നല്ല മനസ്സ്
റാഷിദ ബിൻത് ഉസ്മാൻ
2024 ഫെബ്രുവരി 03, 1445 റജബ് 22

പരീക്ഷയെല്ലാം കഴിഞ്ഞതിന്റെയും സ്‌കൂൾ പൂട്ടിയതിന്റെയും സന്തോഷത്തിൽ കുറെ കുട്ടികൾ പുഴയുടെ തീരത്ത് കളിച്ചുകൊണ്ടിരിക്കുകയാണ്. കൂട്ടത്തിൽ ഇർഫാൻ എന്ന് പേരുള്ള വികൃതിക്കുട്ടിയുണ്ട്. ഏതൊരു ജീവിയെ കണ്ടാലും കല്ലെടുത്തെറിഞ്ഞും മറ്റും ഉപദ്രവിക്കുന്ന സ്വഭാവക്കാരനാണവൻ. അതിനാൽ ആർക്കുമവനെ ഇഷ്ടമില്ല.
കൂട്ടുകാർ ഏർപെട്ടിരിക്കുന്ന കളിയിലൊന്നും അവന് താൽപര്യമില്ല.
“ഇതൊക്കെ ബോറൻ കളിയാണ്. നമുക്ക് വേറെ വല്ല രസകരമായ കളിയും കളിക്കാം.’’ ഇർഫാൻ പറഞ്ഞു.
പലരും പല കളികളും നിർദേശിച്ചു. അതൊന്നും അവന് പറ്റിയില്ല. ഒടുവിൽ അവൻ അവനെ പോലെ ചിന്തിക്കുന്ന കുറച്ച് കുട്ടികളെ കൂടെക്കൂട്ടി. നമുക്ക് ഒരു തമാശക്കളി കളിക്കാം എന്ന് അവർ തീരുമാനിച്ചു.
മറ്റു കുട്ടികളെല്ലാം ഇനി എന്ത് കളിയാണ് ഇവർ കളിക്കാൻ പോകുന്നതെന്ന് അറിയാൻ ആകാംക്ഷയോടെ നോക്കിനിന്നു.
ഇർഫാൻ ഒരു കൂട്ടുകാരന്റെ ചെവിയിൽ എന്തോ മന്ത്രിച്ചു. അവൻ ചിരിച്ചുകൊണ്ട് തലകുലുക്കി. അവൻ അത് തന്റെ അടുത്ത് നിൽക്കുന്നവന്റെ ചെവിയിൽ പറഞ്ഞു. അങ്ങനെ അവരെല്ലാവരും സ്വകാര്യമായി അത് മനസ്സിലാക്കി. ഇവർക്ക് എന്താണിത്ര രഹസ്യമായി പറയാനുള്ളത് എന്നറിയാതെ മറ്റുള്ളവർ പരസ്പരം നോക്കി.
പെട്ടെന്ന് ഇർഫാനും കൂട്ടുകാരും ചേർന്ന് തെല്ലകലെ മാറിനിൽക്കുകയായിരുന്ന അലി എന്ന കുട്ടിയെ പിടികൂടി പുഴയിലേക്ക് തള്ളിയിട്ടു. നീന്തലറിയാത്ത അലി വെള്ളത്തിൽ മുങ്ങിപ്പൊങ്ങിക്കൊണ്ടിരുന്നു. അവൻ നീന്താൻ ശ്രമിച്ചു നോക്കുന്നുണ്ട്. പക്ഷേ, കഴിയുന്നില്ല. അവൻ സഹായത്തിനായി ആർത്തുകരഞ്ഞു. അതു കണ്ട് ഇർഫാനും കൂട്ടാളികളും ചിരിക്കുകയാണ്.
താമസിയാതെ അവൻ വെള്ളത്തിൽ മുങ്ങിത്താണ് ഒഴുകിപ്പോകും. എന്തു ചെയ്യണമെന്നറിയാതെ മറ്റു കുട്ടികളും കരയാൻ തുടങ്ങി. ഇർഫാനും കൂടെയുള്ളവരും കൈകൊട്ടി ചിരിക്കുകയാണ്. വെള്ളത്തിൽ ചാടി രക്ഷപ്പെടുത്താൻ ശ്രമിച്ചാൽ ഇർഫാന്റെ പക്കൽനിന്ന് അടി വാങ്ങേണ്ടി വരും. അതിനാൽ ആർക്കും അതിന് ധൈര്യം വരുന്നില്ല. ഇർഫാൻ എപ്പോഴും ശത്രുവായി കണ്ടിരുന്ന കുട്ടിയാണ് നിഹാൽ. ഇർഫാനോട് ഏറ്റുമുട്ടാൻ ധൈര്യമള്ള കുട്ടി. അവൻ കൂടുതലൊന്നും ആലോചിക്കാതെ പുഴയിലേക്ക് എടുത്തുചാടി. നീന്തിച്ചെന്ന് അലിയെ പിടിച്ച് കരയിലെത്തിച്ചു. അലി വെള്ളം കുടിച്ച് അവശനായിരുന്നു.
കുട്ടികൾ അവരുടെ ചുറ്റും കൂടി. അവർ നിഹാലിന്റെ ധീരതയെ അഭിനന്ദിച്ചു. ഇർഫാനും കൂടെയുള്ളവരും പെട്ടെന്ന് സ്ഥലം വിട്ടു. അതുവഴി വന്ന ഒരാൾ കുട്ടികൾ കൂടിനിൽക്കുന്നതു കണ്ട് കാര്യം അന്വേഷിച്ചു. അവർ നടന്ന കാര്യം വിവരിച്ചു. അയാൾ നിഹാലിന്റെ ചുമലിൽ കൈവെച്ചുകൊണ്ട് പറഞ്ഞു: “മോനേ, നീ ചെയ്തത് വളരെ നല്ലൊരു പ്രവർത്തനമാണ്. ഒരു ജീവനെയാണ് നീ രക്ഷിച്ചത്. ഒരു മുസ്‌ലിം മറ്റുള്ളവരെ ഉപദ്രവിക്കുന്നവനല്ല, സഹായിക്കുന്നവനായിരിക്കണം. അല്ലാഹു നിന്നെ അനുഗ്രഹിക്കട്ടെ.’’

