കണ്ണീരുപ്പിട്ട കഞ്ഞി
അംന വലീദ്
(ക്ലാസ്: 8,അൽഹിക്മ മദ്‌റസ പാലക്കാഴി)
2024 ഒക്ടോബർ 12, 1446 റ. ആഖിർ 09

അടുക്കളയിൽ ഭാര്യയുടെ പിറുപിറുക്കലിന് ഒരു ശമനവുമുള്ളതായി തോന്നുന്നില്ല. പതുക്കെ അയാൾ അടുക്കളയിലേക്ക് ചെന്നു.
‘ഈയൊരു അസത്ത് എന്നെങ്ങാനും പോയിത്തരാൻ വല്ല ഉദ്ദേശണ്ടോ ആവോ. ഓരോരോ മെനക്കേട്.’
അടുക്കളയുടെ ഒരറ്റത്ത് നിലത്തിരിക്കുകയായിരുന്ന ഉമ്മാന്റെ മുഖം ഏറെ വിളറിയിരുന്നു. ഉമ്മയുടെ കണ്ണീർ ചാലിട്ട മുഖം അയാൾ ഉള്ളം കയ്യാൽ തുടച്ചു. പതിയെ കൈ കൊടുത്ത് ഉമ്മാനെ എഴുന്നേൽപിക്കും നേരം പോലും ഉമ്മയുടെ വാക്കുകളിൽ വാത്സല്യം: ‘അവളോടിനി ഇതേ ചൊല്ലി തല്ലുണ്ടാക്കണ്ട.’
ഉമ്മയെ അയാൾ ഉമ്മറത്തിണ്ണയിൽ കൊണ്ടുപോയി ഇരുത്തി. അയാൾ ഭാര്യയുടെ ദേഷ്യത്താൽ ചുവന്ന മുഖത്തേക്ക് നോക്കി.
‘ഒന്നല്ലേല് ഞാന്, അല്ലെങ്കി ആ തള്ള. ഒരാള് മതി ഞ്ഞി ഈ പെരേല്.’
അയാൾ ഒന്നും മിണ്ടിയില്ല, എങ്ങനെ മിണ്ടാൻ! അവളുടെ പേരിൽ എഴുതിക്കൊടുത്ത വീട്ടിലാണല്ലോ താമസം. അവൾ ഇറക്കിവിട്ടാൽ പിന്നെ പെരുവഴി!
താമസിയാതെ അയാൾ ഉമ്മയെ കുറച്ചകലെയുള്ള ഒരു വൃദ്ധസദനത്തിലാക്കി. തിരിച്ചു പോരുമ്പോൾ യാത്ര പറയാൻ പോലും കഴിയാതെ അയാൾ വിതുമ്പി. മകന്റെ നിവൃത്തികേട് തിരിച്ചറിയുന്ന ഉമ്മ കടലിരമ്പമായി വന്ന ദുഃഖവും കണ്ണീരും പിടിച്ചു നിറുത്തി. മകനെ അരികിലേക്കു വിളിച്ച് അവന്റെ ചെവിയിൽ ഉമ്മ പതുക്കെ പറഞ്ഞു: ‘ഉമ്മ മരിച്ചെന്നറിഞ്ഞാൽ നീ വരാതിരിക്കരുത്. എല്ലാ കാര്യത്തിലും നീ മുന്നിലുണ്ടാകണം. അതു മാത്രമാണ് ഈ ഉമ്മാക്ക് ഇനിയുള്ള ഒരേയൊരാഗ്രഹം.’
അതു കേട്ട് അയാളുടെ ഉള്ളം പൊള്ളി. പുറത്ത് കോരിച്ചൊരിയുന്ന മഴയാണെങ്കിലും അയാൾ നന്നായി വിയർക്കുന്നുണ്ടായിരുന്നു.
വീട്ടിൽ തിരിച്ചെത്തിയ ശേഷം അയാൾ വല്ലാതെ ദുഃഖിതനായിരുന്നു. ഭാര്യയാകട്ടെ വല്ലാത്ത സന്തോഷത്തിലും.
ഏതാനും ദിവസമായി നിലക്കാത്ത മഴയാണ്. പല സ്ഥലങ്ങളിലും വെള്ളം കേറി. വീടുകൾ വെള്ളത്തിലായി. ഉമ്മയെ കൊണ്ടാക്കിയ വൃദ്ധസദനം ഒരു മലയടിവാരത്തിലാണ്. അവിടെ പ്രയാസമൊന്നുമുണ്ടാകരുതേ എന്നായിരുന്നു അയാളുടെ പ്രാർഥന. എന്നാൽ അപ്രതീക്ഷിതമായത് നടന്നു. ശക്തമായ ഉരുൾപൊട്ടലിൽ ആ സ്ഥാപനവും അതിലുള്ള ആളുകളും ചുറ്റുമുള്ള അനേകം വീടുകളും മണ്ണിനടിയിലായി. ആ വാർത്ത അയാളെ ആകെ തളർത്തി. അയാൾ ഉടനെ അങ്ങോട്ടു കുതിച്ചു.
പ്രതീക്ഷയോടെ അയാൾ ഉമ്മയെ തിരഞ്ഞ് ദുരിതാശ്വാസക്യാമ്പുകൾ കയറിയിറങ്ങിയി. ഏതോ ഒരു ക്യാമ്പിൽനിന്ന് വിശന്നുവലഞ്ഞ അയാൾക്ക് അൽപം കഞ്ഞി കിട്ടി. സങ്കടക്കണ്ണീരിനിടയിൽ കണ്ണീരുപ്പു കലർന്ന ആ കഞ്ഞി കുടിച്ചുതീർക്കാൻ അയാൾക്ക് കഴിഞ്ഞില്ല.
ഒടുവിൽ ഒരു ആശുപത്രിയിലെ മോർച്ചറിയിലെ അനേകം മൃതദേഹങ്ങൾക്കിടയിൽ ഉമ്മയെ അയാൾ കണ്ടെത്തി. അന്നേരം ഉമ്മ അവസാനമായി പറഞ്ഞ ആവശ്യങ്ങൾ അയാളുടെ മനസ്സിൽ ഓടിയെത്തി. മരിച്ചുകിടക്കുന്ന ഉമ്മയുടെ മുഖത്തേക്ക് തന്റെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണീർകണങ്ങൾ പതിക്കുന്നത് അയാൾ അറിഞ്ഞു.
മോർച്ചറിയിൽ വേറെയും മൃതദേഹങ്ങളുള്ളതും ആളുകൾ അവയെ തിരിച്ചറിയാനായി വന്നു നോക്കുന്നതും തിരിച്ചറിയുമ്പോളുള്ള ആർത്തനാദങ്ങളും അയാളുടെ ശ്രദ്ധയിൽ അപ്പോഴാണ് പെട്ടത്. പാപിയായ ഈ മകനോട് പൊറുക്കണം ഉമ്മാ...! അയാൾ പതുക്കെ പുറത്തേക്കിറങ്ങി...

