പൊഴിയുന്ന പുണ്യങ്ങൾ - 2

ഷാസിയ നസ്‌ലി

2023 ജനുവരി 28, 1444 റജബ് 5

(നീണ്ടകഥ)

(വിവ: ഇബ്നു അലി എടത്തനാട്ടുകര)

പതിവുപോലെ, ഭക്ഷണത്തിന് ശേഷം സന്നയും തൻസാറും ബാപ്പയോടൊട്ടിയിരുന്ന് അന്നത്തെ വിശേഷങ്ങൾ പങ്കുവെച്ചു. സന്നയെ ഒരു വാക്ക് പോലും പറയാൻ അനുവദിക്കാതെ തൻസാർ നിർത്താതെ സംസാരിച്ചുകൊണ്ടിരുന്നു. അവന്റെ വാണിജ്യപഠനത്തെ കുറിച്ച് 101 ചോദ്യങ്ങളെങ്കിലും അവന് പിതാവിനോട് ചോദിക്കാനുണ്ടാകും. അതിന് പുറമെ ഇന്റർനെറ്റ് ഉപയോഗിച്ച് കണ്ടെത്തിയ അവന്റെ പുതിയ കണ്ടെത്തലുകളെ കുറിച്ച് അഭിമാനത്തോടെ വിളമ്പാൻ അവന് നൂറ് നാവായിരുന്നു.

പിറ്റേദിവസം സ്‌കൂളിൽ പോകാൻ നേരംവൈകി. തലേന്ന് ഗൃഹപാഠം ചെയ്യാൻ ഉപയോഗിച്ചിരുന്ന കാൽകുലേറ്റർ കാണാതായത് തിരഞ്ഞാണ് നേരം വൈകിയത്. കട്ടിലിനടിയിൽ തിരഞ്ഞിട്ടും കിട്ടാതായപ്പോൾ തൻസാർ സന്നയോട് അരിശപ്പെട്ടു:

“നീ തന്നെയാണത് കളഞ്ഞത്.’’

“അതെ, നീ എന്നെ മാത്രം കുറ്റം പറഞ്ഞോ. ഇന്നലെ രാത്രി നീ എല്ലാം എടുത്തുവെച്ചതല്ലേ? സമയം എത്രയായി? സ്‌കൂൾ ബസ് പോയിട്ട് നേരം ഏറെയായി. ഇനി നടന്ന് തന്നെ സ്‌കൂളിൽ പോകണം’’- ഉരുളക്കുപ്പേരി പോലെ സന്ന മറുപടി കൊടുത്തു.

“കിട്ടിപ്പോയി’’- കാൽകുലേറ്റർ മുകളിലേക്ക് എറിഞ്ഞ് ചാടിപ്പിടിച്ച് തൻസാർ ആക്രോശിച്ചു. കാൽകുലേറ്റർ അന്നേരമെല്ലാം അവന്റെ സ്‌കൂൾ ബേഗിൽ ഭദ്രമായി ഇരിക്കുകയായിരുന്നു!

“ഒടുക്കം ആരുടെ കൈവശമായിരുന്നു അത്?’’-അവൾ മുനവെച്ച് മറുപടി കൊടുത്ത് മുറിയിൽനിന്നിറങ്ങി സ്‌കൂളിലേക്ക് ഓടി.

തൻസാറും സ്‌കൂളിലേക്ക് പുറപ്പെട്ടു. വഴിയിൽ കൂട്ടുകാരായ ഹാരിസിനെയും വലീദിനെയും ദൂരെ കണ്ടു.

“ഹലോ!’’-അവരുടെ കണ്ണിൽപ്പെടാൻ തൻസാർ കൈവീശി ഉറക്കെ വിളിച്ചു. അവരേതോ കാര്യത്തിൽ കാര്യമായ വാദപ്രതിവാദത്തിലായിരുന്നു.

“അസ്സലാമു അലൈക്കും. എന്തൊരു ഉച്ചത്തിലാണ് നിങ്ങളുടെ സംസാരം’’-തൻസാർ ഇടപ്പെട്ടു.

“തൻസാർ, വ അലൈക്കുമുസ്സലാം. ഇത് കേൾക്കൂ, വലീദ് പറയുന്നു ജമാഅത്ത് നമസ്‌കാരത്തിന് അവൻ നേതൃത്വം നൽകുമെന്ന്. എന്നാൽ കൂടുതൽ സൂറത്തുകൾ എനിക്കല്ലേ അറിയുക! അതുകൊണ്ട് ഞാനല്ലേ ഇമാമായി നിൽക്കേണ്ടത്, എന്താ നിന്റെ അഭിപ്രായം?’’-ഹാരിസിന്റെ ചോദ്യം.

“നമസ്‌കാരത്തിന് സ്ഥിരം ഇമാമാണല്ലോ നേതൃത്വം നൽകുക. ആവശ്യമില്ലാത്ത കാര്യത്തിന് നിങ്ങളെന്തിനാണ് തർക്കിക്കുന്നത്?’’-തൻസാർ സംശയം പ്രകടിപ്പിച്ചു.

