രത്‌നക്കല്ലുകളെക്കാൾ വിലകൂടിയത്

റാഷിദ ബിൻത് ഉസ്മാൻ

2024 ഏപ്രിൽ 13, 1445 ശവ്വാൽ 04

ഫാത്വിമയും അമലും അമ്മായി വരുന്നത് ദൂരെ നിന്ന് തന്നെ കാണുന്നുണ്ടായിരുന്നു.

“ഉമ്മാ....! സൽമമ്മായി വരുന്നൂ.....’’ അമൽ ഉറക്കെ വിളിച്ചു പറഞ്ഞു. ഫാത്വിമ മുറ്റത്തേക്കിറങ്ങി. അവൾ സന്തോഷത്തോടെ പറഞ്ഞു: “ഹായ് സൽമമ്മായി...!’’

“അസ്സലാമു അലൈക്കും’’ സൽമ സലാം ചൊല്ലി.

“വ അലൈക്കുമുസ്സലാം വറഹ്‌മതുല്ലാഹ്,’’എല്ലാവരും ഒന്നിച്ച് സലാം മടക്കി.

“ഉച്ച മുതൽ നീ വരുന്നതും കാത്ത് നിൽപ്പാണ് രണ്ടുപേരും,’’ ഉമ്മ സൽമയുടെ കൈപിടിച്ചുകൊണ്ട് പറഞ്ഞു.

സൽമ അമ്മായി വന്നാൽ പിന്നെ ഫാത്വിമക്കും അമലിനും പെരുന്നാളാണ്! അത്രയ്ക്കിഷ്ടമാണ് അവർക്ക് സൽമയെ.

കൊച്ചു കൊച്ചു കഥകളും പാട്ടുകളും പഴഞ്ചൊല്ലുകളും ക്വുർആൻ പാരായണവുമായി പിന്നെ വീട്ടിൽ നല്ല രസം തന്നെയാണ്. ഫാത്വിമയുടെയും അമലിന്റെയും ഉപ്പയുടെ ചെറിയ പെങ്ങളാണ് സൽമ. കോളേജിൽ പഠിക്കുന്നു.

“ഇക്കാക്ക എപ്പോൾ വരും ഇത്താത്താ...?’’സൽമ ഡ്രസ്സ് മാറി അടുക്കളയിലേക്ക് വന്നുകൊണ്ട് ചോദിച്ചു.

“ഇന്ന് ഇത്തിരി വൈകും,’’ ഉമ്മ പഞ്ഞു.

“എന്നാ ഇന്ന് കുറേ നേരം കഥപറഞ്ഞിരിക്കാലോ അമ്മായീ...’’ അമലാണത് പറഞ്ഞത്.

“ങാ... അത് തരക്കേടില്ല! ഉപ്പ വരാൻ വൈകുന്നതിലുള്ള ബേജാറല്ല! ഓന് കഥകേൾക്കാനുള്ള തിടുക്കമാ...’’ ഫാത്വിമ ചൊടിച്ചു.

“അത് ശരിയാ...’’ ഉമ്മയും അവളുടെ കൂടെ കൂടി.

“ഓന് അങ്ങനെയൊന്നും ഉദ്ദേശിച്ച് പറഞ്ഞതല്ല. ഉപ്പക്കും ഉമ്മക്കും വേണ്ടി നിത്യേന പ്രാർഥിക്കുന്ന മക്കളാ എന്റേത്. പിന്നെ നല്ല നല്ല കഥകളും ചരിത്രങ്ങളും മറ്റും കഴിയുന്നത്ര കേൾക്കാനും കേൾപ്പിക്കാനും മുതിർന്നവർ ശ്രദ്ധിക്കണം,’’ സൽമ അമ്മായി അവന്റെ പക്ഷം ചേർന്നു.

ഉമ്മ ചായയും കടിയും എടുത്ത് വെച്ചു. എല്ലാവരും ചായ കുടിക്കാൻ റെഡിയായി.

