മഴയുടെ വെള്ളിനൂലുകൾ
ആയിഷ ലിസ കെ.പി
(ക്ലാസ് 6 സലഫി മദ്‌റസ, പെരിന്തൽമണ്ണ)
2024 ഒക്ടോബർ 12, 1446 റ. ആഖിർ 09

കറുകറുത്ത മേഘങ്ങളിൽനിന്നും
വെളുവെളുത്ത വെള്ളിനൂലുകളായി
ദാഹനീരിൻ തേനരുവിയായി
മഴ കോരിച്ചൊരിയുന്നു.
മണ്ണിനെയും മനുഷ്യനെയും
സന്തോഷിപ്പിച്ച് സസ്യങ്ങൾ
ഉണർന്നെണീക്കുന്നു.
എത്ര പെട്ടെന്നാണ്
വരൾച്ച അപ്രത്യക്ഷമാകുന്നത്!
എത്ര പെട്ടെന്നാണ്
ഭൂമി പച്ചപ്പുതപ്പണിയുന്നത്!
എത്ര പെട്ടെന്നാണ്
മഴ മതിയേ എന്ന്
മനുഷ്യൻ വിലപിക്കുന്നത്!
പ്രളയമായ് മഴ വളരുമ്പോൾ
മഴയൊരു ദുരിതപ്പെയ്ത്താകുമ്പോൾ
എങ്ങനെ വിലപിക്കാതിരിക്കും!
ആർക്കുമതിനെ തടുക്കാനാവില്ല;
പടച്ചവനല്ലാതെ.
എന്നിട്ടും തിന്മകൾ വെടിയാനും
നന്മയിലൂടെ നടക്കാനും
അഹങ്കാരം വെടിയാനും
മനുഷ്യർ തയ്യാറാകുന്നില്ലല്ലോ!
എത്ര പെട്ടെന്നാണ്!
ഫാത്തിമ അഫ്‌സ
(ക്ലാസ് 4 മദ്‌റസതുത്തൗഹീദ്, ചൊവ്വല്ലൂർപടി)
2024 ഒക്ടോബർ 12, 1446 റ. ആഖിർ 09

പലനാളുകൾ കാത്തിരുന്നു
പുതുമഴയൊന്നു കിട്ടാൻ.
ഒടുവിലൊരുനാൾ പെയ്തിറങ്ങി
ഇടതടവില്ലാത്ത പേമാരിയായ്.
പുഴകവിഞ്ഞു, പാടം നിറഞ്ഞു
മലയിടിഞ്ഞ് പുഴയിലെത്തി.
ഇടയിൽ പെട്ടതാം ജീവിതങ്ങൾ
ശിഥിലമാം കിനാക്കളായി.
മുറ്റത്തുനിന്നൊരു തേന്മാവ്
കടപുഴകി തൊടി കടന്ന്
അകലെയെവിടെയോ ചെന്നടിഞ്ഞു.
അരുതേ, അരുതേ, ഇനിയരുതേ,
അല്ലാഹ്, നീ കനിവേകേണേ.

