അല്ലാഹുവിന്റെ കാരുണ്യത്തിന്റെ വിശാലത
അർഷദ് അൽഹികമി, താനൂർ
2024 ജനുവരി 13, 1445 റജബ് 01

സ്‌നേഹം നിറഞ്ഞ കൂട്ടുകാരേ,
മുഹമ്മദ് നബി(സ്വ)യുടെ കാലത്ത് മുസ്‌ലിംകൾക്ക് ശത്രുക്കളുമായി ചില സന്ദർഭങ്ങളിൽ യുദ്ധം ചെയ്യേണ്ടിവന്നിട്ടുണ്ട്. അല്ലാഹുവിലേക്ക് ക്ഷണിക്കുന്നു എന്ന ഒരേയൊരു കാരണത്താലാണ് സ്വന്തം നാട്ടുകാർ നബി(സ്വ)യെയും അദ്ദേഹത്തിൽ വിശ്വസിച്ചവരെയും ശത്രുക്കളായി കണ്ടതും പലവിധത്തിൽ ഉപദ്രവിച്ചതും.
ഒരിക്കൽ യുദ്ധഭൂമിയിൽ മുസ്‌ലിംകൾ വേദനിപ്പിക്കുന്ന ഒരു രംഗം കണ്ടു. ഒരു ഉമ്മ കരഞ്ഞുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും ഓടുന്നു. അവർ കുഞ്ഞേ എന്ന് ഉറക്കെ വിളിക്കുന്നുണ്ട്. അവർക്ക് അവരുടെ കുട്ടിയെ യുദ്ധക്കളത്തിൽ നഷ്ടപ്പെട്ടിരിക്കുന്നു. ആ കുഞ്ഞിനെ തിരഞ്ഞുകൊണ്ടാണ് അവർ കരയുന്നതും ഓടുന്നതും. എവിടെയെങ്കിലും തന്റെ കുഞ്ഞുണ്ടോ എന്ന് നോക്കിയാണ് ചില ശാരീരിക പ്രയാസങ്ങളുണ്ടങ്കിലും അതിനെ വകവെക്കാതെ അവർ ഓടുന്നത്. ശരീരം തളർന്നിട്ടും തളരാത്ത മനസ്സുമായി അവർ ഓട്ടം തുടരുന്നു. ‘എന്റെ കുഞ്ഞ്’ എന്ന ചിന്ത മാത്രമാണ് അവർക്കപ്പോൾ ഉള്ളത്. അത് കാണുന്ന ആർക്കും വിഷമം തോന്നും.
കുറച്ചു സമയം കഴിഞ്ഞപ്പോൾ അവർക്ക് അവരുടെ കുഞ്ഞിനെ കിട്ടി. അന്നേരം അവർക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തത്ര വലുതായിരുന്നു. ആ ഉമ്മ തന്റെ കുഞ്ഞിനെ തുരുതുരാ ചുംബിച്ചു. അവനെ വാരിയെടുത്തു മാറോടുചേർത്തു.
ഈ കാഴ്ച കണ്ട നബി(സ്വ) സ്വഹാബിമാരോടു ചോദിച്ചു: “ആ ഉമ്മ തന്റെ കുഞ്ഞിനെ തീയിലേക്ക് വലിച്ചെറിയും എന്ന് നിങ്ങൾ കരുതുന്നുണ്ടോ?’’
സ്വഹാബിമാർ പറഞ്ഞു: “ഇല്ല പ്രവാചകരേ, ആ ഉമ്മ തന്റെ കുഞ്ഞിനെ ഒരിക്കലും തീയിലേക്ക് വലിച്ചെറിയില്ല.’’
അപ്പോൾ നബി(സ്വ) അവരെ പ്രധാനപ്പെട്ട ഒരു കാര്യം പഠിപ്പിച്ചു: “നിങ്ങൾ അറിയുക; ആ ഉമ്മാക്ക് തന്റെ കുഞ്ഞിനോടുള്ള കാരുണ്യത്തെക്കാൾ അല്ലാഹുവിന് തന്റെ അടിമകളോടുണ്ട്.’’
കൂട്ടുകാരേ, അല്ലാഹുവിന് നമ്മോടുള്ള കാരുണ്യം എത്രത്തോളം വിശാലമാണ് എന്ന് ഈ നബിവചനം നമ്മെ അറിയിക്കുന്നു. അങ്ങനെയുള്ള അല്ലാഹുവിന്റെ കാരുണ്യത്തിൽ നാം നിരാശപ്പെടാൻ പാടില്ല. അവന്റെ കൽപനകൾ അനുസരിച്ച്, അവനെ മാത്രം ആരാധിച്ച് ജീവിച്ചാൽ അവന്റെ അളവറ്റ കാരുണ്യം നമുക്ക് ലഭിക്കുമെന്നതിൽ സംശയമില്ല.