മേശമേലുണ്ടായിരുന്ന സൽമയുടെ ഫോൺ അമലിന്റെ ശ്രദ്ധയിൽ പെട്ടു. അവൻ അത് എടുത്ത് സോഫയിൽ ചെന്നിരുന്നു.

“മോനേ, ഇങ്ങനെ എപ്പോഴും മൊബൈലിൽ കളിക്കുന്നത് ശരിയല്ല. നീ അത് അവിടെ വെച്ച് ചായകുടിക്കാൻ വാ...’’ ഉമ്മ പറഞ്ഞു.

മനമില്ലാ മനസ്സോടെ അമൽ ഫോൺ കിട്ടിയേടത്തുതന്നെ വെച്ച് ചായ കുടിക്കാൻ ചെന്നിരുന്നു.

ഉമ്മയും സൽമയും കുടുംബകാര്യങ്ങളും മറ്റും സംസാരിച്ചിരിക്കെ അബ്ദു വീണ്ടും മൊബൈൽ കയ്യിലെടുത്തു.

“അമ്മായീ...ഓൻ ചായ കുടിച്ച് തീരുംമുമ്പ് ഫോണെടുത്തു...’’ ഫാത്വിമ വിളിച്ചു പറഞ്ഞു.

സൽമയും ഉമ്മയും എഴുന്നേറ്റു.

“വാ.. ഇനി നമുക്ക് കഥ തുടങ്ങാം’’ സൽമ പറഞ്ഞു. അമലിന് ഫോൺ ഒഴിവാക്കാൻ ഇഷ്ടക്കുറവുണ്ടെങ്കിലും അമ്മായി വിളിച്ചപ്പോൾ ഓടിച്ചെന്നു.

സൽമ കഥ പറഞ്ഞു തുടങ്ങി:

“പണ്ട് ഒരു നാട്ടിൽ ഒരു കർഷകൻ ഉണ്ടായിരുന്നു. അദ്ദേഹം അദ്ദേഹത്തിന്റെ വയൽ വിത്തിടുന്നതിന് വേണ്ടി ഉഴുതുമറിക്കുകയായിരുന്നു. അതിനിടയിൽ അദ്ദേഹത്തിന്റെ തൂമ്പ ഉറപ്പുള്ള എന്തിലോ ചെന്നു കൊണ്ടു. കർഷൻ മണ്ണ് ഇളക്കി മാറ്റി അതിനടിയിൽ എന്താണെന്ന് നോക്കി. അത് ഒരു പെട്ടിയായിരുന്നു. അദ്ദേഹം അതെടുത്ത് വളരെയധികം ആകാംക്ഷയോടെ മാറിയിരുന്ന് പൊളിച്ച് നോക്കി. അതിൽ നിറയെ കറുത്ത ചെറിയ ചെറിയ കല്ലുകൾ...

ആരായിരിക്കും ഈ കറുത്ത കുഞ്ഞുകല്ലുകൾ ഇങ്ങനെ പെട്ടിയിലാക്കി കുഴിച്ചിട്ടിരിക്കുന്നത്? കർഷകൻ ആലോചിച്ചു. ഹാ..! ഏതായാലും കുഞ്ഞുകല്ലുകളാണല്ലോ. ഇതുകൊണ്ടൊരു പണിയുണ്ട്.

വിളഞ്ഞ് നിൽക്കുന്ന പാടത്ത് ധാന്യമണികൾ കൊത്തിത്തിന്നാൻ പറവകൾ വരും. അവയെ ഈ കുഞ്ഞുകല്ലുകൾ വാരിയെറിയാം. ഒരേറിനു തന്നെ എല്ലാറ്റിനെയും പറത്താൻ കഴിയും. കർഷകൻ ആത്മഗതം ചെയ്തു.

അയാൾ ആ കല്ലുകളുള്ള പെട്ടി സൂക്ഷിച്ചു വെച്ചു.

ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു. വയൽ നിറയെ ധാന്യങ്ങൾ. മുഴുവൻ വിത്തുകളും മുളച്ച് കതിരായി ധാന്യമണികൾ വിളഞ്ഞു നിൽക്കുന്നു. കർഷകന് സന്തോഷമായി. നാളെ വയലിലേക്ക് വരുമ്പോൾ ആ പെട്ടി കൂടി കൊണ്ടുവരണം. വയലിന്റെ ഒരു ഓരത്തിരുന്ന് പെട്ടിയിലുള്ള കല്ലുകളെടുത്തെറിഞ്ഞാൽ ധാന്യം തിന്നാൻ വരുന്ന പക്ഷികളെല്ലാം പറന്നു പോകും. കർഷകൻ ചിന്തിച്ചു.

അയാൾ അടുത്ത ദിവസം രാവിലെ പെട്ടിയുമായി വയലിലേക്കെത്തി. നനയും കളപറിക്കലും കഴിഞ്ഞ് അദ്ദേഹം വയലിന്റെ വക്കിലിരുന്നു. അന്നേരം തെക്കുഭാഗത്തുനിന്നും ഒരു കൂട്ടം പ്രാവുകൾ വയലിലിറങ്ങി. അയാൾ പെട്ടിയിൽ നിന്നും കല്ലുകൾ വാരിയെറിഞ്ഞു. പക്ഷികളെല്ലാം കൂട്ടമായി പറന്നു പോയി.

അന്ന് അത് പലപ്രാവശ്യം ആവർത്തിച്ചു. പക്ഷികൾ വരുമ്പോഴൊക്കെ അയാൾ കല്ലുകൾ വാരിയെടുത്ത് എറിഞ്ഞു.

അടുത്ത ദിവസം പെട്ടിയിൽ ഏതാനും കല്ലുകൾ മാത്രമാണുണ്ടായിരുന്നത്. അതിനാൽ അയാൾ ഒന്നോ രണ്ടോ കല്ലുകളെടുത്താണ് എറിഞ്ഞിരുന്നത്.

അതിനിടയിൽ ഒരു രത്‌നവ്യപാരി ആ വഴിക്ക് കടന്നുപോയി. കർഷൻ എറിഞ്ഞ കല്ലുകളിൽ ഒന്ന് അയാളുടെ മുന്നിൽ ചെന്ന് വീണു. അയാൾ ആ കല്ലെടുത്ത് നോക്കി. എന്നിട്ട് നേരെ കർഷകന്റെ അടുക്കലേക്ക് ചെന്നു. എന്നിട്ട് ചോദിച്ചു:

“ഈ പെട്ടിയിലുള്ള കല്ലുകൾ എനിക്ക് തരുമോ...?’’

കർഷകൻ പറഞ്ഞു: “ഇല്ല.’’

രത്‌നവ്യാപാരി ആ കല്ലുകൾക്ക് അഞ്ഞൂറു സ്വർണനാണയം തരാമെന്ന് പറഞ്ഞു. കർഷകൻ തരില്ലെന്നറിയിച്ചു. വീണ്ടു രത്‌ന വ്യാപാരി അതിന് അയ്യായിരം സ്വർണനാണയം തരാമെന്ന് പറഞ്ഞു. അപ്പോൾ കർഷകൻ പൊട്ടിച്ചിരിച്ചു. എന്നിട്ട് ചോദിച്ചു: “നിങ്ങൾക്കെന്താ ഭ്രാന്തുണ്ടോ? ഈ കല്ലുകൾക്ക് നിങ്ങൾ ഇത്രയും വിലയിടുന്നതെന്താണ്.’’

