ഔദാര്യം പെയ്തിറങ്ങട്ടെ

അർഷദ് അൽഹികമി, താനൂർ

2024 ജനുവരി 06, 1445 ജു.ഉഖ്റാ 24

കൂട്ടുകാരേ, ഒരിക്കൽ നബിﷺയുടെ അടുത്ത് ഒരു അതിഥി (വിരുന്നുകാരൻ) എത്തി. അതിഥികളെ സൽക്കരിക്കുന്ന കാര്യത്തിൽ വളരെ താൽപര്യം കാണിക്കുന്നവരാണ് അറബികൾ അന്നും ഇന്നും. മുസ്‌ലിംകളുടെ ദീനിന്റെ ഭാഗമാണ് അതിഥികളെ ആദരിക്കൽ.

അതിഥി വന്നപ്പോൾ വീട്ടിൽ വല്ല ഭക്ഷണവുമുണ്ടോ എന്നറിയാൻ നബിﷺ ഒരാളെ പറഞ്ഞയച്ചു. ‘വെള്ളമല്ലാതെ ഇവിടെ ഒന്നുമില്ല’ എന്നതായിരുന്നു പ്രവാചകന്റെ ഭാര്യമാരുടെ മറുപടി.

“ഇദ്ദേഹത്തെ ആരാണ് അതിഥിയായി സ്വീകരിക്കുക?’’ നബിﷺ സ്വഹാബിമാരോട് ചോദിച്ചു.

നബിﷺയുടെ അതിഥിയെ സ്വീകരിക്കാനുള്ള നല്ല അവസരം! ഉടൻ തന്നെ അൻസ്വാരിയായ ഒരു സ്വഹാബി എഴുന്നേറ്റു നിന്ന് പറഞ്ഞു:

“അല്ലാഹുവിന്റെ റസൂലേ, ഞാൻ സ്വീകരിക്കാം.’’

നബിﷺയുടെ അതിഥിയെ സൽക്കരിക്കാൻ അവസരം കിട്ടിയ സന്തോഷത്തോടെ അദ്ദേഹം വീട്ടിലേക്ക് തിരിച്ചു. വീട്ടിലെത്തി ഭാര്യയോട് പറഞ്ഞു:

“നമുക്കൊരു അതിഥിയുണ്ട്; നബിﷺയുടെ അതിഥി. അദ്ദേഹത്തെ നമുക്ക് സ്വീകരിക്കണം, ആദരിക്കണം.’’

“കുഞ്ഞുങ്ങൾക്കുള്ള ഭക്ഷണമല്ലാതെ ഒന്നും വീട്ടിൽ ബാക്കിയില്ല പ്രിയപ്പെട്ടവനേ’’- ഇതായിരുന്നു അദ്ദേഹത്തിന്റെ ഭാര്യയുടെ മറുപടി.

“എങ്കിൽ നീ ഭക്ഷണം ഒരുക്കുക. മക്കളെ ഉറക്കുകയും ചെയ്യുക. ഭക്ഷണം കഴിക്കാൻ നേരം വിളക്ക് കെടുത്തുകയും ചെയ്യുക’’-അദ്ദേഹം ഭാര്യയോടു പറഞ്ഞു.

അതിഥി വീട്ടിൽ പ്രവേശിച്ചു. ഭർത്താവ് കൽപിച്ചതുപോലെത്തന്നെ അദ്ദേഹത്തിന്റെ ഭാര്യ പ്രവർത്തിച്ചു. ഭക്ഷണം കഴിക്കാൻ നേരം വിളക്ക് കെട്ടു. വീട്ടുകാരനും തന്നോടൊപ്പം കഴിക്കുന്നു എന്ന് കരുതി അതിഥി ഇരുട്ടത്തിരുന്ന് സന്തോഷത്തോടെ ഭക്ഷണം കഴിച്ചു. അദ്ദേഹം ആ വീട്ടുകാർക്കുവേണ്ടി പ്രാർഥിച്ച് തിരിച്ചുപോയി.

വയറ് വിശന്നും മനസ്സ് നിറഞ്ഞും ആ സ്വഹാബിയുടെ കുടുംബം രാത്രി കഴിച്ചുകൂട്ടി. ഈ വിവരം നബിﷺയുടെ ചെവിയിലെത്തി. രാവിലെ ആ അൻസ്വാരി നബിﷺയെ കണ്ടുമുട്ടിയപ്പോൾ നബിﷺ അദ്ദേഹത്തോടു പറഞ്ഞു:

“ഇന്നലത്തെ നിങ്ങളുടെ പ്രവൃത്തി കണ്ട് റബ്ബ് ചിരിച്ചിരിക്കുന്നു.’’

അല്ലാഹുവിനെ ഏറെ സന്തോഷിപ്പിക്കുകയും തൃപ്തിപ്പെടുത്തുകയും ചെയ്തു ആ സംഭവം എന്നർഥം.

കൂട്ടുകാരേ, അതിഥികളെ മാനിക്കുവാനും സാധ്യമായ വിധത്തിൽ സൽക്കരിക്കുവാനും പഠിപ്പിക്കുന്ന മതമാണ് ഇസ്‌ലാം. അതിന്റെ പ്രാധാന്യം മനസ്സിലാക്കി, അല്ലാഹുവിന്റെ പ്രതിഫലം ലഭിക്കുവാൻ ആ സ്വഹാബി കാണിച്ച താൽപര്യത്തിൽ നമുക്ക് ഉത്തമമായ മാതൃകയുണ്ട്.