അജ്മലും പൂമ്പാറ്റയും

റാഷിദ ബിൻത് ഉസ്മാൻ, എടത്തനാട്ടുകര

2023 ജനുവരി 14, 1444 ജുമാദുൽ ഉഖ്റാ 20

ഒരു ദിവസം, ഒരു കൊക്കൂണിൽ ഒരു ചെറിയ ദ്വാരം പ്രത്യക്ഷപ്പെട്ടു; ആ ചെറിയ ദ്വാരത്തിലൂടെ തന്റെ ശരീരത്തെ പുറത്തുകൊണ്ടുവരാൻ പാടുപെടുകയാണ് കുഞ്ഞു പൂമ്പാറ്റ. അജ്മൽ മോൻ അതുതന്നെ നോക്കിയിരിക്കുകയാണ്.

മുറ്റത്തെ ചെടിയിലാണ് കൊക്കൂൺ തൂങ്ങിക്കിടക്കുന്നത്. അതിനുള്ളിൽവെച്ചാണ് ഭംഗിയുള്ള പൂമ്പാറ്റ വളരുന്നത് എന്നും വളർച്ച പൂർത്തിയായാൽ അത് പുറത്തുവരും എന്നും അവൻ കേട്ടിട്ടുണ്ട്.

അതുകൊണ്ട് അവൻ ദിവസവും ചെന്നുനോക്കാറുണ്ട്; പൂമ്പാറ്റ പുറത്തു വരുന്നുണ്ടോ എന്ന്. ചെറിയ ദ്വാരത്തിലൂടെ പൂമ്പാറ്റ പുറത്തുവരുന്നത് അവൻ കൗതുകത്തോടെ നോക്കിനിന്നു. എന്നാൽ സമയം കുറെ കഴിഞ്ഞിട്ടും അതിന് പുറത്തുവരാൻ കഴിഞ്ഞില്ല.

പാവം! എത്ര നേരമായി പുറത്തുവരാൻ ശ്രമിക്കുന്നു. ചെറിയ ദ്വാരത്തിലൂടെ പുറത്തുവരാൻ അതിന് കഴിയുന്നേയില്ല. ഇനി കഴിയുമെന്ന് തോന്നുന്നില്ല. എന്തു ചെയ്യും? ഒന്നു സഹായിച്ചാലോ? എങ്ങനെ സഹായിക്കും?

ങ്ആ.. ഒരു ഐഡിയ. ഒരു കത്രികയെടുത്ത് കൊക്കൂൺ തുറന്നുകൊടുക്കാം. അങ്ങനെ പാവം പുമ്പാറ്റ പുറത്തുവരട്ടെ. അജ്മൽ മോൻ മനസ്സിൽ പറഞ്ഞു.

അവൻ വീട്ടിനകത്തേക്കു പോയി ഒരു ചെറിയ കത്രികയുമായി മുറ്റത്തെത്തി. പതിയെ, പൂമ്പാറ്റയുടെ മേൽ തട്ടാതെ കത്രികകൊണ്ട് കൊക്കൂൺ തുറന്നു.

എന്നാൽ അജ്മൽ പ്രതീക്ഷിച്ചതുപോലെ പൂമ്പാറ്റ പറന്നുപോയില്ല. അതിന്റെ ചിറകകുകൾ മുഴുവനായും വിടർന്നുനിന്നില്ല. വാടിപ്പോയ ശരീരവും ചുരുങ്ങിയ ചിറകുകളുമായി അത് ഇഴഞ്ഞു നീങ്ങി. അതിന് ഒരിക്കലും പറക്കാൻ കഴിയുമായിരുന്നില്ല.

അജ്മൽ ദയയും സന്മനസ്സും കാണിച്ചതാണ്. പക്ഷേ, കൊക്കൂൺ മുറിച്ചുമാറ്റി പൂമ്പാറ്റയെ തുറന്നുവിടാൻ പാടില്ലായിരുന്നു. ചെറിയ ദ്വാരത്തിലൂടെ ഏറെ നേരം ശ്രമിച്ച് പുറത്തുവരുന്നത് അതിന് ഗുണകരമായിരുന്നു. പുറത്തുകടക്കാൻ നിരന്തരമായി ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ അതിന്റെ ചിറകുകൾക്ക് ബലമേറുകയും പുറത്തുവന്നയുടൻ അതിന് പറക്കാൻ സാധിക്കുകയും ചെയ്യും. അത് ദൈവം കാണിച്ചു കൊടുത്ത ഒരു വഴിയാണ്. പക്ഷേ, സ്വയം പുറത്തുവരാൻ സമയം കൊടുക്കാതെ അജ്മൽ അതിനെ പുറത്തകൊണ്ടുവന്നതിനാൽ അതിന് പറക്കാനുള്ള ശേഷി ഇല്ലാതായി.

കുട്ടികളേ, ചില സമയങ്ങളിൽ നമ്മുടെ ജീവിതത്തിൽ നമുക്ക് വേണ്ടത് പോരാട്ടമാണ്; അധ്വാനമാണ്. തടസ്സങ്ങളൊന്നുമില്ലാതെ ജീവിതത്തിലൂടെ കടന്നുപോകാൻ ദൈവം നമ്മെ അനുവദിച്ചാൽ, അത് നമ്മെ തളർത്തും. നമുക്ക് വേണ്ട ശക്തി ലഭിക്കില്ല.

നിങ്ങൾ ഒഴുക്കുള്ള പുഴകളും തോടുകളും കണ്ടിട്ടില്ലേ? അവയുടെ മധ്യത്തിലും അരികിലുമൊക്കെയായി കല്ലുകളും പാറക്കൂട്ടങ്ങളുമുണ്ടെങ്കിൽ ഒഴുക്കിന് ശക്തികൂടുന്നതും ശബ്ദം വർധിക്കുന്നതും ശ്രദ്ധിച്ചിടുണ്ടോ?

ജീവിതത്തിൽ പ്രയാസങ്ങളും ബുദ്ധിമുട്ടുകളുമുണ്ടാകും. അവ നമ്മെ കൂടുതൽ മനക്കരുത്തുള്ളവരാക്കും. നമുക്ക് ദൈവത്തിലുള്ള വിശ്വാസം വർധിക്കാൻ അവ കാരണമാകും.