അപ്പോൾ രത്‌നവ്യാപാരി ആ കല്ലുകൾ അപൂർവ ഇനം രത്‌നക്കല്ലുകളാണെന്ന് അയാളെ അറിയിച്ചു. ഹോ...! അപ്പോഴാണ് കർഷകന്ന് താൻ ഇന്നലെ മുതൽ ചളിയിലെറിഞ്ഞുകൊണ്ടിരിക്കുന്ന കുഞ്ഞുകല്ലുകളുടെ വില മനസ്സിലായത്. അയാൾ ഉടൻ ആ ചെളിയിൽ നിന്നും കല്ലുകൾ തപ്പിയെടുക്കാൻ തുടങ്ങി. എന്നാൽ ഏതാനും കല്ലുകൾ മാത്രമാണ് അയാൾക്ക് കണ്ടെടുക്കാൻ കഴിഞ്ഞത്. അയാൾ ആർത്തിയോടെ ഇരുന്നും ചേറിൽ കിടന്നുരുണ്ടും കല്ലുകൾ തിരയാൻ തുടങ്ങി. അവിടെയെല്ലാം ധാന്യക്കതിരുകൾ നാശമാവുകയും ചെയ്തു. കിട്ടിയ കല്ലുകളുടെ വില നൽകി രത്‌നവ്യാപാരി പോവുകയും ചെയ്തു. ഇതോടെ കഥ കഴിഞ്ഞു...’’ സൽമ അമ്മായി പറഞ്ഞു നിർത്തി.

“ഹോ... അയാളുടെ കാര്യം കഷ്ടം...! കിട്ടിയതെന്താണെന്നറിയാതെ വാരിവലിച്ച് എറിഞ്ഞു തീർത്തു അല്ലേ അമ്മായീ..?’’ അമൽ ചോദിച്ചു.

“അതെ, അതു പോലെ നിന്റെ കയ്യിലും വളരെയധികം വിലയേറിയതും ഒരിക്കൽ നഷ്ടപ്പെട്ടാൽ തിരിച്ചെടുക്കാൻ കഴിയാത്തതുമായ ഒരു കാര്യമുണ്ട്. നീയും ആ കർഷകനെ പോലെ അത് ഒരിക്കലും തിരിച്ചികിട്ടാൻ കഴിയാത്ത രൂപത്തിൽ വലിച്ചെറിഞ്ഞുകൊണ്ടിരിക്കുന്ന,’’ സൽമ പറഞ്ഞു.

“അതെന്താണ് അമ്മായീ...?’’ അമലും ഫാത്വിമയും വളരെ ആകാംക്ഷയോടെ ചോദിച്ചു.

“സമയം...! രത്‌നക്കല്ലുകളെക്കാൾ വിലയുള്ള സമയം. അതാണ് നീ ഒരു മൊബൈലിൽ ഗെയിം കളിച്ചും മറ്റുമൊക്കെയായി കളഞ്ഞു തീർക്കുന്നത്. അതിനാൽ സമയത്തെ വളരെ കൃത്യമായി സൂക്ഷിച്ച് ഉപയോഗിക്കണം. അത് പാഴാക്കരുത്.’’

“പരലോകത്ത് അത് ചോദ്യം ചെയ്യപ്പെടുമോ അമ്മായീ...?’’ ഫാത്വിമ ചോദിച്ചു.

“അതെ, സമയം അഥവാ ആയുസ്സ്, ആരോഗ്യം, സമ്പത്ത്, അറിവ് എന്നിവയെക്കുറിച്ചെല്ലാം ചോദിക്കപ്പെടും. അതിന് ഉത്തരം പറയാതെ പരലോകത്ത് കാലടികൾ മുന്നോട്ട് വെക്കാൻ കഴിയില്ല നമുക്കാർക്കും... ബാങ്കു വിളിക്കാൻ സമയമായി...’’

അപ്പോഴേക്കും മഗ്‌രിബ് നമസ്‌കാരത്തിന് സമയമായെന്നറിയിച്ച് ബാങ്കുവിളിയുയർന്നു. എല്ലാവരും വുദൂഅ് ചെയ്യാനായി പിരിഞ്ഞു.