“അതെല്ലെടോ, സ്‌കൂളിന്റെ സമയമാറ്റം കാരണം ഇടവേളയിലും ഭക്ഷണ സമയത്തും ദുഹ്ർ, അസ്വ‌്ർ നമസ്‌കാരത്തിന്റെ കാര്യമാണ് പറയുന്നത്’’-വലീദിന്റെ മറുപടി.

“ശരി. ആര് ഇമാമ് നിൽക്കണമെന്ന് നീ പറ’’-വലീദ് പറഞ്ഞു.

“പക്ഷേ, ഫുട്‌ബോളിന്റെ കാര്യമോ? നമ്മുടെ പ്രൊജക്ടുകളുടെ കാര്യമോ?...’’ തൻസാറിന്റെ ചിന്തകൾ ആ വഴിക്കാണ് നീങ്ങിയത്.

“അത് ശരി! പക്ഷേ, നമുക്ക് നമസ്‌കരിക്കേണ്ടേ? അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. മാത്രമല്ല സ്‌കൂൾ കഴിഞ്ഞും ഫുട്‌ബോൾ കളിക്കാമല്ലോ. നമസ്‌കരിക്കാൻ ഒരു ദിവസം മുഴുവനൊന്നും വേണ്ട, ഏതാനും മിനിട്ടുകൾ മതി’’-കൂട്ടുകാരനെ അവൻ ഓർമിപ്പിച്ചു.

“ശരി തന്നെ. പക്ഷേ, ഉച്ചഭക്ഷണ നേരത്ത് എനിക്ക് കമ്പ്യൂട്ടർ റൂമിലേക്ക് പോകാൻ പറ്റുന്നില്ല. അതുകൊണ്ട് സ്‌കൂൾ കഴിഞ്ഞിട്ട് വേണം സമയം കണ്ടെത്താൻ. പിന്നെ ഫുട്‌ബോളിന് തീരെ നേരമില്ല’’- തൻസാർ എതിർത്തു.

നമസ്‌കാരത്തിന് ഇമാം നിൽക്കുന്നതിനെ കുറിച്ച് കുട്ടികൾ സ്‌കൂളിൽ എത്തുന്നതുവരെ തർക്കിച്ചുകൊണ്ടിരുന്നു. എന്നാൽ തൻസാറിന്റെ തല നിറയെ ഫുട്‌ബോളും കമ്പ്യൂട്ടറുമായിരുന്നു.

കാലത്ത് അസംബ്ലിയിൽ പ്രധാന അധ്യാപകൻ ഫഹദ,് ഉച്ചഭക്ഷണത്തിന് ശേഷം രണ്ട് ഇടവേളകൾ ഉണ്ടായിരിക്കുമെന്നും രണ്ട് നമസ്‌കാരത്തിന്റെയും സ്ഥലവും സമയവും പ്രഖ്യാപിച്ചു. ഹാരിസും വലീദും ആര് ഇമാം നിൽക്കുമെന്ന തർക്കത്തിലായിരുന്നു അപ്പോഴും.

“താരിഖ്, നീ പറ ആരാണ് ഇമാമാകുക? ഞാനോ ഹാരിസോ?’’-വലീദ് ചോദിച്ചു.

“എനിക്കറിയില്ല’’- രണ്ട് കൂട്ടുകാരിൽനിന്നൊരാളെ തെരഞ്ഞെടുക്കാനുള്ള കുരുക്കിൽനിന്ന് താരിഖ് സൂത്രത്തിൽ തലയൂരി.

“എന്തുകൊണ്ട് ആദ്യത്തെ ജമാഅത്തിന് ഒരാളും രണ്ടാമത്തേതിന് മറ്റേയാളും നേതൃത്വം നൽകിക്കൂടാ?’’-അവരുടെ സഹപാഠി ലൈല ഇടപെട്ടു.

“ഉഗ്രൻ ഐഡിയ!’’-ഹാരിസ് തുള്ളിച്ചാടി.

“ജമാഅത്ത് നമസ്‌കാരത്തിനാണ് കൂടുതൽ പ്രതിഫലം എന്ന് നിനക്കറിയില്ലേ?’’-സന്ന തൻസാറിനെ ഓർമിപ്പിച്ചു.

“എനിക്കറിയാം; ഞാൻ നമസ്‌കരിക്കുകയും ചെയ്യും. നമസ്‌കാരം നഷ്ടപ്പെടുത്തുന്നത് പോലെയല്ലല്ലോ അത്’’-ദേഷ്യത്തിൽ മറുപടി നൽകി തൻസാർ മുറിവിട്ട് പോയി.

താത്ത പറഞ്ഞതാണ് ശരിയെന്ന് അവന് അറിയാമെങ്കിലും അവളുടെ ഉപദേശം അവഗണിച്ച് അവൻ കമ്പ്യൂട്ടറിനെക്കുറിച്ചാണ് ചിന്തിച്ചത്.

(തുടരും)