സൗദി രാജാവിന്റെ അതിഥിയായി കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ ഹജ്ജിന് പുറപ്പെട്ടു

ന്യൂസ് ഡസ്ക്

2026 മെയ് 23, 1447 ദുൽഹിജ്ജ 07

ഡൽഹി: സൗദി രാജാവിന്റെ അതിഥിയായി ഈ വർഷത്തെ ഹജ്ജ് കർമം നിർവഹിക്കുന്നതിനായി പുറപ്പെട്ട, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റും പണ്ഡിതസഭ ചെയർമാനുമായ കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ ഡൽഹിയിൽ എത്തിച്ചേർന്നു.

ഡൽഹിയിലെത്തിയ പറപ്പൂരിനെ കെഎംസിസി പ്രസിഡന്റും മർഹൂം ഇസ്ഹാഖ് മൗലവിയുടെ (മലപ്പുറം) പൗത്രനുമായ അബ്ദുൽ ഹലീമും വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെ പ്രവർത്തകരും മറ്റു സുഹൃത്തുക്കളും ചേർന്ന് സ്വീകരിച്ചു.

ഡൽഹിയിലെ ഖാഇദെ മില്ലത്ത് സെന്ററിൽ (IUML National Headquarters) വെച്ച് കെഎംസിസി പ്രവർത്തകരും ജാമിഅ അൽഹിന്ദിയിൽനിന്ന് കോഴ്‌സ് പൂർത്തിയാക്കി ഡൽഹിയിൽ ഉപരിപഠനം നടത്തിക്കൊണ്ടിരിക്കുന്ന ഹികമി പ്രതിഭകളും ഒത്തുചേർന്ന് ഹൃദ്യമായ ഒരു യാത്രയയപ്പ് സമ്മേളനം സംഘടിപ്പിക്കുകയുണ്ടായി.

എല്ലാ ഔദ്യോഗിക പരിപാടികളും പൂർത്തിയാക്കി മെയ് 19ന് വിശുദ്ധ മക്ക ലക്ഷ്യമാക്കി യാത്ര തിരിച്ചു.


വിസ്ഡം ഹെൽത്ത് കെയർ വിംഗ് സ്റ്റേറ്റ് വർക്‌ഷോപ് സമാപിച്ചു

ന്യൂസ് ഡസ്ക്

കോഴിക്കോട്: ആരോഗ്യ വിഷയങ്ങളിൽ ബോധവൽക്കരണവും പ്രതിരോധ പ്രവർത്തനങ്ങളും നടപ്പിലാക്കുകയും ചികിത്സാ മാർഗനിർദേശങ്ങൾ നൽകുകയും വളണ്ടിയർ സേവനങ്ങൾ ഏകോപിപ്പിക്കു കയും ചെയ്യുക തുടങ്ങിയ ദൗത്യങ്ങൾ ഏറ്റെടുത്ത് മുന്നോട്ടുപോകാൻ പ്രവർത്തകരെ സജ്ജരാക്കുകയെന്ന ലക്ഷ്യത്തോടെ വിസ്ഡം ഹെൽത്ത് കെയർ സംസ്ഥാന ശില്പശാല സമാപിച്ചു. വിസ്ഡം സംസ്ഥാന പ്രസിഡണ്ട് പി.എൻ.അബ്ദുല്ലത്വീഫ് മദനി ഉദ്ഘാടനം നിർവഹിച്ചു.

‘പാലിയേറ്റീവ് കെയർ; നമ്മുടെ പങ്ക്,’ ‘ജീവിതശൈലീരോഗങ്ങൾ; നാം അറിയേണ്ടത്,’ ‘വയോജന പരിപാലനം,’ ‘ആരോഗ്യ സേവനങ്ങൾ,’ ‘നമ്മുടെ ദൗത്യം’ എന്നീ വിഷയങ്ങളിൽ യഥാക്രമം ഡോ. അബ്ദുൽ ബാസിത്, ഡോ.മുഹമ്മദ് കുട്ടി കണ്ണിയൻ, ഡോ.കെ. ഷഹദാദ്, സി.പി.സലീം, ടി.കെ. അശ്‌റഫ് എന്നിവർ വിഷയങ്ങളവതരിപ്പിച്ചു.

ഹെൽത്ത് കെയർ വിംഗ് സംസ്ഥാന കൺവീനർ പി.യു.സുഹൈൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ കെ. സജ്ജാദ്, ഡോ.കെ.എ.നാസർ, മുഹമ്മദ് ശരീഫ് കാസർഗോഡ്, ഡോ.ഇബ്‌റാഹീം, ഡോ. ഫസലുറഹ്‌മാൻ.ടി.കെ, എൻ.അബ്ദുൽ ജലീൽ എന്നിവർ പ്രസംഗിച്ചു.


വിസ്ഡം എജ്യൂക്കേഷൻ ബോർഡ് മദ്‌റസ പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

ന്യൂസ് ഡസ്ക്

കോഴിക്കോട്: വിസ്ഡം എജ്യൂക്കേഷൻ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന മദ്‌റസകളിലെ 2025-26 അധ്യയന വർഷത്തെ 5, 8 ക്ലാസുകളിലെ പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. അഞ്ചാം തരത്തിൽ 92.43 ശതമാനവും എട്ടാം തരത്തിൽ 97 ശതമാനവുമാണ് വിജയം. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ പ്രതിഭകളെ ജൂൺ 14ന് കോഴിക്കോടു വച്ച് നടക്കുന്ന ‘എക്‌സലൻസ് സമ്മിറ്റി’ൽ വച്ച് ആദരിക്കും. സർട്ടിഫിക്കറ്റുകൾ ജൂൺ അവസാനവാരം മദ്‌റസകൾ വഴി വിതരണം ചെയ്യുന്നതാണ്.

പുനർ മൂല്യനിർണയത്തിന് മെയ് 23ന് മുമ്പായി മദ്‌റസ പോർട്ടൽ വഴി അപേക്ഷിക്കാം. മെയ് 30ന് പുനർമൂല്യനിർണയത്തിന്റെ ഫലം പ്രസിദ്ധീകരിക്കുന്നതാണ്. മെയ് 31 മുതൽ ജൂൺ 2വരെ സേ പരീക്ഷ|യ്ക്കുള്ള അപേക്ഷ നൽകാം.