പൊൻമകനേ...!

ഹുസ്‌ന മലോറം

2023 ആഗസ്റ്റ് 12 , 1445 മുഹറം 25

എൻ പൊൻമകനേ, നീ
നന്നായ് വളരണം
നന്മതൻ മാനത്ത് മിന്നിത്തിളങ്ങണം.
കള്ളം പറയാതെ, ഉള്ളം വെളുപ്പിച്ച്
സൽവാക്ക് നിന്നുടെ ചുണ്ടിൽ വിരിയണം.
തിന്മയിരുട്ടാണ് പൊന്മകനേ, നിന്റെ
കാലുകൾ നന്മതൻ ഭൂവിൽ ചവിട്ടണം.
നിന്നെ ഞാൻ കാണുമ്പോൾ
എൻ കൺകുളിർക്കണം.
നല്ല നാളേക്ക് നീ ത്യാഗങ്ങൾ ചെയ്യണം
ഏകനാം ദൈവത്തെ മാത്രം വണങ്ങണം.
ഏറുന്ന നോവുകളവനോടു പറയണം.
ഇഹപര വിജയത്തിനായ് നീ ശ്രമിക്കണം
എല്ലാ ദുരിതത്തിലും നീ ക്ഷമിക്കണം.
ഉപകാരമേകാൻ നീ തൽപരനാകണം.
ഉടയോന്റെ സ്വർഗവും നിൻ ലക്ഷ്യമാകണം.
പ്രാർഥനയെന്നും മുറുകെ പിടിക്കണം
പാരിതിൽ നല്ലൊരു മർത്യനായ് മാറണം.
ലോകർക്ക് മാതൃകയായ് നീ വളരണം
ലോല മനസ്‌കനായ് നീ വളർന്നീടണം
അഹങ്കാമൊട്ടുമെ കാട്ടാതിരിക്കണം
അലങ്കാരം വിനയമെന്നോർമയിൽ വെക്കണം.
കരുണ നീ കാട്ടിടൂ ഭൂമിയിലുള്ളോർക്ക്
കാരുണ്യവാന്റെ കരുണ നീ നേടിടും.
ഉപകാരമേകുന്നറിവു നീ നേടിടൂ
ഉടയോനെ നന്നായ് അറിയാൻ ശ്രമിച്ചിടൂ.
എൻ പൊൻ മകനേ, നീ നന്നായ് വളർന്നിടൂ.
നേരിന്റെ കാവലായ് എന്നും തെളിഞ്ഞിടൂ...