ക്ഷേമ പ്രവർത്തനങ്ങളുടെ മുന്നിൽ നിൽക്കുക
വിസ്ഡം സംസ്ഥാന സമിതി
2026 ഫെബ്രുവരി 21, 1447 റമദാൻ 03

തിരൂർ: സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ അഭിവൃദ്ധിക്കായി പരിശ്രമിക്കാൻ പ്രവർത്തകർക്ക് സാധിക്കേണ്ടതുണ്ടെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സമിതി സംഘടിപ്പിച്ച ‘സ്റ്റാൻസ്’ സംസ്ഥാന എക്‌സിക്യുട്ടീവ് ക്യാമ്പ് അഭിപ്രായപ്പെട്ടു.
സമൂഹത്തിന്റെ ക്ഷേമം, നിർഭയത്വം, സമാധാനം, ഐക്യം, ലക്ഷ്യബോധം എന്നിവ നിലനിർത്താനും നേടിയെടുക്കാനും നേതാക്കളും പണ്ഡിതന്മാരും പ്രവർത്തകരും കഠിനാദ്ധ്വാനം നടത്തണമെന്ന് എക്‌സിക്യുട്ടീവ് ക്യാമ്പ് ആഹ്വാനം ചെയ്തു. സമൂഹത്തിൽ വിശ്വാസ വിമലീകരണം സാധ്യമാകുന്നതിലൂടെ മാത്രമെ ശരിയായ നവോത്ഥാനം സാധ്യമാകൂ എന്നത് നാം തിരിച്ചറിയണം.
ഏകദൈവ വിശ്വാസവും പ്രവാചക ചര്യയുമാണ് ഇസ്‌ലാമിന്റെ അടിത്തറ എന്ന് തിരിച്ചറിഞ്ഞുകൊണ്ട് പ്രബോധന പ്രവർത്തനങ്ങൾ ക്രമീകരിക്കാൻ മത സംഘടനകൾ ശ്രദ്ധിക്കണം.
സമൂഹത്തിൽ വ്യാപകമാകുന്ന ലിബറൽ ഫാഷിസത്തിനെതിരെ വൈജ്ഞാനിക പ്രതിരോധം ശക്തമാക്കാൻ പ്രബോധകർക്ക് സാധിക്കേണ്ടതുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തെ പോലും ഉൾക്കൊള്ളാൻ സാധിക്കാത്ത വിധമാണ് കേരളത്തിലെ ലിബറൽ ആശയക്കാരുടെ സമീപനം.
വിശ്വാസ വ്യതിയാനത്തിലേക്ക് നയിക്കുന്ന സാംസ്‌കാരിക അധിനിവേശത്തെ ചെറുക്കാൻ എല്ലാവരും രംഗത്ത് വരണം. വിവാഹരംഗത്ത് വർധിച്ച് വരുന്ന ആഭാസങ്ങൾക്കെതിരെ സമൂഹത്തിൽ ബോധവൽക്കരണം ശക്തമാക്കണം. സാമ്പത്തിക നേട്ടങ്ങൾക്കായി വഴിവിട്ട മാർഗങ്ങൾ സ്വീകരിക്കുന്നതിലും ആഡംബരപ്രിയം വർധിച്ച് വരുന്നതിലും സമൂഹം കടുത്ത ജാഗ്രത പാലിക്കണമെന്നും സംസ്ഥാന എക് സിക്യുട്ടീവ് ക്യാമ്പ് അഭിപ്രായപ്പെട്ടു.
വ്യക്തി, കുടുംബം, സമൂഹം, പ്രബോധനം എന്നീ മേഖലകളിൽ നേരിടുന്ന വെല്ലുവിളികളെ കരുത്തോടെ നേരിടാനും ഇസ്‌ലാമിക പ്രബോധന രംഗത്ത് ക്രിയാത്മകമായി ഇടപെടാനുമുള്ള സമഗ്രമായ ചർച്ചകൾ ക്യാമ്പിൽ നടന്നു. അടുത്ത മൂന്ന് വർഷത്തേക്കുള്ള വിപുലമായ പ്രവർത്തന പദ്ധതികൾക്ക് അടിത്തറയിട്ടുകൊണ്ടാണ് ക്യാമ്പ് സമാപിച്ചത്.
സംഘടനയുടെ ഉത്തരവാദിത്തങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ ധർമവും ചുമതലകളും കൃത്യമായി തിരിച്ചറിഞ്ഞുകൊണ്ടുള്ള ഒരു സുചിന്തിതമായ ചുവടുവയ്പായിരുന്നു ക്യാമ്പ്. വിസ്ഡത്തിന്റെ ചരിത്രത്തിൽ എന്നും ഓർമ്മിക്കപ്പെടുന്ന ഈ ക്യാമ്പ് പ്രവർത്തന വീഥിയിൽ പുതിയ ഉണർവ് പകരുമെന്ന് പ്രത്യാശിക്കുന്നു.
വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പിഎൻ അബ്ദുല്ലത്വീഫ് മദനി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടികെ അഷ്‌റഫ്, അബൂബക്കർ സലഫി, ഫൈസൽ മൗലവി, സിപി സലീം, നാസിർ ബാലുശ്ശേരി, അബ്ദുൽ മാലിക് സലഫി, കെ. സജ്ജാദ്, ഹുസൈൻ കാവനൂർ, വിടി ബഷീർ, ഉസ്മാൻ പാലക്കാഴി, പിയു സുഹൈൽ, മുജീബ് ഒട്ടുമ്മൽ, അൻവർ സ്വലാഹി, ജമാൽ പെരിന്തൽമണ്ണ, അബ്ദുല്ലാ ഫാസിൽ, ബഷീർ ആലപ്പുഴ, ഹംസക്കുട്ടി സലഫി, റഷീദ് കൊടക്കാട്ട്, പി എം ഷാഹുൽ ഹമീദ്, പരീത് തിരൂർ, ശമീർ മദീനി എന്നിവർ പ്രസംഗിച്ചു.

