പുലരിയുടെ സൗന്ദര്യം

അബൂഫായിദ

2024 ഫെബ്രുവരി 10, 1445 റജബ് 29

കിടന്നുറങ്ങാം നേരത്തെ
മറന്നിടല്ലേ പ്രാർഥനകൾ
പുലരി വരുംമുമ്പുണരേണം
അത് നാം പതിവായ് മാറ്റേണം
ശുദ്ധിവരുത്തണമെല്ലാരും
അതിനൊട്ടും മടി കാട്ടല്ലേ
സുബ്ഹി നമസ്‌കാരത്തിന്നായ്
പള്ളിയിലെത്താൻ നോക്കേണം
പ്രാർഥനകൾ പതിവാക്കേണം
ക്വുർആൻ നിത്യവുമോതേണം
പുലരി വരും മുമ്പെഴുന്നേറ്റാൽ
പുലരി വരുന്നത് കാണാലോ
പുലരിത്തങ്കപ്പട്ടുറുമാൽ
പുതച്ച കാഴ്ചകൾ കാണാലോ
മഞ്ഞു പുതച്ചു മയങ്ങീടും
പൂന്തോട്ടച്ചിരി കാണാലോ
പലവിധ പക്ഷിക്കൂട്ടങ്ങൾ
പാടും പാട്ടുകൾ കേൾക്കാലോ
പുലരിയിലെത്തും പൂങ്കാറ്റിൻ
കുളിരേറ്റൊന്ന് രസിക്കാലോ
ഗൃഹപാഠങ്ങൾ ഓരോന്നായ്
ചെയ്യാം പുലരിയിൽ നന്നായി