പൊഴിയുന്ന പുണ്യങ്ങൾ 5

ഷാസിയ നസ്‌ലി

2023 ഫെബ്രുവരി 18, 1444 റജബ് 27

(വിവ: ഇബ്നു അലി എടത്തനാട്ടുകര)

ഉച്ചഭക്ഷണത്തിന് ശേഷം സന്ന തൻസാറിന്റെ സ്‌കൂളിലേക്ക് ധൃതിയിൽ തിരിച്ചു. അവളെ അത്ഭുതപ്പെടുത്തിക്കൊണ്ട് പതിവ് സ്ഥലത്ത് തൻസാറിനെ കണ്ടില്ല. സന്ന സമയം നോക്കി. ഉച്ചക്ക് ഒരുമണിയാവുന്നു. അവനെ തിരഞ്ഞുകൊണ്ടിരിക്കെ അവൾ ചോദിച്ചുകൊണ്ടിരുന്നു; ‘നീയിതെവിടെയാണ്?’’ എന്നെക്കൂടാതെ അവൻ തനിച്ചുപോകാറില്ലല്ലോ!

തൻസാറിന്റെ കൂട്ടുകാരൻ ഹസൻ ഗ്രൗണ്ടിലൂടെ ഗേറ്റിനടുത്തേക്ക് പോകുന്നത് കണ്ടപ്പോൾ അവൾ വിളിച്ചു ചോദിച്ചു. “ഹസൻ! തൻസാറെവിടെ?’’

“അവൻ കമ്പ്യൂട്ടർ റൂമിലേക്ക് പോയി. ഞങ്ങൾക്കൊരു പുതിയ കമ്പ്യൂട്ടർ എത്തിയിട്ടുണ്ട്.’’’

സന്ന ആകെ ആശയക്കുഴപ്പത്തിലായി. ഇനി എന്ത് ചെയ്യും? അവൾ ഇതുവരെ ജുമുഅ നഷ്ടപ്പെടുത്തിയിട്ടില്ല. നേരം വൈകിയതുകൊണ്ട് ഒടുവിൽ തൻസാറിനെ കൂടാതെ പള്ളിയിൽ പോകാനവൾ തീരുമാനിച്ചു.

ജുമുഅക്ക് ശേഷം ലൈബ്രറിയിലേക്ക് കുതിക്കുന്ന തൻസാറിനെ സന്ന കണ്ടുപിടിച്ചു. കൈവീശി അവൾ ആർത്തു വിളിച്ചു:

“തൻസാർ...! അവിടെ നിൽക്ക്. ജുമുഅ നേരത്ത് നീ എവിടെയായിരുന്നു?’’- അവനെ അടുത്തു കിട്ടിയപ്പോൾ കിതച്ചുകൊണ്ടവൾ ചോദിച്ചു.

“അതോ, എനിെക്കന്റെ പ്രൊജക്ട് വർക്കുണ്ടായിരുന്നു. അതെല്ലാം പൂർത്തിയാക്കി. ഞങ്ങൾക്കൊരു പുതുപുത്തൻ കമ്പ്യൂട്ടറുണ്ട്. അടിപൊളി! അതിൽ ചിത്രങ്ങളും മറ്റും...’’- അവൻ സഹോദരിയോട് ആവേശത്തോടെ പറഞ്ഞു.

“പക്ഷേ, നീ ജുമുഅ മാത്രമല്ല നഷ്ടപ്പെടുത്തിയത്. ജുമുഅക്ക് ശേഷമുള്ള പ്രാർഥനയും നഷ്ടപ്പെടുത്തിയില്ലേ? നീ ഈ ചെയ്യുന്നത് ശരിയാണെന്ന് നിനക്ക് തോന്നുണ്ടോ?’’- സന്ന ഗൗരവത്തിൽ ചോദിച്ചു.

“എനിക്ക് കുറെ പഠിക്കാനുണ്ടായിരുന്നു. ഞാൻ ചെറുപ്പമാണ്. എനിക്ക് ഇനിയും കുറെ വർഷങ്ങൾ ജീവിക്കാനുണ്ട്. അങ്ങനെ ഞാൻ കുറെ നന്മകൾ ചെയ്ത് പ്രതിഫലം കരസ്ഥമാക്കും’’- ഇതും പറഞ്ഞ് അവൻ നടന്നു പോയി.

വായനശാലയിലേക്ക് നടന്നുപോകുന്ന അനിയനെ നോക്കി അവൾ മിഴിച്ച് നിന്നു. എന്താണവന് പറ്റിയത്? ഉപ്പയോടും ഉമ്മയോടും പറയണോ? വേണ്ട. അവർ നിരാശരാവും. പിന്നെ എന്താണ് ചെയ്യുക? സന്ന തന്നോടുതന്നെ ചോദിച്ചു.

സന്ന തന്റെ കിടപ്പു മുറിയിലിരുന്ന് അന്നത്തെ സംഭവങ്ങൾ ഡയറിയിൽ കുറിച്ചിടുകയായിരുന്നു. അപ്പോൾ മുൻവശത്തെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. അവൾ കോണിയിറങ്ങി ഓടിച്ചെന്നു. അത് തൻസാറായിരുന്നു. പൂമുഖത്തേക്ക് പ്രവേശിച്ച് സോഫയിലേക്ക് ചാടിക്കയറവെ അവൻ പറഞ്ഞു:

“ഒന്നും പറയരുത്. ഞാൻ വളരെ ക്ഷീണിതനാണ്.’’

“പക്ഷേ, നീയെന്തുകൊണ്ടാണിന്ന്...?’’

“ഫെലിക്‌സെവിടെ?’’-സന്നയെ പറയാൻ സമ്മതിക്കാതെ അവൻ പൂച്ചക്കുഞ്ഞിനെ അനേ്വഷിച്ചു.

“അവൾ ആ കുട്ടയിലുണ്ടാവും’’-സന്നയുടെ മറുപടി.

“ഫെലിക്‌സ്... ഫെലിക്‌സ്...’’ അവൻ അടുക്കളയുടെ നേരെ നടന്ന്‌കൊണ്ട് വിളിച്ചു.

“ഇവിടെയില്ലല്ലോ സന്നാ... ഫെലിക്‌സെവിടെ?’’

“എനിക്കറിയില്ല. ചിലപ്പോൾ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തനായി അവൻ ജുമുഅക്ക് പോയിട്ടുണ്ടാവും’’- അവൾ മുനവെച്ച് മറുപടി കൊടുത്തു.

(തുടരും)