭ്യാസ മുന്നേറ്റങ്ങളെയും ന്യൂനപക്ഷ ക്ഷേമ പ്രവർത്തനങ്ങളെയും കുറിച്ച് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ സംസാരിച്ചു.
വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദുല്ലത്വീഫ് മദനി അധ്യക്ഷത വഹിച്ചു. വിസ്ഡം എജ്യുക്കേഷൻ ബോർഡ് സെക്രട്ടറി എം.കെ. ഇർഫാൻ സ്വലാഹി സ്വാഗതം പറഞ്ഞു.
സമ്മിറ്റിൽ വെച്ച് മദ്‌റസാ പൊതുപരീക്ഷയിലെ വിജയികൾക്ക് സർട്ടിഫിക്കറ്റും ഉപഹാരങ്ങളും വിതരണം ചെയ്തു. സംസ്ഥാനതല ബുക്ക് റിവ്യൂ മത്സര വിജയികൾക്ക് സർട്ടിഫിക്കറ്റും ക്യാഷ് പ്രൈസും നൽകി.
ചടങ്ങിൽ മുഹമ്മദ് അമീൻ (ഡയറക്ടർ, ദാറുൽ ക്വുർആൻ ആലത്തിയൂർ), ഡോ. പി.പി. നസീഫ് (വൈസ് പ്രസിഡന്റ്, വിസ്ഡം യൂത്ത്), മുഹമ്മദ് ബിൻ അലവി (സെക്രട്ടറി, വിസ്ഡം സ്റ്റുഡൻസ്), അബ്ദുല്ലത്വീഫ് സുല്ലമി മാറഞ്ചേരി (പ്രസിഡന്റ്, വിസ്ഡം മലപ്പുറം സൗത്ത് ജില്ല) എന്നിവർ ആശംസകൾ അർപ്പിച്ചു. ഉദ്ഘാടന സെഷന് ശേഷം വിദ്യാർഥികൾക്കായി വൈവിധ്യമാർന്ന പഠന സെഷനുകൾ നടന്നു.
ഒന്നാം സെഷനിൽ ഷംജാസ് കെ. അബ്ബാസ് (മെമ്പർ, വിസ്ഡം എജ്യുക്കേഷൻ ബോർഡ്) ‘കാഴ്ച, കാഴ്ചപ്പാട്’എന്ന വിഷയം അവതരിപ്പിച്ചു. സെഷൻ രണ്ടിൽ ‘പുതുയുഗ ചിന്തകൾ’ എന്ന വിഷയം മൃദുൽ എം. മഹേഷ് അവതരിപ്പിച്ചു.
സമാപന സെഷൻ പി.കെ. നവാസ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഡോ. മുഹമ്മദ് ഫാരിസ് (മെമ്പർ, വിസ്ഡം എജ്യുക്കേഷൻ ബോർഡ്), പി.കെ. അംജദ് മദനി, മുജീബ് ഒട്ടുമ്മൽ, ഡോ. ഷിയാസ് സ്വലാഹി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ബഹു. മന്ത്രി എൻ. ഷംസുദ്ദീന് പി.എൻ. അബ്ദുല്ലത്വീഫ് മദനിയും പി.കെ. നവാസ് എം.എൽ.എക്ക് നാസിർ ബാലുശ്ശേരിയും സ്നേഹോപഹാരം സമർപ്പിച്ചു.
പുതിയ കാലത്തിന്റെ ചിന്തകളും അറിവുകളും നെഞ്ചേറ്റുവാനും നാളെയുടെ വാഗ്ദാനങ്ങളാകാൻ വിദ്യാർഥികളെ പ്രാപ്ത രാക്കുന്നതുമായിരുന്നു ഓരോ സെഷനും.

