സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

ആഷിൽ

2023 ഡിസംബർ 30 , 1445 ജു.ഉഖ്റാ 17

റോഡിന്മേലെത്തിയാൽ കൂട്ടുകാരേ,
ടാറിട്ട ഭാഗമൊഴിച്ചിടേണേ!
റോഡ് മുറിച്ചു കടക്കുന്നേരം
രണ്ടറ്റോം നന്നായി കണ്ണെത്തേണേ!
റോഡിൽ നടക്കുമ്പോൾ കൂട്ടുകാരേ,
റോഡിൻ വലതറ്റം ചേർന്നുപോണേ!
റോഡിൻ വലതറ്റം ചേർന്നുപോയാൽ
ജീവൻ സുരക്ഷ നമുക്ക് കിട്ടും!
ബസ്സിൽ കയറിയാൽ കൂട്ടുകാരേ,
കൈയും തലയും പുറത്തിടല്ലെ;
കൈയും തലയും പുറത്തിട്ടാലോ,
കൈയറ്റുപോകും തലയും പോകും!
നീന്താനറിയില്ലേൽ കൂട്ടുകാരേ,
നീരാറ്റിലൊന്നുമിറങ്ങീടല്ലെ;
നീന്താനറിയാതെ വീണെങ്കിലോ
വെള്ളത്തിൽ മുങ്ങി മരിച്ചുപോകും!
തീയോടടുക്കുമ്പോൾ കൂട്ടുകാരേ,
കുഞ്ഞുടുപ്പും മെയ്യും സൂക്ഷിക്കേണേ!
തീപൊള്ളലേൽക്കാനിടവന്നാലോ,
പൂമേനി കത്തിക്കരിഞ്ഞു പോകും!
പട്ടി കടിച്ചാലെൻ കൂട്ടുകാരേ,
വീട്ടിൽ പറയാൻ മടിച്ചിടല്ലെ;
വീട്ടിൽ പറയാൻ മടിച്ചെന്നാലോ
‘പേ’ വന്നൊടുക്കം മരിച്ചുപോകും!