വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ നേരിന്റെ വഴിയിൽ മുന്നോട്ട്
ടി.കെ അശ്‌റഫ്
(ജനറൽ സെക്രട്ടറി, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ)
2026 ജനുവരി 17, 1447 റജബ് 28

‘ദഅ്‌വത്തിനുവേണ്ടിയുള്ള സംഘടന ബിദ്അത്തായ സംഗതിയാണോ’ എന്ന ചോദ്യത്തിന് ശൈഖ് ഇബ്‌നുബാസ്(റഹി) മറുപടി നൽകിയത് ഇപ്രകാരമാണ്:
“സംഘടന ബിദ്അത്തല്ല. ബാധ്യതാ നിർവഹണത്തിന് ഏറെ സഹായകമാണ് സംഘടന. പരസ്പരം കൂടിയാലോചിക്കുന്ന ഒരു ആലോചനാസമിതിയും അവർക്ക് അവലംബിക്കാവുന്ന ഒരു നേതൃത്വവും ഉണ്ടാകണം. ഇത് അതിമഹത്തരവും വിജയകാരണങ്ങളിൽ പെട്ടതുമാണ്. വ്യവസ്ഥാപിതമല്ലാത്ത പ്രവർത്തനങ്ങളെക്കാൾ വിജയസാധ്യത വ്യവസ്ഥാപിത പ്രവർത്തനങ്ങൾക്കാണുള്ളത്. അല്ലാഹുവിലേക്ക് ദഅ്‌വത്തിനായുള്ള സംഘടന ജനങ്ങൾക്ക് നന്മ പഠിപ്പിക്കുന്നതിനും പള്ളിപരിപാലനങ്ങൾക്കും മറ്റും വ്യവസ്ഥാപിതമായി പ്രവർത്തിക്കുകയാണ് വേണ്ടത്. അതിൽ ധാരാളം നന്മയുണ്ട്. അത് ബിദ്അത്തല്ല. മറിച്ച് ശറഇൽപെട്ടതു തന്നെയാണ്’’ (ശൈഖ് ഫൗസാന്റെ അംഗീകാരത്തോടെ പ്രസിദ്ധീകരിക്കപ്പെട്ട ‘ഹുക്മു അമലിൽ ജമാഈ ഫിൽ ഇസ്‌ലാം’ (സംഘടിത പ്രവർത്തനത്തിന്റെ മതവിധി) എന്ന ഗ്രന്ഥത്തിൽനിന്ന്, പേജ് 43).
ദഅ്‌വത്ത് ആസൂത്രിതവും കാര്യക്ഷമവുമായി നടത്താനാണ് സംഘടനയുണ്ടാക്കുന്നത്. എന്നാൽ സംഘടന എന്നത് ബിദ്അത്താണെന്ന് പ്രചരിപ്പിച്ച് ദഅ്‌വത്തിന് മാർഗതടസ്സമുണ്ടാക്കുന്ന ഒരു ന്യൂനാൽ ന്യൂനപക്ഷം നമ്മുടെ നാട്ടിലുണ്ട്. അവരെക്കൊണ്ട് സമുദായത്തിന് യാതൊരു ഗുണവുമില്ല എന്നു മാത്രമല്ല മറ്റുള്ളവർ ചെയ്യുന്ന നന്മകൾക്ക് വിഘാതമാകാൻ അവർ ശ്രമിക്കുകയും ചെയ്യുന്നു എന്നത് ഖേദകരമായ വസ്തുതയാണ്.
സംഘടനയുടെ ഗുണഫലങ്ങൾ എത്രമാത്രം വലുതും വ്യാപകവുമാണെന്ന് മനസ്സിലാക്കാൻ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെയും പോഷക ഘടകങ്ങളുടെയും ചുരുങ്ങിയ കാലത്തെ പ്രവർത്തന ചരിത്രത്തിലേക്കൊന്ന് കണ്ണോടിച്ചാൽ മതി. ഈ കൂട്ടായ്മ അതിന്റെ പ്രവർത്തനങ്ങൾ നിരന്തരം നടത്തിക്കൊണ്ടേയിരിക്കുന്നു; മുളയിലേ വാടിപ്പോകുമെന്ന് പ്രവചിച്ചവർക്ക് നിരാശ സമ്മാനിച്ചുകൊണ്ട്.
വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെ കീഴിലുള്ള മുക്കം ഗ്രീൻവാലി ക്യാമ്പസിൽ 2026 ജനുവരി 11 ഞായറാഴ്ച നടന്ന ‘വിസ്ഡം ഹൊറൈസൺ ഫ്യൂച്ചർ സമ്മിറ്റ്’ അറിവിന്റെയും ആസൂത്രണത്തിന്റെയും വേറിട്ട അനുഭവമായി മാറി. 2026-29 പ്രവർത്തന കാലയളവിലേക്ക് ചുമതലയേറ്റ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെയും പോഷക സംഘടനകളുടെയും സംസ്ഥാന ഭാരവാഹികൾക്കായി സംഘടിപ്പിക്കപ്പെട്ട ഈ സമ്മിറ്റ്, വരാനിരിക്കുന്ന മൂന്ന് വർഷത്തെ കർമപഥങ്ങളിലേക്ക് വെളിച്ചം വീശുന്ന സുപ്രധാന വൈജ്ഞാനിക ചുവടുവയ്പായിരുന്നു.
സംസ്ഥാന പ്രസിഡന്റ് പി. എൻ.അബ്ദുല്ലത്വീഫ് മദനി, പണ്ഡിതസഭ ചെയർമാൻ കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ എന്നിവരടക്കമുള്ള മുതിർന്ന പണ്ഡിതന്മാരുടെ നേതൃത്വം സമ്മിറ്റിനെ ധന്യമാക്കി. മുജാഹിദ് പ്രസ്ഥാനത്തിന്റെ നേതൃതലത്തിൽ ദീർഘകാലം നിലകൊണ്ട ഇവരുടെ അനുഭവസമ്പത്തും വർത്തമാനകാലത്തിന്റെ നവീന സാധ്യതകളെ തിരിച്ചറിഞ്ഞ പുതുതലമുറയും ഒത്തുചേർന്നപ്പോൾ അതൊരു വലിയ ആശയപ്രപഞ്ചമായി മാറി.
വിവിധ സെഷനുകളിൽ സമകാലിക പ്രാധാന്യമുള്ള ഒട്ടനവധി വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ടു. ആദർശവും സംഘാടനവും: ലക്ഷ്യം, മാർഗം; സംഘാടകന്റെ വ്യക്തിത്വം, ഫ്യൂച്ചർ പ്ലാനിങ്, സാങ്കേതികവിദ്യ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്: സാധ്യതകളും വെല്ലുവിളികളും, സാമൂഹിക -രാഷ്ട്രീയ സാഹചര്യങ്ങൾ, കുടുംബം, മാനവ വിഭവശേഷി... തുടങ്ങിയ വിഷയങ്ങളിലൂടെയാണ് ക്യാമ്പ് കടന്നുപോയത്. പുതിയ കാലത്തിന്റെ വെല്ലുവിളികളെ ആദർശ കരുത്തോടെ നേരിടാൻ പ്രാപ്തിയുള്ള ഒരു തലമുറയെ വാർത്തെടുക്കാനുള്ള ഈ പ്രയാണത്തെ അല്ലാഹു വിജയിപ്പിക്കട്ടെ.

