ഒരു തട്ടിക്കൊണ്ടു പോകൽ കഥ

ഫാത്തിമ റൈഹാൻ, ശ്രീമൂലനഗരം

2023 ഡിസംബർ 09 , 1445 ജു.ഊലാ 25

വൈകുന്നേരം സ്‌കൂൾ വിട്ട് വീട്ടിലെത്തി ചായകുടിയും നമസ്‌കാരവും കഴിഞ്ഞാൽ കൂട്ടുകാരികളോടൊപ്പം കുറച്ചുസമയം കളിക്കുക എന്നത് ഫാത്തിമക്ക് ഇഷ്ടമുള്ള കാര്യമാണ്. ഒരു ദിവസം ഫാത്തിമയും കൂട്ടുകാരികളും കൂട്ടുകാരിയായ മർയമിന്റെ വീട്ടിൽ കളിക്കുവാൻ ഒരുമിച്ചുകൂടി.

“ഇന്നു നമുക്ക് അറിവ് വർധിക്കാനുള്ള കളിയായാലോ?’’ ഫാത്തിമ പറഞ്ഞു.

“അതെന്തു കളിയാ?’’ മർയം ചോദിച്ചു.

“ക്വിസ്സ് മൽസരമായിരിക്കും’’ സൽമ പറഞ്ഞു.

“അതെ, അതുതന്നെ. അടുത്തയാഴ്ച മദ്‌റസയിൽ ഒരു ക്വിസ്സ് മൽസരം നടത്താൻ തീരുമാനിച്ച വിവരം ഉസ്താദ് പറഞ്ഞിരുന്നല്ലോ. അതിന് ഉപകാരപ്പെടും’’ ഫാത്തിമ പറഞ്ഞു.

“അതു ശരിയാ’’ ഹനീന പറഞ്ഞു.

അങ്ങനെ അവർ കുറെനേരം പരസ്പരം ചോദ്യം ചോദിച്ചും ഉത്തരം പറഞ്ഞും ഇരുന്നു. അവസാന മായി ഫാത്തിമ ചോദിച്ചു: “മത്സ്യത്തിന്റെ വയറ്റിൽ അകപ്പെട്ട പ്രവാചകൻ ആര്?’’

“യൂനുസ് നബി അലൈഹിസ്സലാം’’ സൽമയാണ് ഉത്തരം പറഞ്ഞത്.

“അതെ, യുനുസ് നബി അലൈഹിസ്സലാം തന്നെ’’ ഫാത്തിമ പറഞ്ഞു.

“മത്സ്യം വിഴുങ്ങിയപ്പോൾ യുനുസ് നബി അലൈഹിസ്സലാം ആ മത്സ്യത്തിന്റെ വയറ്റിനകത്തുവെച്ച് രക്ഷിക്കണേ എന്ന് അല്ലാഹുവിനോട് പ്രാർഥിച്ചു. അങ്ങനെ അല്ലാഹു അദ്ദേഹത്തെ രക്ഷപ്പെടുത്തി. എന്ത് ആപത്തിൽ പെട്ടാലും നാം അല്ലാഹുവിനോടാണ് രക്ഷ ചോദിക്കേണ്ടത്, അപ്പോൾ അല്ലാഹു രക്ഷ നൽകും’’ മർയം പറഞ്ഞു. “മഗ്‌രിബ് ബാങ്ക് കൊടുക്കാനായി. ഇനി നമുക്ക് പിരിയാം’’ ഫാത്തിമ പറഞ്ഞു.

അവർ ഓരോരുത്തരും സ്വന്തം വീട്ടിലേക്കു മടങ്ങി. ഫാത്തിമയുടെയും സൽമയുടെയും വീട് അടുത്തടുത്താണ്. അതുകൊണ്ട് അവർ വർത്തമാനവും പറഞ്ഞ് റോഡിനരികിലൂടെ സാവകാശം നടന്നു. വീട്ടിലേക്ക് അധികദൂരമൊന്നുമില്ല.

പെട്ടെന്നാണ് ഒരു കാർ അവരുടെ അടുത്തു വന്നുനിന്നത്. ഡ്രൈവറുടെ അടുത്തിരിക്കുന്നയാൾ ഡോർ തുറന്ന് ഫാത്തിമയെ കാറിലേക്ക് വലിച്ചിട്ടു. കാർ കുതിച്ചു പാഞ്ഞു. സൽമ അന്തംവിട്ടു നിന്നു, പിന്നെ കരഞ്ഞുകൊണ്ട് വീട്ടിലേക്ക് ഓടിപ്പോയി. ഫാത്തിമയുടെ വീട്ടിൽ ചെന്ന് കരച്ചിലോടെ കാര്യം പറഞ്ഞു.

ഫാത്തിമ ഉറക്കെ കരഞ്ഞു. എന്നാൽ ആ മനുഷ്യൻ അവളുടെ വായ പൊത്തിപ്പിടിച്ചു. ‘എന്ത് ആപത്തിൽ പെട്ടാലും നാം അല്ലാഹുവിനോടാണ് രക്ഷ ചോദിക്കേണ്ടത്’ എന്ന് മർയം അൽപം മുമ്പ് പറഞ്ഞത് അവൾ ഓർത്തു. എന്നെ രക്ഷിക്കണേ എന്ന് അവൾ മനസ്സുകൊണ്ട് അല്ലാഹുവിനോട് പ്രാർഥിച്ചു. പെട്ടെന്നാണ് അതു സംഭവിച്ചത്. ഒരു വലിയ ശബ്ദത്തോടെ കാർ നിന്നു. ‘നാശം! ടയർ പഞ്ചറായി എന്നു തോന്നുന്നു’ ഡ്രൈവർ പറഞ്ഞത് ഫാത്തിമ കേട്ടു. കാർ നിന്നപ്പോൾ അവൾക്ക് സമാധാനമായി. തൊട്ടടുത്തുണ്ടായിരുന്ന ചിലയാളുകൾ കാറിന്റെ അടുത്തേക്ക് വരുന്നതു കണ്ട് കാറിലുണ്ടായിരുന്നവർ ഫാത്തിമയെ വിട്ട് ഇറങ്ങിയോടി. ഒന്നുരണ്ടു പേർ അവരെ പിടിക്കാൻ പിന്നാലെ ഓടി.

അപ്പോഴേക്കും അതുവഴി ഫാത്തിമയുടെ ഉപ്പയും അയൽവാസികളും ഫാത്തിമയെ തിരഞ്ഞുവന്നു. റോഡരികിൽ ഫാത്തിമയെയും കുറെ ആളുകളെയും കണ്ട് അവർ വാഹനത്തിൽനിന്ന് ഇറങ്ങി. ഫാത്തിമ ഉപ്പയെ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞുകൊണ്ട് ഓടിച്ചെന്നു. എല്ലാവർക്കും ആശ്വാസമായി. വീട്ടിലെത്തി യപ്പോൾ ഫാത്തിമ ഉമ്മയോടും ഉപ്പയോടും സംഭവിച്ച കാര്യങ്ങളെല്ലാം പറഞ്ഞു. അപ്പോൾ ഉമ്മ പറഞ്ഞു: “നമ്മൾ അല്ലാഹുവിനോട് പ്രാർഥിക്കുകയാണെങ്കിൽ അല്ലാഹു നമ്മെ ബുദ്ധിമുട്ടുകളിൽനിന്നും കാക്കും.’’

(നാലാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിനിയാണ് ഈ കഥ എഴുതിയ ഫാത്തിമ റൈഹാൻ)