‘ഹംദ് ’ എന്ന ഭവനം
റിദ നിസാർ എസ്
(സൽസബീൽ അറബിക്കോളേജ്, വെങ്കിടങ്ങ്)
2024 ഒക്ടോബർ 26, 1446 റ. ആഖിർ 23

(സംഭവകഥ)
ഉപ്പയും ഉമ്മയും മകനും അടങ്ങിയതാണ് ആ ചെറിയ കുടുംബം. ഉപ്പാക്ക് ഗൾഫിലാണ് ജോലി. അമർ മുഹമ്മദ് എന്നാണ് മകന്റെ പേര്. അവന് ഉപ്പയെയും ഉമ്മയെയും ജീവനാണ്. തിരിച്ചും അങ്ങനെ തന്നെ. അവന്റെ കൊച്ചു കുസൃതികളും തമാശകളും ആ വീട്ടിൽ സന്തോഷം നിറച്ചു.
അവന് നാലു വയസ്സായപ്പോഴാണ് ഉമ്മ ഒരു പെൺകുഞ്ഞിന് ജന്മംനൽകിയത്. കുഞ്ഞനുജത്തിയെ ഹോസ്പിറ്റലിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുവന്നപ്പോൾ അവന് വളരെ സന്തോഷമായി. അവൻ അവന്റെ അനുജത്തിയെ കൊഞ്ചിക്കുകയും കളിപ്പിക്കുകയും ചെയ്തു. അവൾക്ക് അംറ എന്ന് പേരിട്ടു. കുടുംബക്കാർ അവന്റെ കുഞ്ഞനുജത്തിയെ കാണാൻ വീട്ടിലേക്ക് വരുമ്പോൾ അവൻ അനുജത്തിയെ ‘ഇതാണ് എന്റെ കുഞ്ഞു വാവ’ എന്ന് പരിചയപ്പെടുത്തും.
അവളുടെ കൂടെയുള്ള കളിയും ചിരിയുമായി ദിവസങ്ങൾ കൊഴിഞ്ഞുവീണുകൊണ്ടിരുന്നു. അവരുടെ ഓരോ ദിവസവും നിമിഷങ്ങളും ഭംഗിയേറിയതായിരുന്നു. അവന്റെ വാവക്ക് രണ്ടര വയസ്സായി.
അങ്ങനെയിരിക്കെ ഒരു ദിവസം പനിയും ജലദോഷവും അവളെ പിടികൂടി. ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. അതിനുള്ള മരുന്ന് നൽകി. പനി മാറുകയും ചെയ്തു. കുറച്ചുദിവസത്തിനുശേഷം വീണ്ടും പനിയായി. വിട്ടുമാറാത്ത പനി. പല ആശുപത്രികളിലും മാറിമാറി കാണിച്ചുവെങ്കിലും പനിക്ക് ഒരു ഭേദവും കണ്ടില്ല. കാരണം കണ്ടെത്താനായി ഒരു ഡോക്ടർ സ്‌കാൻ ചെയ്യാൻ പറയുകയുണ്ടായി.
സ്‌കാനിങ്ങിലൂടെ അസുഖം എന്താണെന്ന് തിരിച്ചറിഞ്ഞു. തലയിലെ ഒരു ഞരമ്പിന് ഇൻഫെക്ഷൻ ബാധിച്ചിരിക്കുന്നു. ഓപ്പറേഷൻ ചെയ്യണമെന്ന് ഡോക്ടർ പറഞ്ഞു. അങ്ങനെ ഓപ്പറേഷൻ ചെയ്യാൻ തീരുമാനിച്ചു. കുടുംബക്കാരും നാട്ടുകാരും ആത്മാർഥമായി അവൾക്കു വേണ്ടി പടച്ചവനോട് പ്രാർഥിച്ചു. ഓപ്പറേഷൻ വിജയിച്ചു. ഏതാനും മാസങ്ങൾക്ക് ശേഷം അവൾ പഴയതുപോലെയായി.
അങ്ങനെ വർഷങ്ങൾ കടന്നുപോയി. ഇത്തവണ അമർ ഒറ്റയ്ക്കല്ല സ്‌കൂളിൽ പോകുന്നത്. കൂടെ അവന്റ കുഞ്ഞനിയത്തിയുമുണ്ട്. അവളെ വീടിനടുത്തുള്ള സ്‌കൂളിൽ ചേർത്തു. അവൻ പഠിക്കുന്ന അതേ സ്‌കൂളിൽ. സ്‌കൂളിൽ പോകുന്നതിന്റെ ത്രില്ലിലാണ് അവൾ. കൊണ്ടുപോകാനുള്ള പുതിയ ബാഗ്, ബുക്ക്, കുട, എല്ലാം വാങ്ങി വച്ചിട്ടുണ്ട്. അങ്ങനെ ആദ്യമായി അവൾ അവളുടെ സ്‌കൂളിലേക്ക് പിച്ചവച്ചു.
സ്‌കൂളിൽ പോകുന്നത് അവൾക്ക് ഇഷ്ടമായിരുന്നു. ഓരോ ദിവസവും സ്‌കൂളിലേക്കുള്ള യാത്ര സന്തോഷത്തിലായിരുന്നു. ടീച്ചർമാരും കൂട്ടുകാരുമായിരുന്നു അവളുടെ ലോകം.
