പൊഴിയുന്ന പുണ്യങ്ങൾ

ഷാസിയ നസ്‌ലി

2023 മാർച്ച് 11, 1444 ശഅ്ബാൻ 18

നീണ്ടകഥ | ഭാഗം 8

(വിവ: ഇബ്നു അലി എടത്തനാട്ടുകര)

ഞാൻ കുട്ടിയാണ്. ഞാൻ ഉടനെ മരിക്കില്ല. ഞാൻ നൂറ് വയസ്സുവരെ ജീവിക്കും. നീയെന്തിനാണെന്നെ ആവശ്യമില്ലാതെ മരണത്തെപ്പറ്റി ഓർമിപ്പിക്കുന്നത്...’’ തൻസാറിന്റെ പരിഭവം നിറഞ്ഞ ചോദ്യം.

“ശരിയാണ് നീ നൂറ് വയസ്സുവരെ ജീവിച്ചേക്കാം. അല്ലെങ്കിൽ ഏതുനിമിഷവും മരിച്ചേക്കാം. എല്ലാവർക്കും മരിക്കേണ്ടതുണ്ട്. നീ നിർബന്ധമായും ഓർക്കേണ്ട പ്രധാനപ്പെട്ട സംഗതിയാണിത്.’’

“പക്ഷേ...’’

“നോക്കൂ തൻസാർ! ഫെലിക്‌സ് ഒരു പൂച്ചക്കുട്ടി മാത്രമായിരുന്നു. അവൻ കുഞ്ഞായിരുന്നു. എന്നിട്ടും അവൻ മരണപ്പെട്ടു. ആർക്കുമറിയില്ല; ഓരോരുത്തരുമെന്നാണ് എവിടെവെച്ചാണ് മരിക്കുകയെന്ന്. ചിലർ ചെറുപ്പത്തിൽ മരിക്കുന്നു. മറ്റു ചിലർ പ്രായമായതിന് ശേഷവും. എല്ലായ്‌പ്പോഴും നല്ല കാര്യങ്ങൾ ചെയ്യണം. നാം ജീവനോടെയിരിക്കുമ്പോൾ സാധ്യമായത്ര പ്രതിഫലങ്ങൾ വാരിക്കൂട്ടണം. ഫഹദ് സാർ അസംബ്ലിയിൽ പറഞ്ഞത് നീ ഓർക്കുന്നില്ലേ...?’’

തൻസാർ ചെറുതായി തലകുലുക്കി. ജമാഅത്തായി നമസ്‌കരിക്കാതെയും ജുമുഅയിൽ പങ്കെടുക്കാതെയും കുറെ പ്രതിഫലം അവന് നഷ്ടപ്പെട്ടുവെന്ന് അവന് അറിയാമായിരുന്നു.

“നമുക്ക് എത്ര കാലമാണ് അല്ലാഹു അനുവദിച്ച് തന്നിട്ടുള്ളതെന്നോ, എന്നാണ് മരണപ്പെടുകയെന്നോ അറിയല്ലല്ലോ. അതുകൊണ്ട് നമുക്ക് കഴിയാവുന്നത്ര നന്മകൾ നാം ചെയ്തുകൂട്ടണം. നന്മകൾ എത്ര കൂടുന്നുവോ അത്രയും പ്രതിഫലവും നമുക്ക് ലഭിക്കും. നാം പതിവായി ചെയ്യുന്നതും നമുക്ക് ഇഷ്ടമുള്ളതുമായ കാര്യങ്ങൾ ഉപേക്ഷിച്ചുകൊണ്ടാണെങ്കിൽ പോലും അല്ലാഹുവിന് ഇഷ്ടമുള്ള കാര്യങ്ങൾ നമ്മൾ ചെയ്യണം. അവന് ഇഷ്ടമില്ലാത്ത പ്രവൃത്തികളിൽനിന്ന് അകന്നു നിൽക്കണം’’ സന്ന വിശദീകരിച്ചു.

“അല്ലാഹു എന്നോട് പൊറുക്കുമോ?’’ തൻസാറിന് സംശയം.

