അറിവിന്റെ പ്രാധാന്യം

വി.വി. ബഷീർ വടകര

2023 ജനുവരി 07, 1444 ജുമാദുൽ ഉഖ്റാ 13

കൂട്ടുകാരേ, നിങ്ങളൊക്കെ പഠിക്കുന്നവരാണല്ലോ. എന്തിനാണ് പഠിക്കുന്നത്? അറിവുണ്ടാകാൻ! അറിവുണ്ടായാൽ നേട്ടം പലതാണ്. അധ്യാപകരും ഡോക്ടർമാരും എഞ്ചിനീയർ മാരുമൊക്കെയായി മാറാൻ കഴിയുക പഠിക്കാൻ തയ്യാറുള്ളവർക്കാണ്.

എന്താണ് ഏറ്റവും വലിയ അറിവ് എന്ന് നിങ്ങൾക്കറിമാമോ? നമ്മെ പടച്ച് സംരക്ഷിക്കുന്ന ഏകനായ അല്ലാഹുവിനെക്കുറിച്ചുള്ള അറിവാണ് പരമ പ്രധാനമായ അറിവ്. ക്വുർആനും നബിവചനങ്ങളും അല്ലാഹുവിനെക്കുറിച്ച് പറഞ്ഞുതരുന്ന കാര്യങ്ങൾ നാം മനസ്സിലാക്കണം. ഈ ലോകത്ത് നാം കാണുന്ന എല്ലാ ജീവജാലങ്ങളും സസ്യങ്ങളും മറ്റെല്ലാ വസ്തുക്കളും അല്ലാഹുവിന്റെ സൃഷ്ടികളാണ്. അവയെക്കറുറിച്ച് പഠിക്കുകയും ചിന്തിക്കുകയും ചെയ്താൽ അല്ലാഹുവിന്റെ കഴിവ് നമുക്ക് ബോധ്യമാകും. അപ്പോൾ അവനെ ഭയപ്പെട്ടും അവന്റ മതമനുസരിച്ചും ജീവിക്കുവാൻ സാധിക്കും.

കുട്ടികളായ നാം പഠന കാര്യങ്ങളിൽ നന്നായി ശ്രദ്ധിക്കണം. അല്ലാഹുവിനെക്കുറിച്ചുള്ള ഓർമ എപ്പോഴും നിലനിർത്തണം. ലുക്വ‌്മാനുൽ ഹകീമിനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? പരിശുദ്ധ ക്വുർആനിൽ ഒരു സൂറത്തിന്റെ പേരുതന്നെ ലുക്വ‌്മാൻ എന്നാണ്. അദ്ദേഹം തന്റെ മകനെ ഉപദേശിക്കുന്ന വാക്കുകളിൽ അല്ലാഹുവിനെ കുറിച്ചുള്ള സ്മരണ പ്രത്യേകം എടുത്തുപറയുന്നത് കാണാം.

മൊബൈൽ ഫോൺ ആവശ്യത്തിനു മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കണം. അതിൽ കൂടുതൽ സമയം ചെലവഴിച്ചാൽ നാം മടിയന്മാരായി മാറും.

അത്വാഅ് ബിൻ അബീറബാഹ് (റഹി) 30 വർഷം ഹറമിൽ ഇബ്‌നുഅബ്ബാസി(റ)ൽ നിന്ന് വിജ്ഞാനം കരസ്ഥമാക്കിയ മഹാനാണ്. പഠന സാമർഥ്യവും ശ്രദ്ധയും കുട്ടിയായിരിക്കുമ്പോൾ തന്നെ അത്വാഇന് ഉണ്ടായിരുന്നു. പിൽക്കാലത്ത് മഹാപണ്ഡിതനായി മാറിയ അദ്ദേഹത്തിന്റെയടുത്ത് ഖലീഫ ഹാറൂൺ റഷീദ് പോലും മതവിധി ചോദിച്ച് വരാറുണ്ടായിരുന്നു എന്ന് ചരിത്രത്തിൽ കാണാം.

കൂട്ടുകാർ നിത്യേന ക്വുർആൻ പാരായണം ചെയ്യണം. ഇസ്‌ലാമിക ചരിത്ര പുസ്തകങ്ങൾ വായിക്കണം. ഉപകാരപ്രദമായ അറിവ് സ്വർഗത്തിലേക്ക് അടുപ്പിക്കുന്ന മാർഗമാണ്.


നാം നമ്മെയറിയുക

അസ്ഹർ അബ്ദുറസാഖ്

2023 ജനുവരി 07, 1444 ജുമാദുൽ ഉഖ്റാ 13

കണ്ണാടി തന്നിലൊന്ന് നോക്കിടൂ നീ
കാണാം പടച്ചവന്റനുഗ്രഹങ്ങൾ
കൈയും കാലും, തല, കണ്ണും കാതും
സുന്ദരമായ് ഒക്കെയും പടച്ചതാര്?
നല്ല വാക്ക് പറയുവാൻ നിനക്ക് നാവിതാ
ദൃശ്യലോകം കാണുവാൻ കണ്ണ് രണ്ടിതാ
നടന്നും പിന്നെയോടിച്ചാടി ലക്ഷ്യമെത്തിടാൻ
കരുത്ത് മുറ്റും കാലുകൾ രണ്ടുമൊത്തതാ
കാതുകൾ കൊടുത്തു നല്ല വാർത്ത കേട്ടിടാം
കൈകളാൽ എഴുതിടാം തിന്നിടാം കുടിച്ചിടാം
കൈ കൊടുത്തു ബന്ധമൊക്കെ ശക്തമാക്കിടാം
കരങ്ങൾ കൊണ്ട് മാത്രമെത്ര കാര്യമെണ്ണിടാം
ഭംഗിയോടെ നിന്നെ ഇൗവിധം പടച്ചവൻ
ഏകനായ റബ്ബവനാണെന്നതോർക്കണം