ഒരു ദിവസം അമറും അംറയും സ്‌കൂളിലേക്ക് പോയി. കുറച്ചുകഴിഞ്ഞ് വീട്ടിലേക്ക് ഒരു കോൾ വന്നു. സ്‌കൂളിൽ നിന്നായിരുന്നു അത്. അംറയ്ക്ക് വല്ലാത്ത ഛർദി. ഉമ്മ സ്‌കൂളിലേക്ക് ചെന്ന് അവളെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. ഉപ്പ അന്നേരം ഗൾഫിലായിരുന്നു. ഡോക്ടർമാരുടെ ആവശ്യപ്രകാരം സ്‌കാൻ നടത്തി. മുമ്പ് വന്ന അതേ അസുഖമാണെന്ന് കണ്ടെത്തി. പഴയതുപോലെതന്നെ ഒരു സർജറി വേണമെന്ന് പറയുകയുണ്ടായി. ഉപ്പ നാട്ടിലേക്ക് വന്നു. സർജറി കഴിഞ്ഞു. അതിൽനിന്ന് തിരിച്ചു വരാൻ കുറെ മാസങ്ങൾ വേണ്ടിവന്നു.
പിന്നീട് നല്ലപോലെ സംസാരിച്ചും ഇണങ്ങിയും പിണങ്ങിയും കളിയും ചിരിയുമായി പഴയതുപോലെ അവൾ ഉഷാറായി. കുടുബത്തിൽ സന്തോഷം തിരിച്ചുവന്നു. അമർ വല്ലാതെ സന്തോഷിച്ചു. ഉപ്പ തിരിച്ചു ഗൾഫിലേക്ക് പോയി. ഏകദേശം ഒരു കൊല്ലം കഴിഞ്ഞ് വീണ്ടും ആ അസുഖം കണ്ടെത്തി. അത് അവളെ അവശതയിലേക്ക് കൊണ്ടുപോയി. കുറച്ച് ദിവസത്തേക്ക് ഉപ്പ ലീവെടുത്ത് തിരിച്ചുവന്നു.
ആ ചെറിയ കുടുംബം പിന്നെ അവളുടെ ഇഷ്ടത്തിനും സന്തോഷത്തിനും കൂടുതൽ സ്ഥാനം നൽകി. വിനോദയാത്രകൾ അവളെ സന്തോഷവതിയാക്കി. എന്നാൽ അത് കൂടുതൽ നീണ്ടുനിന്നില്ല. ഇനിയൊരു ഓപ്പറേഷൻ അസാധ്യമാണെന്നും ചികിത്സയില്ലെന്നും പ്രാർഥിക്കുക എന്നുമായിരുന്നു ഡോക്ടർമാർ പറഞ്ഞത്. ജോലി നഷ്ടപ്പെടുമെന്നു വന്നപ്പോൾ ഉപ്പ തിരിച്ചുപോയി.
ഒരുദിവസം രാത്രി അവൾക്ക് തീരെ വയ്യാതായി. ഓക്‌സിജന്റെ അളവ് കുറഞ്ഞു. ഉടനെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. പ്രയാസം കൂടി വന്നു. അവളുടെ ഉപ്പ തിരിച്ചു നാട്ടിലേക്ക് വന്നു. താമസിയാതെ അമറിന്റെ കുഞ്ഞനിയത്തി അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നൽകി. ഉമ്മയെയും ഉപ്പയെയും ഇക്കയെയും ബാക്കിയാക്കി അവൾ യാത്രയായി. ആ കുടുംബത്തിന്റെ സങ്കടം വിവരിക്കാനാവാത്തതായിരുന്നു. അമർ അനുജത്തിയെ ഓർത്ത് കരഞ്ഞു തളർന്നു. കുടുംബക്കാർ ആ കുടുംബത്തെ ആവുന്നത്ര സമാധാനിപ്പിക്കാൻ ശ്രമിച്ചു.
അല്ലാഹു ഏതാനും വർഷത്തേക്ക് ഏൽപിച്ച് ഒരു അമാനത്തായിരുന്നു ആ കുട്ടി. സമയമടുത്തപ്പോൾ അവൻ തിരിച്ചെടുത്തു. ആ ഉമ്മയ്ക്കും ഉപ്പയ്ക്കും അത് വിശ്വാസത്തെ അളക്കാനുള്ള റബ്ബിന്റെ പരീക്ഷണമായിരിക്കും. ചെറുപ്രായത്തിൽ മാതാപിതാക്കൾക്ക് നഷ്ടമായ കുഞ്ഞുങ്ങളെ സ്വർഗത്തിൽ നോക്കുന്നത് ഇബ്‌റാഹീം നബി(അ)യും ഹാജറുമാണെന്ന് നബിﷺ പറഞ്ഞിട്ടുണ്ട്. തന്റെ ചെറിയ കുട്ടിയെ നഷ്ടമായാൽ അല്ലാഹുവിനെ സ്തുതിക്കുകയും അവന്റെ വിധിയെ ഓർത്ത് സമാധാനിക്കുകയും ചെയ്യുന്ന മാതാപിതാക്കൾക്ക് വേണ്ടി സ്വർഗത്തിൽ ‘ഹംദ്’ എന്ന ഭവനം അല്ലാഹു ഒരുക്കുകയും ആ കുട്ടി അതിൽ മാതാപിതാക്കളെ കാത്തുനിൽക്കുകയും ചെയ്യുമത്രെ. എല്ലാവരുടെയും ആയുസ്സ് അല്ലാഹു തീരുമാനിച്ചു വെച്ചിട്ടുണ്ട്. സമയമെത്തിയാൽ പോയേ തീരൂ.

