വിജയത്തിന്റെ വഴി

ആശയ വിവർത്തനം: റാഷിദ ബിൻത് ഉസ്മാൻ

2024 ഏപ്രിൽ 20, 1445 ശവ്വാൽ 11

ആ വീട്ടിലെ മൂന്ന് മക്കളിൽ ഇളയവളാണ് ഹാദിയ. ഉപ്പയും ഉമ്മയും ജോലിക്കാരാണ്. രാവിലെ വീട്ടിൽനിന്നും പോയാൽ വൈകുന്നേരമാണ് തിരിച്ചുവരിക. ഹാദിയയുടെ രണ്ട് സഹോദരങ്ങളും വികൃതിക്കുട്ടികളാണ്. ഹാദിയയെ കളിയാക്കലാണ് അവരുടെ പ്രധാനപ്പെട്ട വിനോദം. പലപ്പോഴും ശാരീരികമായി വേദനിപ്പിക്കുകയും ചെയ്യും.

വേനലവധിക്കാലത്താണ് അവൾ ഏറെ പ്രയാസപ്പെട്ടത്. ഉപ്പയും ഉമ്മയും ജോലിക്കു പോയാൽ ഹാദിയയും സഹോദരങ്ങളും മാത്രമാണ് വീട്ടിൽ. സഹോദരങ്ങൾ സന്ദർഭം മുതലാക്കി ഹാദിയയെ ഉപദ്രവിക്കും. അവൾ നിത്യവും ഉമ്മയോട് പരാതി പറയും. അവർ അതൊന്നും അത്ര കാര്യമാക്കിയില്ല. കുട്ടികളല്ലേ, അൽപസ്വൽപമൊക്കെ വികൃതി കാട്ടാതിരിക്കുമോ, അതും വീട്ടിൽ മറ്റാരുമില്ലെങ്കിൽ പ്രത്യേകിച്ചും എന്നായിരുന്നു അവരുടെ ചിന്ത.

ഉപ്പയോട് പരാതി പറഞ്ഞപ്പോൾ അദ്ദേഹം ഹാദിയയെ സമാധാനിപ്പിക്കുവാൻ അവൾ കേൾക്കെ അവളുടെ സഹോദങ്ങളെ ശകാരിച്ചു. അത്രമാത്രം.

അവൾ പിന്നെ ആരോടും ആവലാതി പറയാൻ പോയില്ല. എന്നാൽ സഹോദരങ്ങൾ വികൃതി അവസാനിപ്പിച്ചില്ല. അവരുടെ കളിയാക്കൽ കേൾക്കുമ്പോൾ അവൾക്ക് ദേഷ്യം വരും. എന്നാൽ മറുത്തൊന്നും പറയില്ല. അവൾ മൗനമായി കരയും. അത് കാണുമ്പോൾ അവർ കളിയാക്കലിന് ശക്തി കൂട്ടും. ചിലപ്പോൾ തോണ്ടുകയോ പിച്ചുകയോ ചെയ്യും.

അതോടെ അവൾ അവരിൽനിന്ന് മനഃപൂർവം ഒഴിഞ്ഞുമാറി നടക്കാൻ തുടങ്ങി. അവർ എന്തെങ്കിലും പറയുമ്പോഴേക്കും ഹാദിയ റൂമിൽ കയറി വാതിലടക്കും. അവർ പിന്തിരിഞ്ഞാൽ മാത്രം പുറത്തിറങ്ങും.

ഒരു ദിവസം മദ്‌റസയിൽനിന്നും മടങ്ങിവന്ന ശേഷം പതിവുപോലെ സ്‌കൂളിലെ ഓരോ കാര്യം പറഞ്ഞ് സഹോദരങ്ങൾ വഴക്കിന് തുടക്കം കുറിച്ചു. ഉടൻ തന്നെ ഹാദിയ റൂമിൽ പ്രവേശിച്ച് വാതിലടച്ചു.

ഒരുപാട് സമയം കഴിഞ്ഞിട്ടും അവൾ പുറത്തിറങ്ങിവരുന്നത് കാണുന്നില്ല. മുറിക്കകത്തുനിന്നും ഒരു ശബ്ദവും കേൾക്കുന്നുമില്ല. സഹോദരങ്ങൾക്ക് പേടിയായി. അവർ വാതിലിൽ മുട്ടി. ‘ഇനി ഞങ്ങൾ കളിയാക്കില്ല, ബുദ്ധിമുട്ടിക്കില്ല... സോറി’ അവർ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.

അവൾക്ക് അവരെ നന്നായി അറിയാം. അവർ തൽക്കാലം ഒന്നും ചെയ്യില്ല. എന്നാൽ കുറച്ചു കഴിഞ്ഞാൽ തനിസ്വഭാവം കാണിക്കും. അന്നേരം താൻ പിന്നെയും റൂമിലേക്ക് മടങ്ങേണ്ടിവരും. ദുഃഖിതയായി തനിച്ചിരിക്കേണ്ടിവും.

