നന്മയിൽ മത്സരിക്കാം

അർഷദ് അൽഹികമി, താനൂർ

2023 ഡിസംബർ 30 , 1445 ജു.ഉഖ്റാ 17

സ്‌നേഹം നിറഞ്ഞ കുട്ടികളേ,

ഇസ്‌ലാം നന്മയുടെ മതമാണ്. ഒരു തിന്മയെയും ഇസ്‌ലാം അംഗീകരിക്കുന്നില്ല. അതുകൊണ്ട് നമ്മളെല്ലാം നന്മകൾ ചെയ്യുന്നവരായാണ് ജീവിക്കേണ്ടത്. അതാണ് യഥാർഥ മുസ്‌ലിമിന്റെ അടയാളം. എന്തിനാണ് നാം തെറ്റുകൾ ചെയ്യാതെയും നല്ലതുമാത്രം ചെയ്തും ജീവിക്കുന്നതെന്ന് നിങ്ങൾ ക്കറിയില്ലേ? പരലോകത്ത് സ്വർഗം ലഭിക്കുവാൻ തന്നെ!

മുഹമ്മദ് നബിﷺ എല്ലാ മനുഷ്യർക്കും മാതൃകയായിട്ടാണ് ജീവിച്ചത്. എല്ലാ നന്മകളും ചെയ്യുന്നവരും നന്മകൾ ചെയ്യുന്നതിൽ മത്സരബുദ്ധി കാണിക്കുന്നവരുമായിരുന്നു നബിﷺയുടെ ശിഷ്യന്മാർ. അവരാണ് സ്വഹാബിമാർ എന്ന പേരിൽ അറിയപ്പെടുന്നത്.

സ്വർഗം ലഭിക്കുക എന്നതായിരുന്നു സ്വഹാബിമാരുടെയെല്ലാം ലക്ഷ്യം. അതിനുവേണ്ടി എന്തുപ്രയാസങ്ങളും ബുദ്ധിമുട്ടുകളും സഹിക്കുവാനും അവർ തയ്യാറായിരുന്നു. അതിനുവേണ്ടിയായിരുന്നു അവരുടെ മത്സരവും. നന്മയുടെ മാർഗത്തിലുള്ള മത്സരത്തിൽ എപ്പോഴും മുന്നിലെത്താൻ അവർ പരിശ്രമിച്ചു.

അബൂബക്കർ(റ) ആയിരുന്നു ദാനധർമങ്ങളുടെ കാര്യത്തിൽ എപ്പോഴും ഒന്നാമതെത്തുക. അങ്ങനെയിരിക്കെ തബൂക്ക് യുദ്ധം വന്നെത്തി. മുസ്‌ലിംകൾ സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന സമയമായിരുന്നു അത്. മദീനയലെ കൃഷിയിൽ വന്ന നഷ്ടമാണ് ഏറെ പ്രയാസമുണ്ടാക്കിയത്.

നബിﷺ സ്വഹാബിമാരോട് സാധിക്കുന്ന വിധം ദാനം ചെയ്യാൻ ആവശ്യപ്പെട്ടു. ഇത് അറിഞ്ഞതോടെ ഇത്തവണയെങ്കിലും തനിക്ക് നന്മയിൽ അബൂബക്കറി(റ)നെ മുൻകടക്കണം എന്ന് ഉമർ(റ) ആഗ്രഹിച്ചു. തന്റെ സമ്പത്തുമായി അദ്ദേഹം നബിﷺയുടെ അടുത്തെത്തി. നബിﷺ അദ്ദേഹത്തോട് ചോദിച്ചു:

“താങ്കൾ കുടുംബത്തിന് എന്താണ് ബാക്കിവെച്ചത്?’’

“എന്റെ പകുതി സമ്പാദ്യം കുടുംബത്തിന് മിച്ചം വെച്ചു. പകുതി ഞാൻ ദാനം ചെയ്യാൻ തീരുമാനിച്ചു’’ ഉമർ(റ) പറഞ്ഞു. എന്നിട്ട് തന്റെ സമ്പത്ത് അദ്ദേഹം നബിﷺയെ ഏൽപിച്ചു.

തന്റെ സമ്പാദ്യവുമായി അബൂബക്കറും(റ) നബി ﷺയുടെ അരികിലെത്തി. അദ്ദേഹത്തോടും നബി ﷺ ചോദിച്ചു:

“താങ്കൾ എന്താണ് കുടുംബത്തിനുവേണ്ടി മിച്ചം വെച്ചിരിക്കുന്നത്?’’

അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു:

“എന്റെ വീട്ടിൽ അവർക്കായി ഞാൻ ബാക്കി വെച്ചിരിക്കുന്നത് അല്ലാഹുവിനെയും അല്ലാഹുവിന്റെ റസൂലിനെയുമാണ്.’’

ഇവിടെയും അബൂബക്കർ(റ) ആണ് ഒന്നാമനായത്. കാരണം അല്ലാഹുവിന്റെ പ്രതിഫലം കൊതിച്ച് തന്റെ സമ്പാദ്യം മുഴുവനും അദ്ദേഹം ദാനം ചെയ്തിരുന്നു!

ഇപ്രകാരമായിരുന്നു സ്വഹാബിമാരുടെ ജീവിതം. നന്മ ചെയ്യുവാനുള്ള ഒരവസരവും അവർ പാഴാക്കിയിരുന്നില്ല. കൂട്ടുകാരേ, നമ്മളും ഇങ്ങനെ നന്മകളിൽ മുന്നേറുവാൻ ശീലിക്കണം. ചെറുപ്പംതൊട്ടേ നന്മകൾ ചെയ്തു ശീലിച്ചാലേ വലുതായാലും അത് നിലനിർത്താൻ സാധിക്കുകയുള്ളൂ.