ബാസിമിന്റെ സന്മനസ്സ്
റാഷിദ ബിൻത് ഉസ്മാൻ
2024 മെയ് 04, 1445 ശവ്വാൽ 25

ബാസിം ഒരു നല്ല കുട്ടിയാണ്. അവന്റെ പിതാവ് നാട്ടിലെ വലിയ സമ്പന്നനാണ്. അതിനാൽ അവൻ എന്ത് ആവശ്യപ്പെട്ടാലും അവന്റെ പിതാവ് അത് നിർവഹിച്ചുകൊടുക്കും. എന്നാൽ അതിന്റെ പേരിൽ അവൻ അഹങ്കാരം നടിച്ചിരുന്നില്ല. പാവങ്ങളുടെ പ്രയാസങ്ങൾ മനസ്സിലാക്കിയിരുന്ന, അവർ എങ്ങനെ ജീവിക്കുന്നു എന്ന് അറിയാമായിരുന്ന കുട്ടിയാണ് ബാസിം. മദ്‌റസയിൽ അവന്റെ കൂടെ പഠിക്കുന്ന കുട്ടികളിൽ അധികവും പാവങ്ങളായിരുന്നു.
ഫുട്‌ബോൾ കളിയിൽ തൽപരനായിരുന്ന ബാസിം ഒരു ദിവസം കളിക്കാൻ പോകുമ്പോൾ ഒരു നായ അവനെ പിന്തുടർന്നു. കടിക്കാനായി കുരച്ച് വരുന്ന നായയിൽനിന്ന് രക്ഷപ്പെടുവാനായി പേടിച്ചുവിറച്ചുകൊണ്ട് അതിവേഗത്തിൽ അവൻ ഓടി. എന്നാൽ നായയുണ്ടോ വിടുന്നു. ഒരു ഇടുങ്ങിയ ഇടവഴിയിൽ വെച്ച് നായ അവന്റെ വസ്ത്രത്തിൽ കടിക്കുകയും ഒരു കല്ലിൽ തട്ടി അവൻ വീഴുകയും ചെയ്തത് ഒരുമിച്ചായിരുന്നു.
പിന്നെ ഒന്നും അവന് ഓർമയില്ല. കുറെ സമയം കഴിഞ്ഞാണ് ബോധം വന്നത്. കണ്ണു തുറന്നപ്പോൾ മുന്നിൽ കണ്ടത് സമപ്രായക്കാരനായ ഒരു ബാലനെയും അവന്റെ മാതാവിനെയുമാണ്. അവൻ ബാസിമിന്റെ കൂടെ മദ്‌റസയിൽ പഠിക്കുന്നവനായിരുന്നു. മാതാവ് അവന്റെ മുറിവിൽ മരുന്ന് തേച്ചു കൊടുക്കുകയാണ്. ബാസിമിനെ നായയിൽനിന്നും കടികൊള്ളാതെ രക്ഷിച്ചത് അവരായിരുന്നു. അവരുടെ വീട്ടിലാണ് അവനിപ്പോൾ കിടക്കുന്നത്.
ബാസിം പതുക്കെ എഴുന്നേറ്റിരുന്നു. അവൻ വീടിനുളളിലേക്ക് ആകമാനം കണ്ണോടിച്ചു. ചെറിയൊരു വീട്. വിലകൂടിയതും മുന്തിയ തുമായ ഒന്നും വീട്ടിൽ കാണാനില്ല. വളരെ പാവപ്പെട്ടവരുടെ വീടാണതെന്ന് അവന് മനസ്സിലായി.
“നീ ഓടി വീഴുന്നത് ഉമ്മയാ ആദ്യം കണ്ടത്?’’ അജ്മൽ പറഞ്ഞു.
“നായ എന്നെ കടിച്ചുപറിക്കുമെന്ന് ഞാൻ ഉറപ്പിച്ചതാ’’ ബാസിം ചിരിച്ചുകൊണ്ട് പറഞ്ഞു.
കുറച്ചു കഴിഞ്ഞപ്പോൾ ബാസിം പോകാനൊരുങ്ങി. ഭക്ഷണം കഴിച്ചിട്ടാകാമെന്ന് അവർ നിർബന്ധിച്ചു. അവൻ അവരുടെ കൂടെ ഭക്ഷണം കഴിച്ചു. മുന്തിയ തരം ഭക്ഷണം മാത്രം കഴിച്ച് പരിചയിച്ച ബാസിം അവർ നൽകിയ ഭക്ഷണം കഴിക്കാൻ നന്നേ പ്രയാസപ്പെട്ടു. എങ്കിലും അവൻ അത് പുറത്തു കാണിക്കാതെ എല്ലാം തിന്നുതീർത്തു.
തനിച്ചു പോകേണ്ട എന്നു പറഞ്ഞ് അജ്മലിന്റെ ഉമ്മയും അജ്മലും കുറച്ചു ദൂരം അവന്റെ കൂടെ പോയി. അവർ സലാം പറഞ്ഞു പിരിഞ്ഞു.
ബാസിം വീട്ടിൽ ചെന്ന ശേഷം സംഭവിച്ചതെല്ലാം അവന്റെ വീട്ടിൽ അറിയിച്ചു. കാലിലെ മുറിവ് മാറിയശേഷം ഒരു ദിവസം അവന്റെ ഉമ്മ കൊതിയൂറുന്ന ഭക്ഷണമു ണ്ടാക്കി ബാസിമിനോട് അത് അജ്മലിന്റെ വീട്ടിൽ എത്തിക്കാൻ പറഞ്ഞു. അവന് വളരെ സന്തോഷമായി.
അജ്മലിന്റെ വീടിനു മുന്നിലു ള്ള വഴിയിലൂടെ കാറിന് പോകാൻ കഴിയില്ല. അത് വളരെ വീതി കുറഞ്ഞതാണ്. അതിനാൽ കുറച്ചകലെ കാർ നിർത്തി. ഞാൻ ഇപ്പോൾ വരാം എന്ന് ഡ്രൈവറോടു പറഞ്ഞ് ഭക്ഷണവുമായി ബാസിം അജ്മലിന്റെ വീട്ടിലേക്ക് നടന്നു.
അവിടെ അജ്മലിന്റെ ഉപ്പയും ഉമ്മയും അജ്മലുമു ണ്ടായിരുന്നു. അവർക്ക് ബാസിമിന്റെ പ്രവൃത്തിയിൽ അത്ഭുതവും സന്തോഷവും തോന്നി. അവരുടെ കൂടെ അവരിലാരാളായി ഇരുന്ന് അവനും ഭക്ഷണം കഴിച്ചു. അങ്ങനെ വളരെ സന്തോഷത്തോടെ ബാസിം തിരിച്ചുപോയി.