സഹോദരങ്ങൾ അവൾ മുറിയിൽ എന്തെടുക്കുന്നു എന്നറിയാനുള്ള ആകാംക്ഷയിലാണ്. അവൾ മിണ്ടുന്നില്ല. അവർക്ക് ഒന്നും കാണാനും പറ്റുന്നില്ല. അന്ന് കുറെ വൈകി മാത്രമാണ് അവൾ മുറിയിൽനിന്നും പുറത്തുവന്നത്. ഇത് പിന്നെ സ്ഥിരം പതിവായി. ഹാദിയ ആരോടും പരാതി പറയാനും പോയില്ല.

ഒരു ദിവസം മദ്‌റസ വിട്ട് ഹാദിയ വീട്ടിൽ വന്നത് വളരെ സന്തോഷവതിയായിട്ടാണ്. ഉമ്മയും ഉപ്പയും ജോലിക്ക് പോകുവാൻ ഒരുങ്ങിക്കഴിഞ്ഞിട്ടുണ്ട്.

“ഉമ്മാ, ക്വുർആൻ ഹിഫ്ദ് മത്സരത്തിൽ എനിക്കാണ് ഒന്നാം സ്ഥാനം’’ ഹാദിയ ആഹ്ലാദത്തോടെ വിളിച്ചു പറഞ്ഞു.

“നിനക്ക് ഒന്നാം സ്ഥാനമോ? അതും ഹിഫ്ദിൽ?’’ ഉമ്മ അത്ഭുതത്തോടെ ചോദിച്ചു.

“ശരിയാണ് ഉമ്മാ, അവൾ കാണാതെ ഓതുന്നത് കേട്ട് മദ്‌റസയിലെ എല്ലാവരും അത്ഭുതപ്പെട്ടു’’ ഹാദിയയുടെ മൂത്ത സഹോദരൻ പറഞ്ഞു.

“അതിന് നീ എന്നാണ് ക്വുർആൻ ഇത്രയധികം മനഃപാഠമാക്കിയത്?’’ ഉപ്പ ചോദിച്ചു.

അപ്പോൾ ഹാദിയ സംഭവം വിവരിച്ചുകൊടുത്തു. സഹോദരങ്ങളുടെ ശല്യത്തിൽനിന്നും രക്ഷപ്പെടാനായി ഒരുദിവസം മുറിയിൽ കയറി സങ്കടപ്പെട്ടുകൊണ്ട് കുറെ നേരം ഇരുന്നപ്പോഴാണ് മുന്നിലെ മേശപ്പുറത്തുള്ള ക്വുർആൻ ശ്രദ്ധയിൽ പെട്ടത്. വെറുതെ ഇരിക്കുന്നതിനെക്കാളും നല്ലതാണല്ലോ എന്ന വിചാരത്താൽ മദ്‌റസയിൽനിന്ന് പഠിച്ച ഭാഗങ്ങൾ പാരായണം ചെയ്തു. മണിക്കൂറുകളോളം കതകടച്ചിരിക്കുന്ന സമയത്ത് മനഃപാഠമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അങ്ങനെ മദ്‌റസയിൽ നടന്ന മൽസരത്തിൽ ഒന്നാം സ്ഥാനം നേടി.

ഉപ്പയും ഉമ്മയും സഹോദരങ്ങളും ഇതു കേട്ട് ആശ്ചര്യപ്പെട്ടു. അവളെ അനുമോദനങ്ങൾകൊണ്ട് പൊതിഞ്ഞു. തങ്ങൾ ചെയ്തത് തെറ്റായിരുന്നെങ്കിലും അതുകൊണ്ട് ഇങ്ങനെയൊരു ഗുണമുണ്ടായല്ലോ എന്ന് സഹോദരങ്ങൾ ആശ്വസിച്ചു.

ഇനി മുതൽ തങ്ങൾ നല്ല കുട്ടികളാകുമെന്നും ഹാദിയയെ പോലെ സമയം നല്ല കാര്യങ്ങൾക്കു വേണ്ടി ഉപയോഗപ്പെടുത്തുമെന്നും അവർ പ്രതിജ്ഞ ചെയ്തു.

കൂട്ടുകാരേ, നല്ല സ്വഭാവമുള്ളവരായി നാം ജീവിക്കണം. ഒരു മുസ്‌ലിം ഒരിക്കലും ചീത്തസ്വഭാവമുള്ളവനായിക്കൂടാ.

ജനങ്ങളെ ഏറ്റവും കൂടുതൽ സ്വർഗത്തിൽ പ്രവേശിപ്പിക്കുന്നതിൽ പെട്ടതാണ് സൽസ്വഭാവമെന്ന് നബിﷺ നമ്മെ പഠിപ്പിച്ചിട്ടുണ്ട്.

‘ആരാണോ തന്റെ സ്വഭാവം നന്നാക്കുന്നത് അവന് സ്വർഗത്തിന്റെ ഉന്നതിയിൽ ഒരു വീടിന് ഞാൻ ജാമ്യം നിൽക്കുന്നു,’ ‘അന്ത്യനാളിൽ നിങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടവരും എന്നോട് ഏറ്റവും അടുത്ത് ഇരിക്കുന്നവരും നിങ്ങളിലെ ഏറ്റവും നല്ല സ്വഭാവക്കാരായിരിക്കും’ എന്നിങ്ങനെയുള്ള സന്തോഷ വാർത്തകളും നബിﷺ നമ്മെ അറിയിച്ചിട്ടുണ്ട്.