“തീർച്ചയായും! ഏറ്റവും കരുണയുള്ളവൻ അല്ലാഹുവാണ്. പൊറുത്തുതരണമെന്ന് നീ അവനോടപേക്ഷിച്ചാൽ തീർച്ചയായും പൊറുത്തുതരും. പക്ഷേ, നീ യഥാർഥത്തിൽ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ. ഈ ലോകത്തെ കാര്യങ്ങൾ വരുമ്പോൾ അതിൽനിന്നും കൂടുതൽ ഫലം ലഭിക്കുന്ന തരത്തിൽ നീ ചെയ്യണം’’ സന്ന പറഞ്ഞു.

അടുത്ത വെള്ളിയാഴ്ച തൻസാർ സ്‌കൂൾഗേറ്റിൽ സന്നയെ കാത്തിരിക്കുന്നുണ്ടായിരുന്നു.

“താത്താ! നീ വൈകിയല്ലോ...’’ അവൻ വാച്ചിൽ നോക്കി.

“എന്നാലും ഞാൻ എത്തിയില്ലേ?’’ സന്ന.

“നിനക്കറിയാമോ? ഞാൻ ഇപ്പോഴും കുട്ടിയല്ലേയെന്ന് ആലോചിക്കുകയായിരുന്നു.’’

“ആ കഥ വീണ്ടും തുടങ്ങേണ്ട തൻസാർ!’’

“അല്ല താത്താ... ഞാൻ ഇപ്പോഴും കുട്ടിയാണ്. അതുകൊണ്ട് ഇപ്പോൾ തന്നെ കഴിയുന്നത്ര നന്മകൾ ചെയ്യണം. വയസ്സനാവുമ്പോൾ എനിക്കതിനൊന്നും കഴിയാതായാലോ...?’’ തൻസാർ ചെറുചിരിയോടെ മൊഴിഞ്ഞു.

“നാം ജീവിച്ചിരിക്കുമ്പോൾ പ്രതിഫലം നേടാൻ നിരവധി സന്ദർഭങ്ങളും അവസരങ്ങളും നമുക്ക് ലഭിക്കുന്നുവെന്ന് നമ്മൾ എല്ലാവരും ഓർക്കണം. ഒറ്റക്ക് നമസ്‌കരിക്കുന്നതിനെക്കാൾ പ്രതിഫലാർഹമാണ് ജമാഅത്തായ നമസ്‌കാരം. പതിവ് ദുഹ്‌റ് നമസ്‌കാരത്തെക്കാൾ പ്രതിഫലമുണ്ട് ജുമുഅ നമസ്‌കാരത്തിന്. വെറെയും നിരവധി അവസരങ്ങളുണ്ട് നമുക്ക് പ്രതിഫലം കൊയ്യാൻ. ഓരോ നന്മക്കും ഇരട്ടിയിരട്ടിയായി പ്രതിഫലം ലഭിക്കുന്ന അനുഗൃഹീതമായ റമദാൻ മാസം പോലുള്ളവ. ഇത്തരം അവസരങ്ങൾ നാം പരമാവധി വിനിയോഗിക്കണം. അങ്ങനെ അല്ലാഹുവിനെ പരമാവധി പ്രീതിപ്പെടുത്തി സാധ്യമായത്ര പ്രതിഫലം നേടാൻ ശ്രമിക്കണം. ഇന്നുതന്നെ, നാളേക്ക് എന്തിന് കാത്ത് നിൽക്കണം? ഹാരിസിന്റെ വാക്കുകൾ നമ്മൾ എപ്പോഴും ഓർക്കണം: “ഈ നന്മകളെല്ലാം ഒരിക്കൽകൂടി നേടാൻ എനിക്ക് കഴിയണമെന്നില്ല. അതുകൊണ്ട് സന്ദർഭം ലഭിക്കുമ്പോൾ ആ അവസരം വിനിയോഗിക്കുന്നു.’’

അവർ കൈകോർത്തുപിടിച്ച് പള്ളിയിലേക്ക് നടന്നു.

(അവസാനിച്ചു)