പ്രജകളെ സ്‌നേഹിച്ച ഭരണാധികാരി

അർഷദ് അൽഹികമി, താനൂർ

2023 ഡിസംബർ 23 , 1445 ജു.ഉഖ്റാ 10

ഒരു കച്ചവടസംഘം മദീനയിലെത്തിയ വാർത്ത ഖലീഫ ഉമർ(റ) അറിഞ്ഞു. അവർ മദീനാപള്ളിയുടെ അരികിലാണ് തമ്പടിച്ചിരുന്നത്. രാത്രിയായപ്പോൾ പതിവുപോലെ പ്രജകളുടെ കാര്യങ്ങൾ അന്വേഷിക്കാൻ ഉമർ(റ) പുറത്തിറങ്ങി. അപ്പോഴാണ് ഒരു കൊച്ചുകുഞ്ഞിന്റെ കരച്ചിൽ ഉമർ(റ) കേൾക്കുന്നത്. വിശന്നിട്ടാണ് ആ കുഞ്ഞ് കരയുന്നതെന്ന് അവിടെ ചെന്ന് അന്വേഷിച്ചപ്പോൾ അദ്ദേഹത്തിന് മനസ്സിലായി.

കുഞ്ഞിന് പാലു നൽകാൻ ഖലീഫ ഉമർ(റ) കുഞ്ഞിന്റെ ഉമ്മയോട് ആവശ്യപ്പെട്ടു. കുഞ്ഞിന്റെ വിഷയത്തിൽ നീ അല്ലാഹുവിനെ സൂക്ഷിക്കണം എന്നും അവരെ ഉമർ(റ) ഉണർത്തി. അദ്ദേഹം പുറത്തിറങ്ങി.

എന്നാൽ അധികം വൈകിയില്ല, ആ കുഞ്ഞിന്റെ കരച്ചിൽ വീണ്ടുമുയർന്നു. അതു കേട്ടതും കുഞ്ഞിനെ ഓർത്തുള്ള ദുഃഖവും ഉമ്മയോടുള്ള ദേഷ്യവും ഉമർ(റ)വിന്റെ മനസ്സിൽ നിറഞ്ഞു. കുഞ്ഞിന്റെ ഉമ്മയുടെ അടുത്തെത്തി ഉമർ(റ) അവരെ താക്കീത് ചെയ്തു.

തന്റെ മുന്നിൽ നിൽക്കുന്നത് ഖലീഫയാണെന്ന കാര്യം അറിയാതെ ആ സ്ത്രീ ഇങ്ങനെ പറഞ്ഞു:

“നിങ്ങൾക്കെന്തറിയാം? ഉമറിന്റെ ഭരണത്തിനു കീഴിൽ റേഷൻ (ഭക്ഷ്യവസ്തുക്കൾ) കിട്ടുക മുലകുടി നിർത്തിയ കുട്ടികൾക്കാണ്. അതിനാൽ ഈ കുട്ടിയുടെ ഓഹരി കിട്ടാൻ ഞാൻ അതിന്റെ പാലുകുടി നിർത്തുകയാണ്.’’

ആ സ്ത്രീയുടെ സംസാരം കേട്ടപ്പോൾ ഉമറി(റ)ന്റെ കണ്ണുകൾ നിറഞ്ഞു. വീട്ടിൽ തിരിച്ചെത്തിയ ഉമർ(റ) പൊട്ടിക്കരഞ്ഞു. ഉമറി(റ)ന്റെ ഭരണത്തിൽ ഒരു കുഞ്ഞിന് അവന്റെ അവകാശം തടയപ്പെടുകയോ? ഞാൻ കാരണം ഒരു കുഞ്ഞ് വിശന്നു കരയുകയോ? അങ്ങനെ സംഭവിച്ചുകൂടാ...

സുബ്ഹി നമസ്‌കാരം കഴിഞ്ഞശേഷം ജനങ്ങളോടായി ഉമർ(റ) പ്രഖ്യാപിച്ചു: “ഇനി മുതൽ ആരുംതന്നെ റേഷൻ ലഭിക്കാനായി കുഞ്ഞുങ്ങളുടെ മുലകുടി നിർത്തേണ്ടതില്ല. എല്ലാ കുട്ടികൾക്കും ഇന്നു മുതൽ റേഷൻ നൽകുന്നതായിരിക്കും.’’

കൂട്ടുകാരേ, രണ്ടാം ഖലീഫയായ ഉമറുബ്‌നുൽ ഖത്ത്വാബി(റ)ന്റെ, ജനങ്ങളോടുള്ള സ്‌നേഹമാണ് ഈ സംഭവം മനസ്സിലാക്കിത്തരുന്നത്. ഭരണാധികാരിയായ താൻ ജനങ്ങളോട് നീതി പാലിച്ചില്ലെങ്കിൽ അല്ലാഹു തന്നെ ശിക്ഷിക്കുമല്ലോ എന്ന ഭയംകൊണ്ടാണ് അദ്ദേഹം രാത്രിയിൽ പോലും ജനങ്ങളുടെ സ്ഥിതിഗതികൾ കണ്ടറിയാനായി ചുറ്റിസഞ്ചരിച്ചിരുന്നത്.