അവധിക്കാലവും വിരുന്നുയാത്രയും

ഉസ്മാൻ പാലക്കാഴി

2023 മെയ് 27 , 1444 ദുൽഖഅ്ദ 07

ഉപ്പ വീട്ടിൽനിന്നും പുറത്തുപോകാനൊരുങ്ങിയ നേരം നജ്‌വമോൾ അടുത്തേക്ക് ഓടിച്ചെന്നുകൊണ്ട് ചോദിച്ചു: “ഉപ്പാ ഞാനും കൂടെ വരട്ടേ?’’

പുഞ്ചിരിച്ചുകൊണ്ട് ഉപ്പ പറഞ്ഞു: “പോന്നോളൂ. ഞാൻ അങ്ങാടിയിലേക്കാ.’’

അതു കേട്ടപ്പോൾ അകത്തുനിന്നും ഒാടിവന്നുകൊണ്ട് ഫൈസൽ പറഞ്ഞു: “ഉപ്പാ ഇത് അവധിക്കാലമല്ലേ. നമുക്ക് എങ്ങോട്ടെങ്കിലും ടൂർ പോയാലോ?’’

“ഏതായാലും സ്‌കൂളും മദ്‌റസയും അവധിയാണ്. നമുക്ക് വിരുന്നു പോകാം’’ ഉമ്മയും ഇടപെട്ടു.

“എങ്കിൽ മക്കളേ, നമുക്കിന്ന് നിങ്ങളുടെ അമ്മാവന്റെ വീട് സന്ദർശിക്കാം’’ ഉപ്പ അഭിപ്രായപ്പെട്ടു.

“നമുക്ക് ടൂർ പോകാം ഉപ്പാ. ഊട്ടിയിൽ പുഷ്പമേള നടക്കുകയാണെന്ന് എന്റെ കൂട്ടുകാരൻ ഫയാസ് പറഞ്ഞു. നല്ല രസമാണത്രെ കാണാൻ’’ ഫൈസൽ തന്റെ ആഗ്രഹം വീണ്ടും പ്രകടിപ്പിച്ചു.

“മക്കളേ, അതിനൊക്കെ കുറെ കാശ് ചെലവാണ്. കാശിന് വലിയ ചെലവില്ലാത്തതും അല്ലാഹുവിൽനിന്ന് പ്രതിഫലം കിട്ടുന്നതുമായ കാര്യമാണ് ഞാൻ നിങ്ങളോട് പറഞ്ഞത്. സ്‌കൂളിൽനിന്ന് നിങ്ങൾ ടൂർ പോകാുണ്ടല്ലോ’’ ഉപ്പ പറഞ്ഞു.

“ഉപ്പാ, ഇടയ്ക്കിടെ നിങ്ങൾ കുടുംബങ്ങളിലേക്ക് പോകുന്നുണ്ടല്ലോ. എന്തിനാ എപ്പഴും ഇങ്ങനെ പോകുന്നത്?’’ നജ്‌വമോൾ തന്റെ സംശയം പ്രകടിപ്പിച്ചു.

ചിരിച്ചുകൊണ്ട് ഉപ്പ പറഞ്ഞു: “അതിനെന്താ? കുടുംബസന്ദർശനം അല്ലാഹുവിന്റെ മതം കൽപിക്കുന്ന കാര്യമാണെന്ന് മോൾക്കറിയില്ലേ?’’

“അടുത്ത കുടുംബക്കാരെ സന്ദർശിക്കാൻ കൽപിച്ചിട്ടുണ്ടെന്നോ?’’

“അതെ മോളേ, കുടുംബ ബന്ധം ചേർക്കാൻ നമ്മോട് കൽപനയുണ്ട്. പതിവായി സന്ദർശിക്കണം. അങ്ങനെ അവർക്കും നമുക്കുമിടയിലുള്ള ബന്ധം മുറിയാതെ നോക്കണം’’ ഉപ്പ വിശദീകരിച്ചു.

“എങ്കിൽ ഇനി ഉപ്പ പോകുമ്പോഴൊക്കെ ഞാനും കൂടെ വരും’’ നജ്‌വ പറഞ്ഞു.

“ഞാനും വരും’’ ഫൈസൽ വിട്ടുകൊടുത്തില്ല.

അങ്ങനെ അവർ അമ്മാവന്റെ വീട്ടിലേക്ക് പുറപ്പെട്ടു. അമ്മാവനും കുടുംബവും അവരെ സന്തോഷത്തോടെ സ്വീകരിച്ചു. ചെന്നയുടൻ രുചികരമായ ജ്യൂസ് അവർക്ക് കുടിക്കാൻ കൊടുത്തു. അമ്മാവന്റെ മകൾ ഒരു പെട്ടി ചോക്കലേറ്റ് നജ്‌വക്ക് നൽകിക്കൊണ്ട് പറഞ്ഞു: “നല്ല രസമുള്ള ചോക്കലേറ്റാ. നിനക്കും ഫൈസലിനും ഞങ്ങളെ കാണാൻ വന്നതിനുള്ള സമ്മാനം.’’

നജ്‌വ അത് ഫൈസലിന്റെ കൈയിൽ കൊടുത്തു. പെട്ടി തുറന്ന് അതിൽനിന്ന് ഒരു ചോക്കലേറ്റ് കഷ്ണം വായിലിട്ടുകൊണ്ട് നജ്‌വ പറഞ്ഞു: “അമ്മായീ, ഞാനിനി ഉപ്പാന്റെ കൂടെ ഇടയ്‌ക്കൊക്കെ ഇവിടെ വരും. കുടുംബബന്ധങ്ങൾ ചേർക്കുന്നതിന്റെ പ്രാധാന്യം ഉപ്പ എനിക്ക് പറഞ്ഞുതന്നിട്ടുണ്ട്.’’

“നല്ല കുട്ടി. എല്ലാ കുടുംബ വീടുകളിലും പോകണം. അടുത്ത കുടുംബങ്ങൾ തമ്മിൽ ബന്ധം ചേർക്കൽ പരസ്പരമുള്ള സ്‌നേഹം വർധിപ്പിക്കും. ബന്ധം ചേർക്കുന്നവരോട് അല്ലാഹുവും ബന്ധം ചേർക്കും. ബന്ധം മുറിക്കുന്നവരോട് അല്ലാഹുവും ബന്ധം മുറിക്കും’’ അമ്മായി പറഞ്ഞു.

ഉച്ചഭക്ഷണം കഴിഞ്ഞശേഷം മടങ്ങുമ്പോൾ നജ്‌വയും ഫൈസലും വളരെ സന്തോഷത്തിലായിരുന്നു. അവധിക്കാലം അവസാനിക്കുമ്പോഴേക്കും എല്ലാ കുടുംബവീടുകളിലേക്കും കൊണ്ടുപോകാമെന്ന് ഉപ്പ പറഞ്ഞപ്പോൾ അവരുടെ സന്തോഷം വർധിച്ചു.