ശ്രേഷ്ഠമായ ആരാധന
ഉസ്മാൻ പാലക്കാഴി
2024 നവംബർ 30, 1446 ജു. ഊലാ 28

ഇസ്‌ലാമിൻ തൂണുകൾ അഞ്ചാണെന്ന്
ചൊല്ലിപ്പഠിച്ചവരാണു നമ്മൾ.
ഒന്നാമത്തേതു ശഹാദത്താണ്
രണ്ടാമത്തേതു നമസ്‌കാരവും.
അഞ്ച് സമയ നമസ്‌കാരത്തെ
അല്ലാഹു നിർബന്ധമാക്കിയല്ലോ.
സ്വർഗം ലഭിക്കണമെങ്കിൽ നമ്മൾ
കൃത്യമായ് നിസ്‌കാരം നിലനിർത്തേണം.
നന്നായ് ശരീരത്തെ വൃത്തിയാക്കാം
നമ്മുടെ വസ്ത്രവും ശുദ്ധമാക്കാം.
നബിയുല്ല കാണിച്ചുതന്ന പോലെ
നമ്മൾക്ക് വുളു ചെയ്ത് തയ്യാറാകാം.
മുത്ത് നബിയുടെ നിസ്‌കാരത്തിൻ
രൂപം നാം നന്നായ് പഠിച്ചിടേണം.
നിൽപ്പത് റബ്ബിന്റെ മുമ്പിലെന്ന
ചിന്തയാൽ കർമങ്ങൾ ചെയ്തിടേണം.
ഭക്തിയും വിനയവും വേണമുള്ളിൽ,
ഭയവും പ്രതീക്ഷയും കൂടെ വേണം.
ചിത്തത്തിൽ മറ്റുള്ള ചിന്ത വേണ്ടാ,
ചന്തത്തിൽ നിസ്‌കാരം നിർവഹിക്കാം.
നിൽപ്പും റുകൂഉം സുജൂദുമൊക്കെ
കൃത്യമായ് നന്നായി ചെയ്തിടേണം.
അർഥമറിഞ്ഞു നാം പ്രാർഥിക്കണം,
അല്ലാന്റെ കാരുണ്യം തേടിടേണം.

