പ്രാർഥന
അബൂഫായിദ
2024 ആഗസ്റ്റ് 31, 1446 സ്വഫർ 27

ഇരുകൈകളും നീട്ടി
കേഴുകയാണ് ഞങ്ങൾ
അഖിലം പടച്ചുള്ള
ഏകനാം റബ്ബിനോട്.
പാരിതിൽ സമാധാന
ജീവിതം നൽകേണമേ,
പരലോകമിൽ സ്വർഗം
തന്നനുഗ്രഹിക്കണേ.
പരിപാലകാ നിന്നിൽ
അഭയം പ്രാപിക്കുന്നു.
കടുത്ത പരീക്ഷണ
കയത്തിൽ പെടുത്തല്ലേ,
കരുണാകടാക്ഷത്താൽ
കുളിർമ നൽകേണമേ.
എപ്പഴും ഈമാൻ നില-
നിർത്തുവാൻ കനിയണേ,
സങ്കട വേളയിൽ നീ
ക്ഷമ നൽകീടണമേ.
സൽവഴി തടയുവാൻ
ഇബ്‌ലീസ് ശ്രമിക്കുമ്പോൾ
ശപ്തനാം അവനിൽ നി-
ന്നഭയം നൽകേണമേ.
അധർമം നാലുപാടും
നിറഞ്ഞു നിൽപ്പാണല്ലോ
അവയിൽനിന്നെല്ലാം നീ
ഞങ്ങളെ കാക്കേണമേ.
എണ്ണുവാൻ കഴിയാത്ത
വിധമിൽ അനുഗ്രഹം
ഏവർക്കും നൽകീടുന്ന
ഏകനാം അല്ലാഹുവേ,
പ്രാർഥന കേൾക്കുന്നവൻ
നീ മാത്രമല്ലോ നാഥാ!
നിന്നോടു മാത്രം ഞങ്ങൾ
പ്രാർഥന ചെയ്തിടുന്നു.

